നാട് വിറപ്പിച്ച പോത്തിനെ ഒടുവിൽ പിടിച്ചുകെട്ടി
text_fieldsഓമശ്ശേരി: വേനപ്പാറയിൽ ലോറിയിൽനിന്ന് ഇറക്കുന്നതിനിടെ വിരണ്ടോടിയ പോത്തിനെ രണ്ടാംദിവസം അഗ്നിശമന സേന മുക്കം യൂനിറ്റ് സാഹസികമായി പിടിച്ചുകെട്ടി. വെള്ളിയാഴ്ച വൈകീട്ട് നാലോടെ കർണാടകയിൽനിന്ന് വാഹനത്തിൽ കൊണ്ടുവന്ന പോത്തിനെ വേനപ്പാറയിൽ ഇറക്കുന്നതിനിടെ കയറുപൊട്ടിച്ച് വിരണ്ടോടുകയായിരുന്നു. അരീക്കൽ മലയിലൂടെ ഓമശ്ശേരി അങ്ങാടിയിലെത്തി. ബൈക്ക് യാത്രക്കാർ ഉൾപ്പെടെ നിരവധി പേരെ പോത്ത് ആക്രമിച്ചു. പിന്നീട് കാണാതാവുകയായിരുന്നു.
ശനിയാഴ്ച രാവിലെ വീണ്ടും മങ്ങാട് മുടൂർ വരിക്കോട്ടുചാലിൽ പ്രദേശത്ത് പോത്ത് പ്രത്യക്ഷപ്പെട്ടു. ഇതു നാട്ടുകാരെ ഉപദ്രവിക്കാൻ വന്നു. വിവരമറിയിച്ചതോടെ മുക്കം ഫയർഫോഴ്സ് സ്ഥലത്തെത്തി.
ആൾതാമസമുള്ള വീട്ടുമുറ്റത്ത് നിലയുറപ്പിച്ച പോത്തിനെ കയർ ഉപയോഗിച്ച് പിടിച്ചുകെട്ടാൻ ശ്രമിച്ചെങ്കിലും വിരണ്ടോടുകയായിരുന്നു. പരാക്രമം കാട്ടിയ പോത്ത് നിരവധി പേർക്ക് പരിക്കുകൾ ഏൽപ്പിച്ചു. തുടർന്ന് ഫയർ ആൻഡ് റെസ്ക്യൂ ഓഫിസറായ നജ്മുദ്ദീൻ ഇല്ലത്തൊടി മരത്തിൽ കയറി അതിസാഹസികമായി കയറിട്ടു കുരുക്കിയാണ് പോത്തിനെ തളച്ചത്.
രക്ഷാപ്രവർത്തനത്തിന് മുക്കം ഫയർ സ്റ്റേഷൻ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ വിജയൻ നടുത്തൊടികയിൽ, സീനിയർ ഫയർ ഓഫിസർ നാസർ, ഫയർ ഓഫിസർമാരായ ഷഹദ് അഹമ്മദ്, നജ്മുദ്ദീൻ ഇല്ലത്തൊടി, നിഖിൽ മല്ലിശ്ശേരി, ജമാലുദ്ദീൻ, ആദർശ്, അഖിൽ, ആർ.വി ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ സന്തോഷ് കുമാർ, അബ്ദുൽ ഷമീം, ഹാരിസ്, ഹോം ഗാർഡ് വിജയകുമാർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.