ജൽജീവൻ മിഷൻ പൊളിച്ച റോഡുകൾ ആര് നന്നാക്കും? റോഡ് പണിയിൽ അനിശ്ചിതത്വം
text_fieldsഓമശ്ശേരി: ജൽജീവൻ മിഷൻ പ്രവൃത്തി നടത്തിയതിന്റെ പേരിൽ പഞ്ചായത്തിലെ ഗ്രാമീണ റോഡുകളുടെ പുനഃപ്രവൃത്തി സംബന്ധിച്ച് അനിശ്ചിതത്വം.
ജലവിതരണത്തിന് പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡുകൾ പൊളിച്ചുമാറ്റിയത് ജല അതോറിറ്റിയാണ്. എന്നാൽ അതോറിറ്റിയുമായി ഗ്രാമപഞ്ചായത്ത് എഗ്രിമെന്റ് വെച്ചില്ലെന്ന് സംസ്ഥാന ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തി.
ജല അതോറിറ്റിയുമായി കരാർ ഉണ്ടാക്കിയ ശേഷമേ റോഡുകൾ പൊളിച്ചുമാറ്റാൻ അനുവാദം നൽകാൻ പാടുണ്ടായിരുന്നുളളൂ. എന്നാൽ ഓമശ്ശേരിയിൽ അതു പാലിച്ചില്ല. ജലവിതരണത്തിന് പൈപ്പിടുന്നതിന് പൊളിച്ച റോഡുകളിലെ പുനരുദ്ധാരണ പ്രവൃത്തികൾ നടത്തേണ്ടത് ജല അതോറിറ്റിയാണ്.
എന്നാൽ ഇതു സംബന്ധിച്ച് ഗ്രാമപഞ്ചായത്തിന് വ്യക്തതയില്ല. ജല അതോറിറ്റിയുമായി എഗ്രിമെന്റ് വെക്കാത്തത് മൂലം പദ്ധതി നടത്തിപ്പിനായി പൊളിച്ചുമാറ്റിയ റോഡുകൾ പുനരുദ്ധീകരിക്കുന്നത് ഗ്രാമപഞ്ചായത്തിന് വമ്പിച്ച ബാധ്യതയായേക്കുമെന്ന് ഓഡിറ്റ് വിഭാഗം മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
അതേസമയം 2022-23 വർഷം ജല അതോറിറ്റി പ്രവൃത്തി മൂലം റോഡ് മെയിൻറനൻസ് അംഗീകാരം ലഭിച്ച 39 പദ്ധതികൾ നടപ്പാക്കാൻ സാധിച്ചതുമില്ല. റോഡുകളിൽ ജൽജീവൻ പദ്ധതികൾ നടക്കുന്നതിനാലാണ് പദ്ധതി തുക ചെലവഴിക്കാൻ കഴിയാതിരുന്നതെന്ന് പൊതുമരാമത്ത് എൻജിനീയറിങ് വിഭാഗം ഓഡിറ്റ് വിഭാഗത്തിനു നൽകിയ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഏതെല്ലാം റോഡുകളാണ് ജൽജീവൻ മിഷൻ പദ്ധതിയിലുള്ളതെന്ന് പഞ്ചായത്തിനു വ്യക്തതയുണ്ടായിരുന്നില്ലെന്ന് ഓഡിറ്റ് വിഭാഗം കുറ്റപ്പെടുത്തി. 2022-23ൽ റോഡ് പ്രവൃത്തിക്ക് 16750600 രൂപ വകയിരുത്തിയതിൽ 11142657 രൂപയുടെ പ്രവൃത്തി (66.5 ശതമാനം) മാത്രമാണ് നടന്നത്.
ജൽജീവൻ മിഷൻ പദ്ധതി പ്രവൃത്തിയെ തുടർന്ന് പഞ്ചായത്തിൽ വ്യാപകമായി ഗ്രാമീണ റോഡുകൾ തകർന്നുകിടക്കുകയാണ്. തകർന്ന റോഡുകൾ ഓഡിറ്റ് വിഭാഗം നേരിൽ പരിശോധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.