എളമരം വളവിൽ ഓയിൽ ചോർച്ച പതിവ്; തടയാൻ നടപടിയില്ല
text_fieldsമാവൂർ: കൂളിമാട് റോഡിൽ അജ്ഞാത വാഹനങ്ങളിൽനിന്ന് ഓയിൽ ചോർന്ന് അപകട ഭീഷണിയുണ്ടാകുന്നത് പതിവാകുന്നു. റോഡിൽ ഓയിൽ പരന്ന് വാഹനങ്ങൾ തെന്നുന്നതും അപകടം സംഭവിക്കുന്നതും ആവർത്തിച്ചിട്ടും ഉറവിടം കണ്ടെത്താൻ നടപടിയില്ല. എളമരം കടവിനുസമീപം റോഡിൽ ഓയിൽ പരന്നത് അഗ്നിരക്ഷാസേനയെത്തി പമ്പ്ചെയ്ത് കഴുകുന്നത് രണ്ടാഴ്ചക്കുള്ളിൽ ഇത് നാലാമത്തെ പ്രാവശ്യമാണ്. ഇതിനുമുമ്പ് രണ്ട് പ്രാവശ്യം നാട്ടുകാർ ഈർച്ചപ്പൊടിയും മണ്ണും വിതറി അപകടാവസ്ഥ ഒഴിവാക്കുകയായിരുന്നു.
ഞായറാഴ്ച പുലർച്ചെ അഞ്ചോടെയും ഓയിൽ ചോർച്ച ആവർത്തിച്ചു. ശ്രദ്ധയിൽപെട്ട യാത്രക്കാർ മുക്കം അഗ്നിരക്ഷാനിലയത്തിൽ വിവരം അറിയിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫിസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളാണ് റോഡിലെ തെന്നി വീഴുന്ന അവസ്ഥ ഒഴിവാക്കിയത്. മാവൂർ പൊലീസും സ്ഥലത്തെത്തിയിരുന്നു.
പി.എച്ച്.ഇ.ഡിക്ക് സമീപവും ഓയിൽ ചോർച്ചയുണ്ടായി. ജനുവരി 19ന് എളമരം കടവിനുസമീപം ഓയിൽ പരന്ന് മൂന്ന് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുകയും നാല് പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം സ്വകാര്യബസ് സമീപത്തെ പറമ്പിലേക്ക് തെന്നിമാറിയിരുന്നു.
നിത്യേന സംഭവം ആവർത്തിച്ചിട്ടും ഏത് വാഹനത്തിൽനിന്നാണ് ഓയിൽ ചോരുന്നതെന്ന് കണ്ടെത്താനായിട്ടില്ല. വളവും ഇറക്കവുമുള്ള സ്ഥലത്താണ് ഓയിൽ പരക്കുന്നത്. വാഹനത്തിൽ കൊണ്ടുപോകുന്ന കരിഓയിലാണ് റോഡിൽ തുളുമ്പുന്നതെന്ന് സംശയമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.