ഭക്ഷ്യവിഷബാധ: സ്കൂളുകളിൽ പരിശോധന ഊർജിതമാക്കി ആരോഗ്യവകുപ്പ്
text_fieldsഓമശ്ശേരി: സംസ്ഥാനത്ത് പലയിടങ്ങളിലും ഭക്ഷ്യവിഷബാധയും പകർച്ചവ്യാധിയും റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഗ്രാമപഞ്ചായത്തിലെ സ്കൂളുകളിൽ ആരോഗ്യവകുപ്പ് സ്ക്വാഡ് പരിശോധന നടത്തി. പരിസര ശുചിത്വം, പാചകസ്ഥലം, ഭക്ഷണം സൂക്ഷിക്കുന്ന സ്ഥലം, കുടിവെള്ള പരിശോധനഫലം, ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്നവരുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, മാലിന്യ സംസ്കരണം, ടോയ് ലറ്റ് ശുചിത്വം തുടങ്ങിയവ പരിശോധനക്ക് വിധേയമാക്കി.
മിക്ക സ്ഥാപനങ്ങളും നിലവാരം പുലർത്തുമ്പോൾ ചിലയിടങ്ങളിൽ അപാകതകൾ കണ്ടെത്തിയിട്ടുണ്ട്. പുകയില നിരോധിതമേഖല, ഇവിടെ പുകവലി ശിക്ഷാർഹം, സ്കൂളിന്റെ അതിർത്തിയിൽനിന്ന് നൂറ് വാര ചുറ്റളവിൽ പുകയില ഉൽപന്നങ്ങളുടെ വിൽപന നിരോധനം എന്ന ബോർഡുകൾ സ്ഥാപിക്കാൻ ആവശ്യപ്പെട്ടു. മാസ്ക് ധരിക്കാത്ത അധ്യാപകരേയും കുട്ടികളെയും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഫലപ്രദമായ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഇല്ലാത്ത സ്ഥാപനങ്ങൾക്കും ആരോഗ്യ ശുചിത്വമാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കും നിർദേശങ്ങൾ നൽകി.
പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർ സി.ടി. ഗണേശൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ടി.ഒ. മഞ്ജുഷ, കെ.ടി. ജയകൃഷ്ണൻ, ടി. സജീർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.