ഉത്രാടത്തിരക്കിലമർന്ന് നാടും നഗരവും
text_fieldsകോഴിക്കോട്: ഓണാഘോഷം കെങ്കേമമാക്കുന്നതിനുള്ള അവസാനവട്ട ഒരുക്കങ്ങൾക്കായി ആളുകൾ കൂട്ടമായി അങ്ങാടികളിലേക്കൊഴുകിയ ഉത്രാടപ്പാച്ചിലിൽ നാടും നഗരവും തിരക്കിലമർന്നു. അത്തപ്പൂക്കളം നിറക്കാൻ പൂക്കളും സദ്യവട്ടങ്ങൾക്കുള്ള പച്ചക്കറി സാധനങ്ങളും ഓണക്കോടിയിൽനിന്ന് വിട്ടുപോയവയും സംഘടിപ്പിക്കുന്ന തിരക്കായിരുന്നു എവിടെയും. ഉത്രാടദിനത്തിൽ രാവിലെ മുതൽ കച്ചവട കേന്ദ്രങ്ങളിലെല്ലാം ആളുകൾ നിറഞ്ഞുതുടങ്ങിയിരുന്നു. ഓണം സമൃദ്ധമാക്കാനുള്ള ഓട്ടമായിരുന്നു എല്ലായിടത്തും. നഗരത്തിലെ പ്രധാന കച്ചവട കേന്ദ്രമായ മിഠായിത്തെരുവ്, പാളയം, സെന്‍ട്രല്‍ മാര്‍ക്കറ്റ്, മാളുകൾ എന്നിവിടങ്ങളിൽ വൻതിരക്ക് അനുഭവപ്പെട്ടു. ഉച്ചയോടെ തിരക്ക് പാരമ്യത്തിലെത്തി.
കർക്കടകത്തിൽ വിട്ടുനിന്ന മഴ ചിങ്ങത്തിലും വിട്ടുനിന്നതോടെ ഇത്തവണ വ്യാപാര മേഖലയിൽ നല്ല ഉണർവായിരുന്നു. കടുത്ത വെയിലിനെ വകവെക്കാതെയാണ് ആളുകള്‍ കുടുംബസമേതം ഷോപ്പിങ്ങിനെത്തിയത്. വിലക്കയറ്റത്തിനിടെ ജനങ്ങളെ ആകർഷിക്കാൻ മാളുകളിലും സൂപ്പർമാർക്കറ്റുകളിലും വൻതോതിലുള്ള ഓഫറുകളും നൽകിയിരുന്നു. കോഴിക്കോട്ട് ചിക്കൻ, ബീഫ്, മീൻ മാർക്കറ്റിലും നല്ല തിരക്ക് അനുഭവപ്പെട്ടു. നഗരത്തിൽ സദ്യകഴിക്കാനുള്ള വാഴയില വാങ്ങാനും തിരക്കുകാരണം ആളുകൾ ഏറെ കാത്തിരിക്കേണ്ടിവന്നു. സൂപ്പർ മാർക്കറ്റുകളിൽ വാഴയിലക്ക് പ്രത്യേക കൗണ്ടർ തന്നെ ഇട്ടു. പൊതുവേ ആലസ്യത്തിലായിരുന്ന തെരുവോര വിപണി ഇന്നലെ സജീവമായി. അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിനിടയിലും പൂവിനും പച്ചക്കറിക്കും വില കുതിച്ചുയർന്നില്ല എന്നത് ജനങ്ങൾക്ക് ആശ്വാസമായി. ഓണാഘോഷത്തോടനുബന്ധിച്ച് വ്യാപാര സ്ഥാപനങ്ങൾ പ്രഖ്യാപിച്ച ഓഫറുകൾ ഉപയോഗപ്പെടുത്താനും ധാരാളം പേർ എത്തി.
ഓഫറുകൾ അവസാനിക്കുന്ന ദിനമായിരുന്നതിനാൽ സ്വർണക്കടകളിലും ഗൃഹോപകരണ സ്ഥാപനങ്ങളിലും വൻതിരക്ക് അനുഭവപ്പെട്ടു. ഹോട്ടലുകളിലും കാറ്ററിങ് സ്ഥാപനങ്ങളിലും ഓണസദ്യക്കും സദ്യ ബുക്കിങ്ങിനും തിരക്കായിരുന്നു. ആളുകൾ കൂട്ടമായി പുറത്തിറങ്ങിയതോടെ പല ഭാഗങ്ങളിൽ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. നഗരത്തിലെത്തിയവർ മണിക്കൂറുകള്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങി.
മിഠായിത്തെരുവില്‍ ഷോപ്പിങ്ങിനെത്തുന്നവര്‍ക്ക് ഓണമധുരം നുകരാന്‍ പായസ മേളകളും ഒരുക്കിയിരുന്നു. പാലട, പാല്പായസം, ചെറുപയര്‍ പായസം, കാരറ്റ് പായസം എന്നിവയുമായാണ് കെ.ടി.ഡി.സി പായസമേള. ഒരു കപ്പ് പായസത്തിന് 40 രൂപയാണ് വില. അരലിറ്റര്‍ പായസത്തിന് 160 രൂപയും ഒരു ലിറ്ററിന് 300 രൂപയുമാണ് വില. അവശ്യസാധനങ്ങളുടെ വിലവര്‍ധനവിനിടയില്‍ പച്ചക്കറി വിലയില്‍ വലിയ വര്‍ധനവില്ലാത്തത് ജനങ്ങള്‍ക്ക് ആശ്വാസമായി.
മാനാഞ്ചിറ, പുതിയ സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷന്, പാളയം തുടങ്ങി നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ കാല്‍നടക്കാരും ബുദ്ധിമുട്ടി. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും തിരക്കുകൂടി. ഓണം മേളകൾ ഞായറാഴ്ചയും തിങ്കളാഴ്ചയുമായി അവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.