കണ്ണങ്കോട് ചെങ്കൽ ഖനനം; ജനം ആശങ്കയിൽ
text_fieldsഓമശ്ശേരി: കണ്ണങ്കോട് മലയിൽ നടക്കുന്ന ചെങ്കൽ ഖനനം ജനങ്ങളെ ആശങ്കപ്പെടുത്തുന്നു. കനത്ത മഴയത്തും ഖനനം തുടരുകയാണ്. ചെങ്കുത്തായ മലയിൽ ഏക്കർ കണക്കിന് പ്രദേശത്താണ് ഖനനം നടക്കുന്നത്. ക്വാറിക്കുതാഴെ ചുറ്റുഭാഗത്തും ജനങ്ങൾ തിങ്ങി താമസിക്കുന്ന പ്രദേശമാണ്. ക്വാറിയിൽനിന്നെത്തുന്ന മഴവെള്ളം വലിയ അപകടത്തിനു കാരണമാകുമെന്ന് ജനങ്ങൾ ഭയപ്പെടുന്നു. ക്വാറി പ്രവർത്തനംമൂലം അരീക്കൽ കണ്ണങ്കോട് യാത്രയും ദുഷ്കരമാണ്. നിരവധി ടിപ്പറുകളാണ് ഈ റൂട്ടിൽ ഓടുന്നത്. സ്ത്രീകളും കുട്ടികളും ഭയന്നാണ് റോഡിൽ സഞ്ചരിക്കുന്നത്. റോഡിൽ ചളി നിറഞ്ഞതുമൂലം ബൈക്കു യാത്രികർ വഴുക്കിവീഴുന്ന അവസ്ഥയുമുണ്ട്. ക്വാറിക്കെതിരെ നാട്ടുകാർ നിരവധി പരാതികൾ റവന്യൂ അധികൃതർക്ക് നൽകിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.
വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ഡി.വൈ.എഫ്.ഐ ഓമശ്ശേരി മേഖല കമ്മിറ്റി കൂടത്തായി വില്ലേജ് ഓഫിസർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് ഡി.വൈ.എഫ്.ഐ നേതൃത്വം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.