ഓണത്തിരക്കിലൊഴുകി നഗരം
text_fieldsകോഴിക്കോട്: ഓണമാഘോഷിക്കാനുള്ള തിരക്കിലാണ് നഗരം. ഓണാവധിക്കു തൊട്ടുമുമ്പുള്ള ഞായറാഴ്ച നിന്നുതിരിയാനിടമില്ലാത്ത തിരക്കായിരുന്നു. ഓണക്കോടിയും ഓണവിഭവങ്ങളും വാങ്ങാൻ കുടുംബമായി എത്തിയവരേറെ. പതിവു തെറ്റിച്ച് ഇക്കുറി കച്ചവടം കുറവാണ്. മാനാഞ്ചിറ സ്ക്വയറിനു ചുറ്റുമാണ് കച്ചവടക്കാർ നിരന്നത്. മിഠായിത്തെരുവും പാളയവും മൊയ്തീൻ പള്ളി റോഡും കോർട്ട് റോഡും എം.എം. അലി റോഡും പി.എം. താജ് റോഡും വൈക്കം മുഹമ്മദ് ബഷീർ റോഡുമെല്ലാം ജനങ്ങളാൽ നിറഞ്ഞു.
പാളയത്തും മൊയ്തീൻ പള്ളി റോഡിലും മാനാഞ്ചിറയിലുമൊക്കെ പതിവ് ഞായറാഴ്ച കച്ചവടക്കാരും നിരന്നതോടെ തിരക്ക് കൂടി. പാളയത്ത് പച്ചക്കറിക്കച്ചവടം ഞായറാഴ്ചയായിട്ടും പൊടിപൊടിച്ചു. പാളയത്ത് പൂക്കൾക്കായുള്ള മൊത്തവിപണന കേന്ദ്രങ്ങളിലും തിരക്കായിരുന്നു. സ്കൂൾ അവധി തുടങ്ങിയതിനാൽ പാളയത്ത് നിരവധിയിടത്തായി ആരംഭിച്ച താൽക്കാലിക പൂക്കടകൾക്കു മുന്നിൽ നല്ല തിരക്കുണ്ടായിരുന്നു. ഓണം പ്രമാണിച്ച് ആരംഭിച്ച ചന്തകളിലും വിൽപന കേന്ദ്രങ്ങളിലും തിരക്കുണ്ടായിരുന്നു. മാനാഞ്ചിറയിലും കടപ്പുറത്തും രാവിലെ തന്നെ ആളുകളെത്തി. വൈകീട്ട് മാനാഞ്ചിറ സ്ക്വയറിനകത്തും തിരക്കുണ്ടായിരുന്നു. ടൗണിൽ വിവിധ റോഡുകളിൽ ഗതാഗതക്കുരുക്കുമുണ്ടായി. വിവിധ ഹോട്ടലുകളിലും കേറ്ററിങ് യൂനിറ്റുകളുടെ ആഭിമുഖ്യത്തിലും പ്രത്യേക ഓണസദ്യ ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.