ജൽ ജീവൻ മിഷൻ; ഓമശ്ശേരിയിലെ റോഡുകൾ നന്നാക്കിയില്ല
text_fieldsഓമശ്ശേരി: ജൽ ജീവൻ മിഷൻ പദ്ധതിക്കുവേണ്ടി വെട്ടിപ്പൊളിച്ച റോഡുകൾ നന്നാക്കാതെ വാട്ടർ അതോറിറ്റിയും കരാർ കമ്പനിയും തുടരുന്ന നിസ്സംഗതയിൽ പ്രതിഷേധിച്ച് ഓമശ്ശേരിയിൽ ഭരണസമിതി പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നു.
ഗ്രാമീണ പാതകളിലുൾപ്പെടെ കുഴിയെടുത്തതിനെതുടർന്ന് കാൽനടപോലും ദുസ്സഹമായിരിക്കുകയാണെന്ന് നിരന്തരം ശ്രദ്ധയിൽപെടുത്തിയിട്ടും അധികൃതർ ഇത് ഗൗനിക്കുന്നില്ലെന്നും ഭരണസമിതി ആരോപിച്ചു.
കാലവർഷം അടുത്തുവരുമ്പോൾ നിലവിലെ സ്ഥിതി തുടർന്നാൽ അത്യന്തം അപകടകരമാവും. റോഡുകളുടെ ശോച്യാവസ്ഥ കാരണം രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളിൽ ടാങ്കർ ലോറികളിൽ പഞ്ചായത്ത് വിതരണം ചെയ്യുന്ന കുടിവെള്ളം പോലും എത്തിക്കാൻ കഴിയുന്നില്ല. 50 കിലോമീറ്ററോളം ടാറിങ് റോഡുകൾ കുഴിയെടുത്തത് 17 കിലോമീറ്റർ ദൂരം മാത്രമാണ് നന്നാക്കിയത്. 13.5 കിലോമീറ്റർ കോൺക്രീറ്റ് റോഡിൽ 10 കിലോമീറ്ററാണ് പൂർവസ്ഥിതിയിലാക്കിയത്.
സർക്കാറിൽനിന്ന് സമയബന്ധിതമായി പണം ലഭിക്കാത്തതിനാലാണ് പ്രവൃത്തി പൂർത്തീകരിക്കാൻ കഴിയാത്തതെന്ന് കരാർ കമ്പനി പറയുന്നു. വാട്ടർ അതോറിറ്റിയും ഇത് ശരിവെക്കുകയാണ്.
കൂടാതെ എസ്റ്റിമേറ്റ് പ്രകാരമുള്ള അളവ് കഴിഞ്ഞെന്നും പുതുക്കിയ എസ്റ്റിമേറ്റ് വാട്ടർ അതോറിറ്റി നൽകണമെന്നും കരാർ കമ്പനി പറയുന്നു.
പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ്ങിന് പരാതി നൽകി. വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടിവ് എൻജിനീയർ ബി.എൽ. ദീപ്തി ലാലിനും പരാതി കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗംഗാധരൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ യൂനുസ് അമ്പലക്കണ്ടി, കെ. കരുണാകരൻ, പഞ്ചായത്തംഗങ്ങളായ പി. അബ്ദുൽ നാസർ, സൈനുദ്ദീൻ കൊളത്തക്കര, കെ. ആനന്ദകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്. തിങ്കളാഴ്ച രാവിലെ 10 മുതൽ ഓമശ്ശേരിയിൽ സത്യഗ്രഹം നടത്താനും വകുപ്പുമന്ത്രിയെ ഉടൻ കാണാനും ഭരണസമിതി യോഗം തീരുമാനിച്ചു.
ജൽ ജീവൻ മിഷൻ പദ്ധതിയിൽ പഞ്ചായത്തിൽ 10,000 കണക്ഷനുകളാണ് ലക്ഷ്യമിടുന്നത്. ചാലിയാറിൽനിന്നെടുക്കുന്ന ജലം കൂളിമാട് സ്ഥാപിക്കുന്ന പ്ലാന്റിൽനിന്ന് ശുദ്ധീകരിച്ചാണ് ഓമശ്ശേരിയിലെത്തുക. ടാങ്ക് നിർമിക്കാനുദ്ദേശിക്കുന്നത് പഞ്ചായത്തിലെ പതിനെട്ടാം വാർഡിലുള്ള വെളിമണ്ണ ഏലിയാമ്പറ മലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.