കണ്ടെയ്ൻമെൻറ് സോണിൽ കടയടക്കുന്നതിനെ ചൊല്ലി പൊലീസുമായി വാക്കേറ്റം
text_fieldsഓമശ്ശേരി: കണ്ടെയ്ൻമെൻറ് സോണിൽ ഉൾപ്പെട്ടതിനാൽ കടകൾ അടപ്പിക്കാൻ എത്തിയ പൊലീസും വ്യാപാരികളും തമ്മിൽ വാക്കേറ്റം. ജില്ല കലക്ടറുടെ ഉത്തരവു പ്രകാരം ഓമശ്ശേരി ടൗൺ കണ്ടെയ്ൻമെൻറ് സോണിൽ ഉൾപ്പെട്ടതിനാൽ കടകൾ അടക്കണമെന്ന് കൊടുവള്ളി പൊലീസ് സ്ഥലത്തെത്തി വ്യാപാരികളോട് ആവശ്യപ്പെട്ടു. ഇന്നലെ ഉച്ചക്ക് മൂന്നരയോടെയാണ് പൊലീസ് ടൗണിലെത്തി കടകളടപ്പിക്കാൻ ശ്രമം നടത്തിയത്. തെറ്റായ കണക്കു പ്രകാരമാണ് ഓമശ്ശേരി ടൗൺ കണ്ടെയ്ൻമെൻറ് സോണിൽ ഉൾപ്പെട്ടതെന്നു വ്യാപാരികൾ വാദിച്ചു.
അതേസമയം, ജില്ല കലക്ടറുടെ ഉത്തരവ് പ്രകാരം കണ്ടെയ്ൻമെൻറ് സോൺ ആയതിനാലാണ് കടകൾ അടപ്പിക്കുന്നതെന്നു പൊലീസ് പറഞ്ഞു. ഇതോടെയാണ് പൊലീസും വ്യാപാരികളും തമ്മിൽ വാക്ത്തർക്കമുണ്ടായത്. അതേസമയം, പഞ്ചായത്തിൽ ടൗൺ ഉൾെപ്പടെ പല വാർഡുകളിലും പോസിറ്റിവ് കേസുകൾ കുറഞ്ഞതിനാൽ കണ്ടെയ്ൻമെൻറ് സോണിൽനിന്നും ഒഴിവാക്കണമെന്ന് കലക്ടറോട് ആവശ്യപ്പെട്ടെങ്കിലും നടപടിയില്ലെന്നു ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. സൈനുദ്ദീൻ പറഞ്ഞു.നടപ്പാക്കാൻ കഴിയാത്ത നിബന്ധനകൾ വെച്ച് വിവിധ വാർഡുകൾ കണ്ടെയ്ൻമെൻറു സോണിൽ തുടരുകയാണ്.
മൈക്രോ സോണുകളെങ്കിലുമാക്കിയാൽ പ്രശ്നം പരിഹരിക്കാമായിരുന്നു. അതിന് അധികൃതർ തയാറാവുന്നില്ല -ചെയർമാൻ പറഞ്ഞു. ദീർഘകാലം കടകൾ അടച്ചിട്ടു നഷ്ടത്തിലായ വ്യാപാരികൾ ഓണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ അടച്ചിടണമെന്നു പറയുന്നതിൽ വ്യാപാരികൾ പ്രതിഷേധിച്ചു. സർക്കാർ ഓഫിസുകൾ ഉൾെപ്പടെ മുഴുവൻ ജീവനക്കാരുമായി പ്രവർത്തിക്കുന്നിടത്ത് കടകൾക്കെതിരെ നടപടിയെടുക്കുന്നത് ശരിയല്ലെന്നു വ്യാപാരികൾ പറഞ്ഞു. കൊളത്തക്കര, പുത്തൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ കടകൾ പൊലീസ് ഇന്നലെ ഉച്ചയോടെ അടപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.