എടവണ്ണ -കൊയിലാണ്ടി സംസ്ഥാനപാത നവീകരിച്ചതോടെ കുരുതിക്കളമായി
text_fieldsഓമശ്ശേരി: നവീകരണം പൂർത്തിയായതോടെ എടവണ്ണ -കൊയിലാണ്ടി സംസ്ഥാന പാത കുരുതിക്കളമായി. നിരവധി അപകടങ്ങളാണ് പാതയിൽ ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ കുറെ മാസങ്ങളായി തുടർച്ചയായി റോഡിൽ അപകടങ്ങൾ നടക്കുന്നുണ്ട്. ഇന്നലെ കൂടത്തായിൽ വെച്ചുണ്ടായ അപകടത്തിൽ വണ്ടൂർ സ്വദേശിനിയായ 70 കാരി മരണപ്പെട്ടു.
ഏഴുപേർക്ക് പരിക്കേറ്റു. റോഡിൽനിന്നും വാഹനം തെന്നിയതായിരുന്നു അപകട കാരണം. ഇന്നലെ തന്നെ തൊട്ടടുത്ത മങ്ങാട് വെച്ചും സ്കൂട്ടർ അപകടമുണ്ടായി. അപകടത്തിൽ പരിക്കേറ്റ യുവാവിനെ ഓമശ്ശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ആഴ്ചകളിൽ മുക്കത്തിനും താമരശ്ശേരിക്കും ഇടയിൽ ഉണ്ടായ അപകടങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റു.
ഇരുചക്ര വാഹന യാത്രക്കാരാണ് കൂടുതൽ അപകടങ്ങളിൽ പെടുന്നത്. റോഡിലെ വഴുവഴുപ്പും അമിതവേഗവുമാണ് അപകടങ്ങൾക്ക് കാരണമാവുന്നത്. അപകട മുന്നറിയിപ്പ് നൽകുന്ന സൂചനാ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവ ഡ്രൈവർമാർ ശ്രദ്ധിക്കുന്നില്ല. ഓമശ്ശേരി -മുക്കം, ഓമശ്ശേരി -താമരശ്ശേരി റോഡുകളിലാണ് കൂടുതൽ അപകടം നടക്കുന്നത്. റോഡ് പ്രവൃത്തി പൂർത്തിയായതോടെ ഈ വഴിയുള്ള യാത്രക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇതും അപകടത്തിന് കാരണമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.