കളരി പയറ്റി, ദഫിൽ മുട്ടി, ഗസൽ മഴയായ് പൊന്നോണം
text_fieldsകോഴിക്കോട്: കൺമണി നീയെൻ കരം പിടിച്ചാൽ, പാടുക സൈഗാൾ, തെരി ആംഗോ കെ, എഹ്സാന് തെരാ ഹോഗാ, ജോ വാദാ കിയാ ... ഒന്നിനു പിറകെ മറ്റൊന്നായി പാട്ടുകൾ പെയ്തിറങ്ങിയപ്പോൾ സംഗീതാസ്വാദകർ കുറ്റിച്ചിറയിലേക്ക് ഒഴുകിയെത്തി. വിനോദസഞ്ചാര വകുപ്പും ജില്ല ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷത്തിലാണ് കുറ്റിച്ചിറയെ സംഗീതസാന്ദ്രമാക്കി സരിതാറഹ്മാന്റെ ഗസൽസന്ധ്യ അരങ്ങേറിയത്. കളരിപ്പയറ്റും ദഫ്മുട്ടും നങ്ങ്യാർകൂത്തും കോൽക്കളിയുമായി പൊന്നോണം 2023ന്റെ രണ്ടാം ദിനത്തിലെ കലാവിരുന്നുകളെല്ലാം ആസ്വാദകരുടെ മനംകവർന്നു.
സരിത റഹ്മാനൊപ്പം കബീർ മാളിയേക്കൽ ചാവക്കാടും ചേർന്നതോടെ പ്രണയാനുഭവങ്ങളുടെ ഗസൽസംഗീതം ജനഹൃദയങ്ങളിലേക്ക് പെരുമഴയായി പെയ്തിറങ്ങി. ഹാർമോണിയത്തിൽ ടി.സി. കോയയും ഗിറ്റാറിൽ നിധിൻ കാലിക്കറ്റും റിതം പാഡിൽ ഗണേശ് കല്ലായിയും തബലയിൽ ഫിറോസ് ഖാനും കീ ബോർഡിൽ പപ്പേട്ടനും താളവിസ്മയം തീർത്തു. മാനാഞ്ചിറയിലാണ് കളരിപ്പയറ്റ്, ദഫ്മുട്ട്, നങ്ങ്യാർകൂത്ത്, ദഫ്മുട്ട്, കോൽക്കളി തുടങ്ങിയവ അരങ്ങേറിയത്. ലെമൺ സ്പൂൺ, മ്യൂസിക്കൽ ചെയർ തുടങ്ങിയ മത്സരപരിപാടികളും സംഘടിപ്പിച്ചിരുന്നു.
ഭട്ട് റോഡ് ബീച്ചിൽ പ്രയാൺ ബാൻഡിന്റെ ഗാനനിശ അരങ്ങേറി. കുട്ടനാടൻ പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളെ എന്ന് തുടങ്ങുന്ന ഗാനം നിറഞ്ഞസദസ്സിനെ കൊണ്ട് പാടിപ്പിച്ചാണ് പ്രയാൺ ബാൻഡിന്റെ സംഗീത മാന്ത്രികജാലം വേദിയെ സജീവമാക്കിയത്. കോഴിക്കോടൻ യുവതയുടെ സിരകളിൽ സംഗീതത്തിന്റെ തീപടർത്തി പ്രയാൺ ബാൻഡ് പാടിത്തുടങ്ങിയപ്പോൾ ആസ്വാദകഹൃദയങ്ങളിലേക്ക് ആവേശത്തിരകൾ ഇരച്ചുകയറി. ഓണാഘോഷ പരിപാടികളുടെ അവസാനദിനമായ ഇന്ന് ഭട്ട് റോഡ് ബീച്ചിലെ വേദിയിൽ സമീർ ബിൻസിയുടെ ഖവാലി, ദേവരാജന്റെ ആനന്ദരാവ് തുടങ്ങിയ പരിപാടികളും അരങ്ങേറും. മാനാഞ്ചിറയിലെ വേദിയിൽ വൈകീട്ട് ആറര മുതൽ രാജസൂയം കോൽക്കളി, പൂരക്കളി, മാപ്പിളപ്പാട്ടുകളുടെ അവതരണം എന്നിവയാണ് അരങ്ങിലെത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.