നീണ്ട 14 വർഷങ്ങൾ; നങ്ങാച്ചിക്കുന്ന് കുടിവെള്ള പദ്ധതിക്കായി ഇനിയും കാത്തിരിക്കണം
text_fieldsഓമശ്ശേരി: ഗ്രാമപഞ്ചായത്ത് ഏഴ്, എട്ട് വാർഡുകളിൽ ഉൾപ്പെട്ട അമ്പതോളം കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്നതിന് 14 വർഷം മുമ്പ് ആരംഭിച്ച നങ്ങാച്ചിക്കുന്ന് കുടിവെള്ളപദ്ധതി ഇനിയും പൂർത്തിയായില്ല. നീണ്ട കാത്തിരിപ്പിനും വിവാദത്തിനുമൊടുവിൽ കിണർ, ടാങ്ക്, പമ്പ് ഹൗസ് എന്നിവ പണിത് വൈദ്യുതി കണക്ഷൻ, ജലവിതരണ ലൈൻ, ടാപ്പ് തുടങ്ങിയവ സ്ഥാപിച്ചെങ്കിലും വോൾട്ടേജ് കുറവിനെ തുടർന്ന് പദ്ധതി എങ്ങുമെത്താതെ മുടങ്ങിക്കിടക്കുകയാണ്.
പരാതിക്കും കേസുകെട്ടുകൾക്കുമിടയിൽ എങ്ങനെയെങ്കിലും പദ്ധതി പൂർണമായി പ്രവർത്തിപ്പിക്കുന്നതിന് വാർഡ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഫാത്തിമ അബു സജീവമായി രംഗത്തുണ്ട്. ആറുമാസം മുമ്പ് പദ്ധതിക്ക് വൈദ്യുതി ലഭിച്ചെങ്കിലും ജലവിതരണത്തിനുള്ള പൈപ്പുകളും ടാപ്പുകളും സ്ഥാപിക്കാൻ വൈകിയത് തടസ്സമായി. ഇവ സ്ഥാപിച്ചപ്പോഴേക്കും മതിയായ വോൾട്ടേജ് ഇല്ലെന്ന കാരണത്താൽ പദ്ധതി പ്രവർത്തിപ്പിക്കാൻ കഴിയാതെ വന്നു.
പദ്ധതി നീളുന്നത് കുടിവെള്ളത്തിന് രൂക്ഷമായ പ്രയാസമനുഭവിക്കുന്ന പഴേടത്ത്, നങ്ങാച്ചിക്കുന്ന് നിവാസികൾക്ക് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. പദ്ധതി പ്രവർത്തനവുമായി ബന്ധപ്പെട്ട് ഓംബുഡ്സ്മാൻ, സംസ്ഥാന ഓഡിറ്റ് വിഭാഗം എന്നിവരുടെ രൂക്ഷമായ വിമർശനങ്ങൾ നിലവിലുണ്ട്.
പദ്ധതിക്കായി വാങ്ങിയ മോട്ടോർ പ്രവർത്തിക്കാതെ ഏറെക്കാലം നിന്നതിന് സംസ്ഥാന ഓഡിറ്റ് വിഭാഗം ചെലവഴിച്ച തുക തടസ്സപ്പെടുത്തിയിട്ടുണ്ട്. ഓഡിറ്റ് വിഭാഗം പദ്ധതി പ്രവർത്തനം നേരിട്ടെത്തി വിലയിരുത്തിയിരുന്നു. ഓംബുഡ്സ്മാനാകട്ടെ പദ്ധതി മൂലം പ്രദേശത്ത് ആശാരിക്കൽ വാസു എന്ന വ്യക്തിയുടെ കൃഷിസ്ഥലം ദീർഘകാലം ഉപയോഗ യോഗ്യമല്ലാതെ നിന്നതിന് 25,000 രൂപ നഷ്ടപരിഹാരം വിധിച്ചിട്ടുണ്ട്.
എളുപ്പത്തിൽ നടപ്പാക്കാവുന്ന പദ്ധതിയാണ് ഇത്രയും കാലം വിവിധ ഭരണസമിതികളുടെ അശ്രദ്ധ മൂലം നടക്കാതെ പോയത്. പദ്ധതി ഇനിയും എന്ന് പ്രവർത്തന ക്ഷമമാകുമെന്ന് അനിശ്ചിതത്വമുണ്ട്. നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അടിയന്തര നടപടി കൈക്കൊള്ളുമെന്ന് വാർഡ് അംഗം ഫാത്തിമ ബാബു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.