വോട്ടർമാരുടെ പേരുകൾ നീക്കി; പഞ്ചായത്ത് ഓഫിസിൽ യു.ഡി.എഫ് പ്രതിഷേധം
text_fieldsഓമശ്ശേരി: ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് ആലിന്തറയിലെ ചിലരുടെ പേരുകൾ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്തതിനെതിരെ യു.ഡി.എഫ് പ്രവർത്തകർപഞ്ചായത്ത് ഓഫിസിൽ എത്തി പ്രതിഷേധിച്ചു. ബന്ധപ്പെട്ട വ്യക്തികൾക്ക് നോട്ടീസ് നൽകാതെയാണ് പേരുകൾ നീക്കം ചെയ്തതെന്നു യു.ഡി.എഫ് ആരോപിച്ചു. വോട്ടർമാർക്ക് പഞ്ചായത്ത് ഒാഫിസിൽനിന്നയച്ച നോട്ടീസ് വിലാസം തെറ്റിയിരുന്നത്രെ. മലയമ്മക്കു പകരം പുത്തൂർ പോസ്റ്റ് വഴിയായിരുന്നു നോട്ടീസ് അയച്ചത്.
സമയത്ത് നോട്ടീസ് വോട്ടർമാർക്കു ലഭിക്കാത്തതിനാൽ ഹിയറിങ്ങിൽ പങ്കെടുക്കാനായില്ല. മനഃപൂർവമാണ് വിലാസം തെറ്റിച്ചതെന്നു പ്രവർത്തകർ ആരോപിച്ചു.
താമസം മാറ്റം, വിവാഹം തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് പത്തോളം പേരുടെ പേരുകൾ വോട്ടർ പട്ടികയിൽനിന്നും നീക്കം ചെയ്തത്. യു.ഡി.എഫ് പ്രവർത്തകർ വരണാധികാരി, പഞ്ചായത്ത് സെക്രട്ടറി എന്നിവരെ കണ്ടു പ്രതിഷേധം അറിയിച്ചു.
പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിനെ തുടർന്നാണ് പ്രവർത്തകർ പിരിഞ്ഞുപോയത്. അതേസമയം, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് പഞ്ചായത്ത് കൺവീനർ കെ.പി. അഹമ്മദ് കുട്ടി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.