Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightOmasserychevron_rightഡിജിറ്റൽ ഭൂസർവേ;...

ഡിജിറ്റൽ ഭൂസർവേ; ഓമശ്ശേരിയിൽ സർവേ സഭകൾക്ക്‌ തിങ്കളാഴ്ച തുടക്കം

text_fields
bookmark_border
Digital survey
cancel

ഓമശ്ശേരി: കേരളത്തെ പൂർണമായും നാലുവർഷംകൊണ്ട് ഡിജിറ്റലായി സർവേ ചെയ്ത് ഭൂമിയുടെ ശരിയായ റെക്കോഡുകൾ തയാറാക്കുന്ന ബൃഹത് പദ്ധതിയുടെ ഭാഗമായുള്ള സർവേ സഭകൾക്ക്‌ ഓമശ്ശേരി പഞ്ചായത്തിലെ പുത്തൂർ വില്ലേജിൽ തിങ്കളാഴ്ച തുടക്കമാവും.

പഞ്ചായത്തിലെ സിംഹഭാഗവും ഉൾപ്പെടുന്ന പുത്തൂർ വില്ലേജിനെ കേരളത്തിൽ ആദ്യഘട്ടത്തിൽ ഡിജിറ്റൽ ഭൂസർവേ നടക്കുന്ന 200 വില്ലേജുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുത്തൂർ വില്ലേജിൽ പുരോഗമിക്കുകയാണ്‌.

പഞ്ചായത്ത്‌ ഹാളിൽ ചേർന്ന പുത്തൂർ വില്ലേജ്‌ പരിധിയിലെ ജനപ്രതിനിധികളുടെ യോഗം ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തുകയും സർവേ സഭകൾക്ക്‌ അന്തിമരൂപം നൽകുകയും ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ് പി. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു.

വികസന സമിതി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സമിതി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര സ്വാഗതം പറഞ്ഞു.

ക്ഷേമകാര്യ സമിതി ചെയർപേഴ്സൻ ഒ.പി. സുഹറ, പഞ്ചായത്ത് അംഗങ്ങളായ കെ. ആനന്ദ കൃഷ്ണൻ, പി.കെ. ഗംഗാധരൻ, സി.എ. ആയിഷ, ഫാത്തിമ അബു, അശോകൻ പുനത്തിൽ, മൂസ നെടിയേടത്ത്‌, സീനത്ത്‌ തട്ടാഞ്ചേരി എന്നിവർ സംസാരിച്ചു. റീസർവേ ഫസ്റ്റ്‌ ഗ്രേഡ്‌ സർവേയർ കെ. ഉമർ പദ്ധതി വിശദീകരിച്ചു.

ആറാം വാർഡ്‌ സർവേ സഭ 17ന്‌ നാലിന് ഓമശ്ശേരി ഐ.ഡബ്ല്യു.ടി ഹാളിലും ഏഴാംവാർഡ്‌ 17ന്‌ രണ്ടിന് ഓമശ്ശേരി കമ്യൂണിറ്റി ഹാളിലും നടക്കും. എട്ടാം വാർഡ്‌‌ 22ന്‌ രണ്ടിന് അമ്പലക്കണ്ടി താജുദ്ദീൻ മദ്‌റസയിലും ഒമ്പതാം വാർഡ്‌ 22ന്‌ നാലിന് ആലിൻതറ എ.ഐ.ഇ.സി സ്കൂളിലും പത്താം വാർഡ്‌ 20ന്‌ മൂന്നിന് കൈവേലിമുക്ക്‌ മദ്‌റസയിലും 11ാം വാർഡ്‌ 21ന്‌ നാലിന് കെടയത്തൂർ സ്കൂളിലുമാണ്‌ നടക്കുന്നത്‌.

12, 15 വാർഡുകളുടെ സർവേസഭ 28ന്‌ നാലിന് പുത്തൂർ സ്കൂളിലുമാണ്‌ ചേരുക. 13ാം വാർഡ്‌ 21ന്‌ മൂന്നിന് കണിയാർകണ്ടം മദ്‌റസയിലും പതിനാറാം വാർഡ്‌ 28ന്‌ മൂന്നിന് മങ്ങാട്‌ എൻ.എസ്‌.എസ്‌ ഹാളിലും 5, 17 വാർഡ്‌ സർവേ സഭ 27ന്‌ മൂന്നിന് അരീക്കലിലും നടക്കും.

'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' നയത്തിന്റെ ഭാഗമായുള്ള പദ്ധതി ജനപങ്കാളിത്തത്തോടെയാണ് നടപ്പാക്കുന്നത്‌. സർവേ സഭ എന്ന പേരിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഗ്രാമസഭകളിൽ ഡിജിറ്റൽ ഭൂസർവേയുമായി ബന്ധപ്പെട്ട്‌ പൊതുജനങ്ങൾക്കുള്ള സംശയങ്ങൾക്ക്‌ നിവാരണം നൽകും.

സർവേ സഭകളിൽ ഡിജിറ്റൽ സർവേ നടപടികൾ വിശദീകരിക്കുന്നതിനും ഭൂവുടമസ്ഥരുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും ജീവനക്കാർക്ക് പ്രത്യേകം പരിശീലനം നൽകിയിട്ടുണ്ട്‌. 'എന്റെ ഭൂമി' എന്ന പേരിലുള്ള ഡിജിറ്റൽ സർവേ കോർസ് നെറ്റ് വർക്ക്, ഡ്രോൺ ഉൾപ്പെടെയുള്ള ഏറ്റവും ആധുനികമായ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയാണ് നടപ്പാക്കുന്നത്‌.

സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, നിർമിതികളുടെ വിശദാംശങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സമഗ്ര രേഖയാണ്‌ തയാറാക്കുക. സ്വന്തം ഭൂമിയുടെ ഉടമസ്ഥതയും കൃത്യതയോടെയുള്ള അളവും ലഭ്യമാകണമെങ്കിൽ ജനങ്ങളുടെ പങ്കാളിത്തം അനിവാര്യമാണ്‌.

ഭൂ ഉടമ സ്ഥലത്തില്ലെങ്കിൽ സർവേ നടക്കുന്ന സമയത്ത് നോമിനികളുടെ സാന്നിധ്യം വേണം. ഭൂ ഉടമസ്ഥന്റെ പരാതി അപ്പോൾതന്നെ പരിഹരിച്ച് മുന്നോട്ട് പോകാനും ഡിജിറ്റൽ സർവേ ഉപകരിക്കും. ഭൂമി സംബന്ധമായി വരുന്ന തട്ടിപ്പുകളും തർക്കങ്ങളും തടയാനും കുറ്റമറ്റ ഡിജിറ്റൽ സർവേ വിവരങ്ങൾ പ്രയോജനപ്പെടുമെന്ന് അധികൃതർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:landDigital Survey
News Summary - Digital Land Survey-Survey started on Monday in Omassery
Next Story