വിരമിച്ചിട്ടും വിരമിക്കാതെ കുര്യൻ മാസ്റ്റർ
text_fieldsഓമശ്ശേരി: ക്ലാസ്മുറിയിൽനിന്ന് ആറുവർഷം മുമ്പ് പടിയിറങ്ങിയ കുര്യൻ മാസ്റ്റർ ഇപ്പോഴും മൈതാനത്ത് കുട്ടികൾക്കൊപ്പമുണ്ട്. പുല്ലൂരാംപാറ തുണ്ടത്തിൽ കുര്യനാണ് മലബാറിലെ വിവിധ ജില്ലകളിൽനിന്നുള്ള കായിക വിദ്യാർഥികളുടെ പരിശീലനത്തിനു വിശ്രമമില്ലാതെ പ്രവർത്തിക്കുന്നത്. നീണ്ട 33 വർഷത്തെ അധ്യാപക വൃത്തിക്കുശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്ററായാണ് ഈ ഗണിതാധ്യാപകൻ പടിയിറങ്ങിയത്.
പുല്ലൂരാംപാറ സ്പോർട്സ് അക്കാദമിയുടെ മുഖ്യ സംഘാടകനാണ് കുര്യൻ. ചെറുപ്പത്തിൽ വോളിബാൾ കളിക്കാരനായിരുന്നു. സ്പോർട്സ് താൽപര്യം സ്കൂളിൽ ഗണിതസൂത്രങ്ങൾ പഠിപ്പിച്ചപ്പോഴും തുടർന്നു. 18 വർഷം മുമ്പ് പുല്ലൂരാംപാറ സ്പോർട്സ് അക്കാദമി രൂപംകൊണ്ടതിനു പിന്നിൽ കുര്യൻ സാറും ഏതാനും സുഹൃത്തുക്കളുമായിരുന്നു. ഇത് കായിക മേഖലയിൽ പ്രവർത്തിക്കുന്നതിനു കൂടുതൽ അവസരം നൽകി. അക്കാദമിക്ക് നേതൃപരമായ പങ്കുവഹിച്ചു. ദീർഘകാലം ചെയർമാനും കൺവീനറുമായി. സർവിസിൽനിന്ന് വിരമിച്ചശേഷം മുഴുസമയ പ്രവർത്തകനായി.
രാവിലെയും വൈകീട്ടും കുട്ടികളോടൊപ്പം മൈതാനത്തിലെത്തും. വിദ്യാർഥികളുടെ കാര്യത്തിൽ ശ്രദ്ധിക്കും. മികച്ച പരിശീലകരെ കുട്ടികൾക്കു ലഭ്യമാക്കുന്നു. കുട്ടികളിലെ മികച്ച താരങ്ങളെ കണ്ടെത്തുന്നു, പ്രോത്സാഹിപ്പിക്കുന്നു. നൂറുകണക്കിന് കുട്ടികളാണ് ഇതിനകം അക്കാദമിയിൽനിന്ന് പരിശീലനം നേടിയത്. ഇൻറർനാഷനൽ താരങ്ങളായ അപർണ റോയ്, ഇസ്ബത്ത് കരോളിൻ ജോസഫ് എന്നിവർക്ക് പുറമെ നിരവധി ദേശീയ താരങ്ങളെ വളർത്തിക്കൊണ്ടുവരുന്നതിനും ഇദ്ദേഹം നേതൃത്വം നൽകി. അക്കാദമിയിൽ കുട്ടികൾ താമസിച്ചു പരിശീലിക്കുന്നു. നിലവിൽ അത്‌ലറ്റിക്സ്, വോളിബാൾ വിഭാഗങ്ങളിലായി 150 കുട്ടികൾക്ക് പരിശീലനം നൽകുന്നു.
പരിശീലനം വഴി നേടിയ സർട്ടിഫിക്കറ്റിലൂടെ 35 കുട്ടികൾക്ക് ഇതിനകം സർക്കാർ സർവിസിൽ സ്പോർട്സ് ക്വാട്ടയിൽ ജോലി ലഭിച്ചു. ഇത് വലിയ നേട്ടമായാണ് കുര്യൻ മാസ്റ്റർ കാണുന്നത്. ഇല്ലായ്മയിൽ തുടങ്ങിയ സ്പോർട്സ് അക്കാദമി ഇന്ന് കേരളത്തിലെ മികച്ച സ്പോർട്സ് പരിശീലന കേന്ദ്രമാണ്. നിരവധി പുരസ്കാരങ്ങൾ ഇതിനകം കേന്ദ്രത്തിനു ലഭിച്ചിട്ടുണ്ട്. സ്പോർട്സിനു പുറമെ കാർഷിക മേഖലയിലും കുര്യൻ ശ്രദ്ധിക്കുന്നുണ്ട്. സ്പോർട്സ് അക്കാദമിക്കുവേണ്ടി സംസ്ഥാന സർക്കാറി െൻറ സുഭിക്ഷ കേരളം പദ്ധതിയിൽ വാഴകൃഷി നടത്തുന്നു. റിട്ട. പ്രഥമാധ്യാപിക മേഴ്സി മൈക്കിളാണ് ഭാര്യ. സജിത് കുര്യൻ, സച്ചിൻ കുര്യൻ, സെബിൻ എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.