അപകടമരണത്തിൽ മരവിച്ച് കണിയാർകണ്ടം ഗ്രാമം
text_fieldsഓമശ്ശേരി: പള്ളിയിലെ മുദരിസും ശിഷ്യനും അപകടത്തിൽപെട്ട് മരിച്ച വാർത്ത ഓമശ്ശേരി കണിയാർകണ്ടം പ്രദേശത്തെ തീവ്ര ദുഃഖത്തിലാക്കി. തിരൂരങ്ങാടിക്കടുത്ത് വെളിമുക്കിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിലാണ് കണിയാർകണ്ടം മസ്ജിദിലെ മുദരിസും വിദ്യാർഥിയും മരിച്ചത്.
വേങ്ങര വലിയോറ ഇരുകുളം വലിയാക്ക തൊടി ബാപ്പുട്ടി തങ്ങളുടെ (മുഹമ്മദ് കോയ തങ്ങൾ) മകൻ അബ്ദുല്ലക്കോയ തങ്ങൾ (കുഞ്ഞിമോൻ-43), കൂടെയുണ്ടായിരുന്ന ദർസ് വിദ്യാർഥി ബാലുശ്ശേരി കണ്ണാടിപ്പൊയിൽ കരിമ്പയിൽ കപ്പിക്കുന്നത്ത് സിദ്ദീഖിന്റെ മകൻ ഫായിസ് അമീൻ (19) എന്നിവരാണ് മരിച്ചത്.
പുലർച്ച മൂന്നു മണിയോടെയായിരുന്നു അപകടം. തിങ്കളാഴ്ച സന്ധ്യാപ്രാർഥനക്കു നേതൃത്വം നൽകിയത് അബ്ദുല്ലക്കോയ തങ്ങളായിരുന്നു. രാത്രിയാണ് ഇരുവരും അത്യാവശ്യത്തിനു വേങ്ങര വലിയോറ ഇരുകുളത്തേക്കു പോയത്.
പുലർച്ചെ നടക്കുന്ന ക്ലാസിനു നേതൃത്വം നൽകുന്നതിനാണ് നേരത്തേ മടങ്ങിയത്. ഈ യാത്രയാണ് അപകടത്തിലായത്. അപകടവിവരമറിഞ്ഞ് നിരവധി പേർ ഇവിടെനിന്നും വേങ്ങര വലിയോറയിലേക്കു പോയി അന്ത്യകർമങ്ങളിൽ പങ്കെടുത്തു. ഫായിസ് അമീന്റെ ഖബറടക്കത്തിലും കണിയാർകണ്ടത്തിൽനിന്നുള്ളവർ ബാലുശ്ശേരി കണ്ണാടി പ്പൊയിലിലെത്തി. തങ്ങളുടേത് അഞ്ചിനും അമീന്റേത് അഞ്ചരക്കുമായിരുന്നു ഖബറടക്കം.
അബ്ദുല്ലക്കോയ തങ്ങൾ ഏഴു വർഷമായി കണിയാർകണ്ടം പള്ളിയിലാണ് അധ്യാപനം നടത്തുന്നത്. ഫായിസ് അമീൻ അഞ്ചു വർഷമായി ഇവിടെ പഠിക്കുന്നു. വിഭാഗീയതക്ക് ഇടംകൊടുക്കാതെ മഹല്ലിനെ യോജിപ്പിച്ചുകൊണ്ടുപോയത് അബ്ദുല്ലക്കോയ തങ്ങളുടെ മികച്ച നേതൃത്വമായിരുന്നുവെന്ന് കണിയാർകണ്ടം നിവാസികൾ അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.