കൂടത്തായി മണിമുണ്ട ജങ്ഷനിലെ കലുങ്കുനിർമാണം; ആശങ്ക പരിഹരിക്കും
text_fieldsഓമശ്ശേരി: റീബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി പുനരുദ്ധാരണപ്രവർത്തനങ്ങൾ പുരോഗമിക്കുന്ന എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിലെ കൂടത്തായി മണിമുണ്ട ജങ്ഷനിൽ നിർമിക്കുന്ന കലുങ്കുമായി ബന്ധപ്പെട്ട് നാട്ടുകാർക്കുള്ള ആശങ്ക പരിഹരിക്കും.
ഇതിനായി വെള്ളം ഒഴുകിപ്പോകുന്നതിന് മറ്റൊരു സംവിധാനമൊരുക്കാൻ ഗ്രാമപഞ്ചായത്തധികൃതരുടെ നേതൃത്വത്തിൽ കെ.എസ്.ടി.പി പ്രതിനിധികളും പ്രദേശവാസികളും തമ്മിൽ നടന്ന ചർച്ചയിൽ ധാരണയായി.
നിലവിൽ നിർമിക്കുന്ന കലുങ്ക് അതേപടി പണിയുകയും അതിനോട് ചേർന്ന് റിങ് ഡ്രൈനേജ് പണിത് വെള്ളം തടസ്സമില്ലാതെ ഒഴുകാനുള്ള സംവിധാനം ഒരുക്കാനാണ് ചർച്ചയിൽ തീരുമാനമായത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് ഡോ. എം.കെ. മുനീർ എം.എൽ.എ സ്ഥലം സന്ദർശിക്കുകയും വിഷയത്തിൽ ഇടപെടണമെന്ന് നിർമാണത്തിന് മേൽനോട്ടം വഹിക്കുന്ന കെ.എസ്.ടി.പിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് അധികൃതർ നിർമാണ സ്ഥലത്തെത്തി പ്രദേശവാസികളുമായി ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയത്. കെ.എസ്.ടി.പിയുടെ മുതിർന്ന ഉദ്യോഗസ്ഥരും ശ്രീധന്യ നിർമാണക്കമ്പനിയുടെ പ്രതിനിധികളുമാണ് സന്ദർശനത്തിനും ചർച്ചക്കുമായി കൂടത്തായിയിലെത്തിയത്.
റോഡ് പുനർനിർമാണത്തിന്റെ ഭാഗമായുള്ള അശാസ്ത്രീയമായ കലുങ്കുനിർമാണം കാരണം സമീപത്തുള്ള വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറുകയും റോഡിലൂടെയുള്ള യാത്ര ദുഷ്കരമാകുകയും ചെയ്തിരുന്നു. വെള്ളത്തിന്റെ ഒഴുക്കിനെ കൂടുതൽ തടസ്സപ്പെടുത്തുന്ന രീതിയിലാണ് നിലവിലെ കലുങ്ക് നിർമാണമെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുൽ നാസർ, പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷൻ യൂനുസ് അമ്പലക്കണ്ടി, പഞ്ചായത്തംഗങ്ങളായ എം. ഷീജ ബാബു, കെ. കരുണാകരൻ, കെ.എസ്.ടി.പി എക്സിക്യൂട്ടിവ് എൻജിനീയർ ഷാജി തയ്യിൽ, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ ഷീല ചോരൻ, ജിജി, ടീം ലീഡർ ജിതേന്ദ്ര ഗൗഡ്, റസിഡന്റ് എൻജിനീയർ പി.കെ. ജോയ്, അസിസ്റ്റന്റ് റസിഡന്റ് എൻജിനീയർ മാധവ റാവു, ശ്രീധന്യ കൺസ്ട്രക്ഷൻ കമ്പനി പ്രോജക്ട് മാനേജർ നരസിംഹൻ, സോഷ്യോളജിസ്റ്റ് പീറ്റർ എന്നിവരും പ്രദേശവാസികളും ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.