സർക്കാർ ഫണ്ടുകൾ ദുരുപയോഗം ചെയ്ത് ഉദ്യോഗസ്ഥർ; ആനുകൂല്യങ്ങൾ വൈകി ഗുണഭോക്താക്കൾ
text_fieldsകോഴിക്കോട്: ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്ന ഗുണഭോക്തൃവിഹിത ഫണ്ടുകളുടെ പലിശയെടുത്ത് ഉദ്യോഗസ്ഥർ ഓഫിസിന്റെ ദൈനംദിന ചെലവുകൾ നടത്തുന്നത് ഗുണഭോക്താക്കൾക്ക് ആനുകൂല്യം ലഭിക്കുന്നതിന് കാലതാമസം വരുത്തുന്നു. പരിശോധനയില്ലാതെയും ഉപയോഗിക്കാതെയും കിടക്കുന്ന മിക്ക ഗുണഭോക്തൃവിഹിത ഫണ്ടുകളും ഉദ്യോഗസ്ഥർ തിരിമറിക്ക് ഉപയോഗപ്പെടുത്തുന്നതായാണ് സൂചന.
തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപറേഷൻ ഓഫിസുകളിൽ സെക്രട്ടറിമാരുടെ പേരിൽ നിരവധി അക്കൗണ്ടുകളിലായി കിടക്കുന്ന കോടിക്കണക്കിന് രൂപയാണ് ഉപയോഗിക്കാതെയും പരിശോധനയില്ലാതെയും കിടക്കുന്നത്. ഇത്തരം അക്കൗണ്ടുകളിലെ പണം പല ഉദ്യോഗസ്ഥരും ദുരുപയോഗം ചെയ്യുകയും അപഹരിക്കുകയുമാണെന്ന് ആരോപണമുണ്ട്.
ജില്ല കലക്ടറേറ്റിലെ പ്രളയഫണ്ട് ഉദ്യോഗസ്ഥൻ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ ചൂടാറും മുമ്പാണ് കോർപറേഷന്റെ കോടികൾ ബാങ്ക് ഉദ്യോഗസ്ഥൻ തട്ടിയ വാർത്തകൾ പുറത്തുവന്നത്. വിവിധ പദ്ധതികളിൽ ഗുണഭോക്താക്കൾക്ക് കൊടുക്കേണ്ട പണം യഥാസമയം കൈമാറാതെ ബാങ്ക് അക്കൗണ്ടിൽ സൂക്ഷിച്ച് പലിശ വാങ്ങുകയാണ് ഉദ്യോഗസ്ഥർ ചെയ്യുന്നത്.
ഗുണഭോക്താക്കൾക്ക് ചെക്കായി കൊടുക്കേണ്ട പണം പല സാങ്കേതികതകളും പറഞ്ഞു വൈകിക്കുകയാണ്. പണം അക്കൗണ്ടിൽ കിടക്കുന്നതിനാൽ നിക്ഷേപത്തിന് പലിശ കിട്ടും. ഇത് ഓഫിസ് ചെലവുകൾക്കും വാഹനം വാങ്ങാനും പെട്രോൾ, ഡീസൽ എന്നിവ അടിക്കാനുമൊക്കെയായി ചെലവഴിക്കുകയാണ്.
തദ്ദേശ സ്വയംഭരണ വകുപ്പുകളിലും റവന്യൂ വകുപ്പുകളിലും കലക്ടറേറ്റുകളിലും എത്തുന്ന ഫണ്ടുകൾ വിവിധ അക്കൗണ്ടുകളിലായാണ് നിക്ഷേപിക്കുന്നത്. ഇത് ദുരുപയോഗം ചെയ്യുന്നത് ഓഡിറ്റിൽ പുറത്തുവരാൻ സാധ്യത കുറവാണ്. ഓഡിറ്റിങ്ങിൽ പരിശോധിക്കുന്നത് അലോട്ട്മെന്റായി കിട്ടിയ പണം ട്രഷറികളിൽനിന്നും ബിൽ എഴുതി മാറിയിട്ടുണ്ടോ, അത് ഓഫിസ് മേധാവിയുടെ പേരിൽ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ടോ, ലാപ്സായി പോയോ എന്നൊക്കെയാണ്.
ബാങ്ക് അക്കൗണ്ടിലെ പണം ആരൊക്കെ, എങ്ങനെയൊക്കെ, എന്തിനൊക്കെ ചെലവഴിച്ചു എന്ന് ഓഫിസിൽ മാത്രമേ അറിയാൻ കഴിയൂ. ഇത് ക്രമക്കേടുകൾ പുറത്താകുന്നതിനു കാലതാമസം വരുത്തും. തട്ടിപ്പ് തടയാൻ ഒരു ഓഫിസിന്റെ അക്കൗണ്ടുകളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നാണ് ഉദ്യോഗസ്ഥർ തന്നെ ചൂണ്ടിക്കാട്ടുന്നത്.
അക്കൗണ്ടിലുള്ള പണം നിശ്ചിത കാലയളവിനുള്ളിൽ ഉപയോഗിച്ച് തീർക്കണമെന്ന കർശന നിർദേശം നൽകുകയും ബാക്കി പണം സർക്കാറിലേക്കുതന്നെ തിരിച്ചടക്കുന്ന സംവിധാനം ഉണ്ടാകുകയും വേണമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.