കടൽ പുറമ്പോക്ക് ഭൂമി നിയമാനുസൃതം പതിച്ചുകൊടുക്കാൻ കഴിയും -മന്ത്രി
text_fieldsകോഴിക്കോട്: കടൽ പുറമ്പോക്ക് ഭൂമി കണ്ടെത്തി നിയമാനുസൃതം പതിച്ചുകൊടുക്കാൻ ജില്ലയിലും സാധ്യതയുള്ളതായി റവന്യൂ മന്ത്രി കെ. രാജൻ. സംസ്ഥാന സർക്കാറിന്റെ നാലാം നൂറ് ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ജില്ലതല പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കടൽ പുറമ്പോക്ക് ഭൂമിയിൽ എന്തെങ്കിലും ചെയ്യണമെങ്കിൽ കേന്ദ്രാനുമതി വേണം. ഇത്തരം ഭൂമിയിൽ ഉയർന്ന വേലിയേറ്റ പരിധിയിൽനിന്ന് 100 മീറ്ററിനുള്ളിൽ പട്ടയം കൊടുക്കാൻ കഴിയില്ലെന്നാണ് നിയമം. എന്നാൽ, 100 മീറ്റർ പരിധി കഴിഞ്ഞാൽ സാധിക്കും. ഈ വിധത്തിൽ പരിശോധിച്ചപ്പോൾ കടൽ പുറമ്പോക്കായി അടയാളപ്പെടുത്തിയ തിരുവനന്തപുരം ജില്ലയിലെ 528 പട്ടയങ്ങളും കൊല്ലം ജില്ലയിൽ 350 പട്ടയങ്ങളും ഇനം മാറ്റി റവന്യൂ ഭൂമിയായി കണക്കാക്കാമെന്ന് കണ്ടെത്തി. ഈ സാധ്യത ജില്ലയിലുമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഭൂമി തരംമാറ്റ അപേക്ഷകൾ ഏറ്റവും കൂടുതൽ ലഭിച്ചത് കോഴിക്കോട് താലൂക്കിൽനിന്നാണ്. അപേക്ഷകളുടെ എണ്ണം പരിഗണിച്ച് താലൂക്കിലേക്ക് ഒന്നിലേറെ ഡെപ്യൂട്ടി കലക്ടർമാരെ വേണമെന്ന് ജില്ല കലക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം അനുഭാവപൂർവം പരിഗണിക്കും. ചങ്ങരോട് ദേശത്തെ 53.66 ഏക്കർ ജാനകിവയൽ സർക്കാറിലേക്ക് ഏറ്റെടുത്തുകഴിഞ്ഞു. ഇതിൽ പട്ടയം നൽകാനുള്ള നടപടി സ്വീകരിച്ചുവരുന്നു.
ഈങ്ങാപ്പുഴ, ചെറുപ്ലാട് നിവാസികളുടെ പട്ടയപ്രശ്നം പരിഹരിക്കാനായി ചെമ്പനോട വില്ലേജിൽ 2.62 ഹെക്ടർ ഭൂമി പകരം വനംവകുപ്പിന് നൽകുന്നതിനുള്ള പദ്ധതി അവസാന ഘട്ടത്തിലാണ്. മംഗലശ്ശേരി തോട്ടം പ്രദേശത്തെ ജനങ്ങളുടെ പട്ടയപ്രശ്നം പരിഹരിക്കുന്നതിൽ പകരം ഭൂമി വനംവകുപ്പിന് നൽകേണ്ടതില്ലെന്ന് ജില്ല കലക്ടർ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
കടലുണ്ടി ഫിഷ് ലാൻഡിങ് സെന്ററിനായി ഭൂമി കണ്ടെത്തിയ വകയിൽ പകരം 2.06 ഹെക്ടർ ഭൂമി വനം വകുപ്പിന് നൽകുന്നത് പരിഗണനയിലാണ്. ഈ സർക്കാർ നിലവിൽ വന്നശേഷം ജില്ലയിൽ 20,584 പട്ടയങ്ങൾ വിതരണം ചെയ്തതായി മന്ത്രി പറഞ്ഞു.
മേയർ ബീന ഫിലിപ് അധ്യക്ഷതവഹിച്ചു. എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, കെ.പി. കുഞ്ഞമ്മദ് കുട്ടി, പി.ടി.എ. റഹീം, ലിന്റോ ജോസഫ്, കലക്ടർ സ്നേഹിൽ കുമാർ സിങ്, ഡെപ്യൂട്ടി കലക്ടർ (ലാൻഡ് റവന്യു) പി.എൻ. പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.