അവഗണന; മൺപാത്ര നിർമാണ വ്യവസായം ഓർമയിലേക്ക്
text_fieldsഓമശ്ശേരി: പരമ്പരാഗത വ്യവസായ മൺപാത്ര നിർമാണം ഓർമയാകുന്നു. അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവും പുതുതലമുറ ഈ ജോലിയോട് കാണിക്കുന്ന വിരക്തിയുമാണ് വ്യവസായം തളരാൻ കാരണമാകുന്നത്. ഒപ്പം മേഖലയോട് സർക്കാർ കാണിക്കുന്ന അവഗണനയും വ്യവസായം നിലക്കാനുള്ള കാരണമാണ്.
ഓമശ്ശേരി ഗ്രാമപഞ്ചായത്തിൽ വെളിമണ്ണ ചക്കിക്കാവ് പ്രദേശത്താണ് മൺപാത്ര നിർമാണ തൊഴിലാളികൾ അധിവസിക്കുന്നത്. വർഷങ്ങളായി ഈ മേഖലയിൽ ജോലിചെയ്തിരുന്ന മുറംപടിക്കുന്ന് ഗോവിന്ദന്റെ കുടുംബം നാമമാത്രമായി പരമ്പരാഗത ജോലി സംരക്ഷിച്ചുപോരുന്നു. കുടുംബശ്രീയിൽനിന്ന് 50,000 രൂപ ലോൺ എടുത്ത് ഇവർ പാത്രക്കച്ചവടം നടത്തുകയാണ്.
ഗോവിന്ദൻ പതിറ്റാണ്ടുകളായി പാത്രം നിർമിച്ചിരുന്നു. രോഗം വന്ന് തളർന്നതോടെ ജോലി ചെയ്യാൻ പറ്റാതായി. തുടർന്ന് ഭാര്യ മാളു പരമ്പരാഗത ജോലിയെന്ന കാരണത്താൽ പാത്രം വരുത്തി വീടുകളിൽ കയറിയിറങ്ങി കച്ചവടം തുടർന്നുപോവുകയാണ്. സഹോദരങ്ങളായ മുറംപടിക്കുന്ന് കൃഷ്ണനും ഗോപാലനുമാണ് പാത്രനിർമാണ മേഖലയിൽ ഇപ്പോൾ തുടരുന്നത്.
അസംസ്കൃത വസ്തുവായ കളിമണ്ണ് ലഭിക്കുന്നതിനുള്ള പ്രയാസം വ്യവസായം ഇല്ലാതാക്കുന്നതായി അവർ പറയുന്നു. വയനാട്ടിൽനിന്നാണ് ഇപ്പോൾ പാത്രനിർമാണത്തിന് അനുയോജ്യമായ മണ്ണ് ലഭിക്കുന്നത്. ഒരു ലോഡ് മണ്ണിന് 30,000 രൂപ വില വരും. ലോണെടുത്തും കടം വാങ്ങിയുമാണ് മണ്ണിറക്കുന്നത്. നേരത്തേ പഞ്ചായത്ത് വക പ്രോത്സാഹനം ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ അതില്ല. പാത്രനിർമാണത്തിന് ബാങ്കിൽ നിന്നെടുത്ത ലോൺ തിരിച്ചടക്കാൻ കഴിയാതെ കുടുംബം വിഷമിക്കുകയാണ്.
പാത്രങ്ങൾക്ക് ആവശ്യക്കാരുള്ളതാണ് മേഖലയിൽ തുടരാൻ കാരണം. കുറ്റിയറ്റുപോകാതെ ഈ വ്യവസായം സംരക്ഷിക്കുന്നതിന് സർക്കാർതലത്തിൽ പ്രത്യേക പ്രോത്സാഹനം ലഭ്യമാക്കണമെന്ന് മേഖലയിൽ ജോലി തുടരുന്ന കുശവ സമുദായാംഗങ്ങൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.