കേശവൻ നമ്പൂതിരി മികച്ച ക്ഷീരസഹകരണ സംഘം സെക്രട്ടറി
text_fieldsഓമശ്ശേരി: സംസ്ഥാനത്തെ മികച്ച ക്ഷീര സഹകരണസംഘം സെക്രട്ടറിക്കുള്ള കേരള സർക്കാർ ക്ഷീര വികസന വകുപ്പ് ഏർപ്പെടുത്തിയ സംസ്ഥാന അവാർഡിന് അർഹനായ ഓമശ്ശേരി ക്ഷീര സഹകരണ സംഘം സെക്രട്ടറി പി.എം. കേശവൻ നമ്പൂതിരിയുടേത് അർഹതക്കുള്ള അംഗീകാരം. 1988 മുതൽ സെക്രട്ടറിയുടെ ചുമതലയുള്ള കേശവൻ നമ്പൂതിരി സംഘത്തിനു നിരവധി പുരസ്കാരങ്ങളാണ് നേടിക്കൊടുത്തത്.
കേവലം നൂറു ലിറ്ററിൽ താഴെ പാൽ സംഭരണവുമായി ആരംഭിച്ച ഓമശ്ശേരി സംഘത്തിൽ ഇപ്പോൾ 2000 ലിറ്ററിലധികം പാൽ സംഭരണവും ആയിരത്തോളം ലിറ്റർ പാൽ പ്രാദേശിക വിൽപനയും നടത്തുണ്ട്. കൂടാതെ അയ്യായിരം ലിറ്റർ കപ്പാസിറ്റിയുള്ള ബി.എം.സി പാലുൽപന്ന നിർമാണ യൂനിറ്റ്, മിൽക്ക് പാർലർ, മിൽക്ക് ബൂത്ത്, കാലിത്തീറ്റ വിൽപന സംഭരണ കേന്ദ്രം എന്നിവയും സംഘത്തിനുണ്ട്.
മലബാർ മേഖലയിൽ ഏറ്റവും കൂടുതൽ പാൽ ഉൽപന്നങ്ങൾ വിൽപന നടത്തിയ സംഘത്തിനുള്ള പുരസ്കാരം സംഘത്തിനു ലഭിച്ചിട്ടുണ്ട്. ജില്ലയിലെ മികച്ച സംഘത്തിനുള്ള അവാർഡും കൂടുതൽ പാൽ വിൽപന നടത്തിയ സംഘത്തിനുള്ള അവാർഡും ഓമശ്ശേരി സഹകരണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ക്ഷീര സാന്ത്വനം ഇൻഷുറൻസ്, കന്നുകാലി ഇൻഷുറൻസ്, വെറ്ററിനറി സർവിസ് തുടങ്ങിയവയും സംഘം ധനസഹായത്തോടെ നടപ്പിലാക്കുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കിസാൻ ക്രെഡിറ്റ് വായ്പ ഉൾപ്പെടെ 125,66,850 രൂപ വിവിധ ഏജൻസികളിൽനിന്ന് സംഘം മുഖേന ക്ഷീര കർഷകർക്ക് ലഭ്യമാക്കിയിട്ടുണ്ട്. ക്ഷീര സൊസൈറ്റികൾക്ക് ആവശ്യമായ സോഫ്റ്റ്വെയറിന്റെ ഉപയോഗക്രമം മറ്റു സൊസൈറ്റികളിൽ നടപ്പിലാക്കുന്നതിനു കേശവൻ നമ്പൂതിരി സജീവരംഗത്തുണ്ട്. 2024 ഫെബ്രുവരി 18, 19, 20 തീയതികളിൽ ഇടുക്കിയിൽവെച്ച് നടക്കുന്ന സംസ്ഥാന ക്ഷീര സംഗമത്തിൽവെച്ച് അവാർഡ് ഏറ്റുവാങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.