ചിത്രകല ജനകീയമാക്കി സിഗ്നി മാഷ്
text_fieldsഓമശ്ശേരി: ചിത്രകല അധ്യാപക ജീവിതത്തിൽനിന്ന് വിരമിച്ചിട്ടും സിഗ്നി ദേവരാജ് മാഷ് തിരക്കിലാണ്. ചിത്രകലയെ കൂടുതൽ മികവാർന്ന രീതിയിൽ ജനകീയമാക്കിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം. അധ്യാപകനായ കാലത്ത് ക്ലാസ്മുറികളെ ചിത്രകലകൊണ്ട് സമ്പന്നമാക്കിയ അധ്യാപകനാണ് സിഗ്നി ദേവരാജ്. നൂറുകണക്കിന് ശിഷ്യരെ ചിത്രകലയിലേക്കു വഴിനടത്തിയ മാഷ് ഇപ്പോൾ തെരുവിലും ആർട്ട് ഗാലറികളിലും ചിത്രരചനയും പ്രദർശനവുമായാണ് കലയെ ജനകീയവത്കരിക്കുന്നത്.
1978ലാണ് ഡ്രോയിങ്ങിലും പെയിന്റിങ്ങിലും കെ.ജി.സി.ഇ പാസായത്. ഫ്രീലാൻസ് ആർട്ടിസ്റ്റായാണ് തുടക്കം. 1989-92 കാലത്ത് ഗവ. എച്ച്.എസ്.എസ് ശിവപുരത്ത് ചിത്രകല അധ്യാപകനായിരുന്നു. 1992 മുതൽ നീലേശ്വരം ഗവ. എച്ച്.എസ്.എസിൽ അധ്യാപകനായി. 2011ലാണ് മാഷ് നീലേശ്വരം ഗവ. ഹൈസ്കൂളിൽനിന്ന് വിരമിച്ചത്. നിരവധി കാലം എസ്.സി.ഇ.ആർ.ടി പാഠപുസ്തക രചനക്കുവേണ്ടി പ്രവർത്തിച്ചു. പൂർണ പബ്ലിക്കേഷൻസിന്റെ ‘ബാലസാഹിത്യം’ കഥാപുസ്തക ചിത്രകാരനായിരുന്നു. 2017 മുതൽ ഫ്രീലാൻസ് ചിത്രകാരനായി പ്രവർത്തിക്കുകയാണ്. യു.ആർ.എഫ് ദേശീയ റെക്കോഡ്-2019, വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോഡ്സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ്- 2022, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ്-2022, യു.ആർ.എഫ് വേൾഡ് റെക്കോഡ്-2023 തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചു. കോഴിക്കോട് ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ പ്രദർശനങ്ങൾ സംഘടിപ്പിച്ചു. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായുള്ള ‘ഒപ്പം’ സാന്ത്വന ക്യാമ്പ് ‘കലാമതിൽ’ വടകരയിൽ നടത്തി.
പ്രളയബാധിതരായ ആലുവയിലെ നെയ്ത്തുതൊഴിലാളികളുടെ സഹായത്തിനായി ‘ചെക്കുട്ടി പാവകൾ’ സംഘടിപ്പിച്ചു. തിരഞ്ഞെടുത്ത വിദ്യാർഥികൾക്ക് ‘പ്രതിഭ സംഗമം’ നടത്തി. കേരള കാർട്ടൂൺ അക്കാദമിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ പ്രളയ ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിനായി തത്സമയ ഛായാചിത്രം വരച്ചു. കലയിലൂടെ സാമൂഹിക പ്രതിബദ്ധത പുറത്തുകൊണ്ടുവരാൻ ‘ബിയോണ്ട് ദി ബ്ലാക്ക് ബോർഡ്’ ആർട്ടിസ്റ്റ് ഗ്രൂപ്പിന്റെ 100ലധികം പ്രകടനം പൊതുസ്ഥലങ്ങളിൽ സംഘടിപ്പിച്ചു. കാരശ്ശേരി വളപ്പിലാണ് താമസം. ഭാര്യ: മണി ദേവരാജ്. അൻവിനോ സിഗ്നി, അസ്വിനോ സിഗ്നി എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.