വെളിമണ്ണ ജി.എം.യു.പി സ്കൂളിനു ബെസ്റ്റ് പി.ടി.എ ജില്ല അവാർഡ്
text_fieldsഓമശ്ശേരി: കഴിഞ്ഞ അധ്യയന വർഷത്തെ ജില്ലയിലെ മികച്ച പ്രൈമറി വിഭാഗം പി.ടി.എക്കുള്ള വിദ്യാഭ്യാസ വകുപ്പി െൻറ ബെസ്റ്റ് അവാർഡ് വെളിമണ്ണ ജി.എം.യു.പി സ്കൂൾ പി.ടി.എക്ക് ലഭിച്ചു. സ്കൂളിൽ നടത്തിയ വികസന പ്രവർത്തനങ്ങളും അക്കാദമിക മികവുകളുമാണ് അവാർഡിനു അർഹമാക്കിയത്. പി.ടി.എ, എം.പി.ടി.എ, എസ്.എം.സി, എസ്.എസ്.ജി, സ്റ്റാഫ് കമ്മിറ്റികളുടെ കൂട്ടായ പ്രവർത്തനങ്ങളിലൂടെയാണ് സ്കൂളിന് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. പ്രീ പ്രൈമറി ഉൾപ്പെടെ അറുനൂറ് വിദ്യാർഥികളാണ് വിദ്യാലയത്തിൽ പഠിക്കുന്നത്.
ജനകീയ പങ്കാളിത്തത്തോടെ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു. വിദ്യാലയത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽ ജനപ്രതിനിധികളും പൂർവവിദ്യാർഥികളും പ്രവാസികളും നാട്ടുകാരും സജീവമായ പങ്കാളിത്തം നടത്തിവരുന്നു. കവാടനിർമാണം, ലൈബ്രറി നവീകരണം, ഹൈടെക് ക്ലാസ് മുറികൾ, ഡിജിറ്റൽ ബോർഡ്, ക്ലാസുകളിൽ ഫാൻ, പ്രഭാതഭക്ഷണ പദ്ധതി, ക്ലാസ് മുറികൾ ടൈൽസ് പാകൽ, മുറ്റം നവീകരണം, വാട്ടർ പ്യൂരിഫിക്കേഷൻ യൂനിറ്റ്, പഠനോപകരണങ്ങൾ, ക്ലാസ് ലൈബ്രറികളുടെ നവീകരണം, ആവശ്യമായ ഫർണിച്ചറുകൾ തുടങ്ങി ഒട്ടേറെ സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.
പൂർവ വിദ്യാർഥികൾ സ്കൂൾ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഭൂമി നൽകിയിരുന്നു. ലീഡ് പ്രീ സ്കൂൾ പദവി ലഭിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് നടന്ന 14 ട്വിന്നിങ് പ്രോഗ്രാമുകളിലൊന്ന് ഈ വിദ്യാലയത്തിലാണ് നടന്നത്. സ്കൂളിൽ നടത്തിയ 'ക്രിസ്റ്റൽ അക്കാദമീയം-2020' അക്കാദമിക പ്രവർത്തനങ്ങൾ ഇതിനോടകം ശ്രദ്ധേയമായിട്ടുണ്ട്. പദ്ധതിക്ക് കീഴിൽ നിരവധി ശിൽപശാലകളും ബോധവൽക്കരണ ക്ലാസുകളും പരിശീലന പരിപാടികളും സംഘടിപ്പിച്ചിരുന്നു. പി.ടി.എ പ്രസിഡൻ്റ് ടി.കെ. അൻവർ സാദത്ത് പ്രഥമാധ്യാപകൻ എൻ. അഹമ്മദ് കുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള ചിട്ടയായ പ്രവർത്തനമാണ് അവാർഡിനു അർഹമാക്കിയത്.
ഗ്രാമപഞ്ചായത്ത് മെംബർ ടി.ടി. മനോജ് കുമാർ, വികസന സമിതി കൺവീനർ യു.പി അബ്ദുൽ ഖാദർ എന്നിവരുടെ പിന്തുണയും, എ.കെ. ഷരീഫ്, സർതാജ് അഹമ്മദ് എന്നിവർ ഭാരവാഹികളായ എസ്.എം.സിയുടെ സഹകരണവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.