ഉത്രാടപ്പാച്ചിലിൽ നിറഞ്ഞ്, തിരക്കിൽ മുങ്ങി നഗരം
text_fieldsകോഴിക്കോട്: മാവേലിയെ വരവേൽക്കാനുള്ള ഒരുക്കങ്ങളിൽ നഗരം കോവിഡ് ഭീതി മറന്നു. പാളയത്തും പച്ചക്കറി മാർക്കറ്റിലും മിഠായിതെരുവിലും ഞായറാഴ്ചയാണെന്ന് തിരിച്ചറിയാനാവാത്ത വിധം രാവിലെ മുതൽ തിരക്കായിരുന്നു. സാമൂഹിക അകലം പാലിച്ച് കുട്ടികളും പ്രായമായവരും അധികം പുറത്തിറങ്ങാതെയുള്ള ഉത്രാടനാളിൽ നഗരം വീണ്ടും ഓണത്തിെൻറ ആവേശമറിഞ്ഞു.
പാളയത്ത് വീണ്ടും പൂക്കളെത്തി
അത്തം മുതൽ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കളാൽ നിറയുന്ന പാളയത്ത് കോവിഡ് കാലത്ത് പൂക്കളുടെ വരവ് വിരളമായിരുന്നു. എന്നാൽ, തിരുവോണത്തലേന്ന് അധികം ലോഡ് എത്തി. ചെട്ടിയും ജമന്തിയും ഡാലിയയുമൊക്കെയുണ്ടെങ്കിലും കനത്ത വിലയാണ് ഈടാക്കിയത്.
പഴയപടി പൂവാങ്ങാനുള്ള നീണ്ട നിരയും വാഹനങ്ങളുമൊന്നുമില്ലെങ്കിലും പൂക്കൾ നന്നായി വിറ്റുപോയി. കിലോക്ക് 100 മുതൽ 500 രൂപ വരെയായിരുന്നു പൂക്കളുടെ വില. പാളയത്തെ വാഴയില വിപണിയിലും വറുത്തകായയും ഹലുവയും വിൽക്കുന്ന നഗരത്തിലെ ബേക്കറികൾക്ക് മുന്നിലും മാംസ- മത്സ്യ മാർക്കറ്റിലും ഉത്രാട ദിവസം നല്ല തിരക്കായിരുന്നു.
നഗരത്തിൽ ഓണസദ്യ
വിവിധ സംഘടനകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ഓണസദ്യയൊരുക്കി. തെരുവിൽ തങ്ങുന്ന നിരവധി പേർക്ക് സദ്യ അനുഗ്രഹമായി. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഒന്നിച്ചിരിക്കാനനുവദിക്കാതെ ഇലയും പപ്പടവുമെല്ലാം പാർസലായി പൊതിഞ്ഞ് നൽകിയായിരുന്നു സദ്യ വിതരണം.
തെരുവിലെ മക്കൾ ചാരിറ്റബ്ൾ ട്രസ്റ്റ് ആഭിമുഖ്യത്തിൽ പാളയം, മാവൂർറോഡ്, കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ 150 കിറ്റുകൾ നൽകി. ശോഭിക വെഡിങ്സ് സഹായത്തോടെയുള്ള ഭക്ഷണ വിതരണത്തിന് ഷഫീഖ് കുറ്റിക്കാട്ടൂർ, ആലിയ ചേളന്നൂർ, അശ്വിൻ ഒറ്റത്തെങ്ങ്, നഇൗം പുതിയങ്ങാടി, ടി.പി. മുഹമ്മദ് സലീം എന്നിവർ നേതൃത്വം നൽകി.
മൺപാത്രങ്ങൾക്ക് നല്ല കാലം
കോവിഡ് കാലത്തെ ഓണത്തിന് മൺ പാത്രങ്ങൾക്ക് നല്ല ഡിമാൻഡുള്ളതായി കച്ചവടക്കാർ. നടക്കാവ് ഇംഗ്ലീഷ് പള്ളിയിലും വെസ്റ്റ്ഹിൽ ചുങ്കത്തുമെല്ലാം തെരുവിൽ മൺപാത്ര വിൽപന നടത്തുന്നവർക്ക് മുന്നിൽ ഏറെ പേരെത്തി.
50 രൂപ മുതൽ 200 രൂപ വരെ വിലക്കാണ് മൺപാത്രങ്ങൾ വിറ്റത്. ഓണക്കാലത്ത് പുത്തൻ കലമുപയോഗിക്കുകയെന്നത് നിർബന്ധമുള്ളവരേറെയാണ്. മണ്ണിൽ തീർത്ത ശിൽപങ്ങൾക്കും ഇത്തവണ നല്ല ചെലവുണ്ടായിരുന്നു. ഇവയിൽ പലതിനും ആയിരം രൂപയിലധികമാണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.