കോംട്രസ്റ്റ് ഭൂമി പോലെ തലവേദനയായി പഴയ കേരള സോപ്സ് സ്ഥലവും
text_fieldsകോഴിക്കോട്: കാട് മൂടി കള്ളൻമാരുടെ താവളമായ മാനാഞ്ചിറ കോംട്രസ്റ്റ് നെയ്ത്ത് കമ്പനി വളപ്പെന്നപ്പോലെ നഗര മധ്യത്തിൽ സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി ഗാന്ധിറോഡിലെ പഴയ കേരള സോപ്സ് കമ്പനിയുടെ സ്ഥലവും. നിറയെ കാട് മൂടിയ സ്ഥലം പരിസരവാസികൾക്ക് വീണ്ടും തലവേദനയായി മാറി.
മയക്കുമരുന്നുപയോഗിക്കുന്നവരും സാമൂഹിക വിരുദ്ധരുമെല്ലാം ദിവസവും പറമ്പിൽ കയറിയിറങ്ങുന്നതായി നാട്ടുകാർ പറഞ്ഞു. പുതിയകാലത്തെ ആവശ്യങ്ങൾക്കനുസരിച്ച് കോഴിക്കോട്ട് ആധുനിക കൺവെൻഷൻ സെന്‍റർ സ്ഥാപിക്കാൻ പദ്ധതിയിട്ടിരുന്ന സ്ഥലമാണിത്.
കേരള സോപ്സ് ഗോഡൗണായി ഉപയോഗിച്ചിരുന്ന വ്യവസായ വകുപ്പിന്‍റെ മൂന്നേക്കറിലേറെ സ്ഥലമാണ് ഉപയോഗമില്ലാതെ കിടക്കുന്നത്. സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ കാവലും വൃത്തിയാക്കലുമൊന്നും കാര്യമായി ഇല്ല. നേരത്തേ കാടു പിടിച്ച സ്ഥലം സാമൂഹിക വിരുദ്ധരുടെ താവളമായതോടെ നാട്ടുകാരുടെ പ്രതിഷേധത്തെതുടർന്നാണ് വൃത്തിയാക്കി സെക്യൂരിറ്റി സ്റ്റാഫിനെയും മറ്റും നിയമിച്ചിരുന്നു.
ചുറ്റുമതിലും ഗെയിറ്റുമായെങ്കിലും എല്ലാം ഇപ്പോൾ പഴയപാടിയായതായി പരിസരവാസികൾ പറയുന്നു. കേരള സോപ്സ് ആന്‍റ് ഓയിൽസിന്‍റെ പഴയ കെട്ടിടങ്ങളും മറ്റും പൊളിച്ച് നീക്കിയതിനാൽ തുറസായി കിടക്കുകയാണ് ഭൂമിയിപ്പോൾ. നേരത്തേ കിൻഫ്ര ആഭിമുഖ്യത്തിൽ 170 കോടിയോളം രൂപയുടെ മലബാർ ഇന്‍റർനാഷനൽ കൺവെൻഷൻ സെൻറർ പണിയാൻ പദ്ധതിയുണ്ടായിരുന്നുവെങ്കിലും നടന്നില്ല.
പദ്ധതി തയാറാക്കും മുമ്പ് മണ്ണ് പരിശോധന വരെ അന്ന് നടന്നിരുന്നു. ജെ.സി.ബിയും മറ്റും ഉപയോഗിച്ച് സ്ഥലം നിരപ്പാക്കുകയും ചെയ്തു. എക്സിബിഷൻ സെന്‍റർ, വലിയ ഹാൾ, പാർക്കിങ് തുടങ്ങി 14 നില കെട്ടിടത്തിലുള്ള വിവിധോദ്ദേശ്യ പദ്ധതിയായിരുന്ന ലക്ഷ്യമിട്ടത്. ഇടക്ക് മലിനജലസംസ്കരണ പ്ലാന്‍റിന്‍റെയും ഗെയിലിന്റെയും പൈപ്പ് സംഭരിക്കാനും പെട്രോൾ പമ്പ് തുടങ്ങാനും മറ്റും സ്ഥലം പരിഗണിച്ചിരുന്നുവെങ്കിലും മുന്നോട്ട് പോയില്ല.
കിൻഫ്ര, കെ.എസ്.ഐ, ഇൻകെൽ തുടങ്ങി വിവിധ ഏജൻസികളുടെ മേൽനോട്ടത്തിലുള്ള പദ്ധതികൾക്ക് സ്ഥലം പരിഗണിച്ചെങ്കിലും യാഥാർഥ്യമായില്ല. ഏറ്റവുമൊടവിൽ 2013ൽ കാലിക്കറ്റ് ഫ്ലവർഷോ നടന്നപ്പോൾ മാത്രമാണ് വെറുതെ കിടക്കുന്ന കോടികൾ വിലയുള്ള സ്ഥലം ഉപയോഗിച്ചത്.
വ്യവസായ വകുപ്പിന്‍റെ കൈവശമുള്ള കേരള സോപ്സിന്‍റെ ഭൂമിയിൽ സംയുക്ത സംരംഭമായി കൺവെൻഷൻ സെന്റർ സ്ഥാപിക്കുവാൻ കോർപറേഷൻ ശ്രമം നടത്തിയിരുന്നു. കോർപറേഷൻ മുമ്പത്തെ ബജറ്റിൽ പ്രധാന നിർദേശങ്ങളിലൊന്നാണ് കൺവെൻഷൻ സെന്റർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.