ചാരിറ്റി സംഘങ്ങളുടെ പേരിൽ തട്ടിപ്പ് വ്യാപകമാകുന്നു
text_fieldsഓമശ്ശേരി: ചാരിറ്റി സംഘങ്ങളുടെ പേരിൽ തട്ടിപ്പ് വ്യാപകമാവുന്നു. ചെറിയ കടമുറി വാടകക്കെടുത്താണ് ഇത്തരം സംഘം പ്രവർത്തിക്കുന്നത്. വലിയ പേരും ബോർഡും വെച്ച് ഓഫിസ് തുറക്കുന്നു. ചില്ലറസഹായങ്ങൾ സ്വന്തക്കാർക്ക് നൽകി അതിന്റെ ഫോട്ടോയെടുത്ത് ലഘുലേഖയുണ്ടാക്കിയാണ് സംഘങ്ങൾ രംഗത്തുള്ളത്.
സാന്ത്വനചികിത്സ നടത്തുന്നു എന്ന പേരിലാണ് വ്യാപകമായ പണപ്പിരിവിന് ഇവർ ഇറങ്ങുന്നത്. മാന്യമായ വേഷം ധരിച്ച് വീടുകളിൽ എത്തുന്ന ഇവർ തിരിച്ചറിയൽ കാർഡും രസീതുമായി പിരിവ് നടത്തുന്നു. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ദിവസംതോറും ഈടാക്കുന്നത് വലിയ സംഖ്യകളാണ്.
ഓമശ്ശേരി ബസ് സ്റ്റാൻഡ് പരിസരത്ത് പ്രവർത്തിക്കുന്ന ഇത്തരം സംഘത്തിലുൾപ്പെട്ട ഒരു ടീമിനെ നാട്ടുകാർ കഴിഞ്ഞദിവസം പിടികൂടി. മറ്റൊരു പ്രദേശത്ത് നടന്ന പിരിവിൽ സംശയം തോന്നിയ നാട്ടുകാർ വിളിച്ചന്വേഷിച്ചതിനെ തുടർന്നാണ് തട്ടിപ്പ് പുറത്തായത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽനിന്ന് സംഘം വ്യാജമാണെന്ന് തെളിഞ്ഞു. അന്വേഷണം മുറുകിയതോടെ സംഘം ഓഫിസ് പൂട്ടി സ്ഥലംവിട്ടു.
വിവിധയിടങ്ങളിൽ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതായി പ്രചരിപ്പിച്ച് സംഘം പണപ്പിരിവ് നടത്തിയതായി അറിയുന്നു. പുറത്തുള്ള സംഘവുമായി സാന്ത്വന ചികിത്സയുമായി ബന്ധപ്പെട്ട് ധാരണയില്ലെന്ന് ആശുപത്രി മാനേജർ എം.കെ. മുബാറക് അറിയിച്ചു.
ടൗണുകൾ കേന്ദ്രീകരിച്ച് വാഹനങ്ങളുമായി രോഗികളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ച് പണപ്പിരിവ് നടത്തുന്ന സംഘങ്ങളും വ്യാപകമായി രംഗത്തുണ്ട്. അർഹരായവർക്ക് ലഭിക്കുന്ന സഹായങ്ങളും ഇത്തരം തട്ടിപ്പുസംഘങ്ങളുടെ ഫലമായി നിലക്കുമോ എന്ന് പൊതുപ്രവർത്തകർക്ക് ആശങ്കയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.