സൗജന്യമായി കുളം, ടാങ്ക് എന്നിവക്ക് സ്ഥലം; ഓമശ്ശേരിക്ക് പ്രതീക്ഷയായി ഓങ്ങലോറ കുടിവെള്ള പദ്ധതി
text_fieldsഓമശ്ശേരി: ഓമശ്ശേരി ഈസ്റ്റ് (ആറ്) വാർഡിനു പ്രതീക്ഷയായി ഓങ്ങലോറ കുടിവെള്ള പദ്ധതി. സാമൂഹിക പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രവൃത്തി ആരംഭിച്ചു. വാർഡ് അംഗം സി.എ. ആയിഷ ടീച്ചറുടെ നേതൃത്വത്തിൽ ഒരു പറ്റം ആളുകൾ പദ്ധതി പൂർത്തീകരണത്തിനായി സേവന സന്നദ്ധരായി രംഗത്തുണ്ട്.
പദ്ധതിക്കുവേണ്ടി കുളം നിർമാണത്തിനു പരേതരായ കെ.സി. ആമിനയുടെ ബന്ധുക്കളും ടാങ്ക് നിർമാണത്തിനു എ.സി. അഹമ്മദ് കുട്ടിയുടെ ബന്ധുക്കളും സൗജന്യമായി സ്ഥലം വിട്ടുനൽകിയിട്ടുണ്ട്.
കുളം നിർമാണത്തിന്റെ പ്രവൃത്തി പന്ന്യേൻകുഴിയിൽ തകൃതിയായി നടന്നുവരുന്നു. 10 ലക്ഷം രൂപ ഇതിനായി ഗ്രാമപഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. അടുത്ത വർഷം പമ്പ് ഹൗസ്, ടാങ്ക് നിർമാണം, വിതരണ ശൃംഖല എന്നിവ പൂർത്തിയാക്കി പദ്ധതി കമീഷൻ ചെയ്യാനാവുമെന്നു പ്രതീക്ഷിക്കുന്നതായി ആയിഷ ടീച്ചർ പറഞ്ഞു. വാർഡിൽ ജലക്ഷാമം അനുഭവപ്പെടുന്ന മുഴുവൻ സ്ഥലത്തും വെള്ളമെത്തിക്കാനാണ് പദ്ധതി വഴി ഉദ്ദേശിക്കുന്നത്. ജലനിധി, ജലജീവൻ മിഷൻ പദ്ധതികളും ഇതിനായി പ്രയോജനപ്പെടുത്തും. ഇതോടെ പ്രദേശവാസികളുടെ ഏറെക്കാലത്തെ ആവശ്യമാണ് യാഥാർഥ്യമാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.