ഓണാവധിയും കഴിയുന്നു, ഷീ ലോഡ്ജ് തുറക്കാനായില്ല
text_fieldsകോഴിക്കോട്: നഗരത്തിലെത്തുന്ന സ്ത്രീകൾക്കുവേണ്ടി കോർപറേഷൻ പണിത ഷീ ലോഡ്ജ് ഇനിയും തുറക്കാനായില്ല. ഓണാവധി കഴിയുമ്പോഴേക്കും ലോഡ്ജ് തുറക്കാനാവുമെന്ന പ്രതീക്ഷ മങ്ങി. ടൗൺ സ്റ്റേഷന് സമീപം നിർമാണം പൂർത്തിയായിട്ടും ഏറെക്കാലമായി അടഞ്ഞു കിടക്കുന്ന ലോഡ്ജ് നടത്തിപ്പിന് ആളെ കിട്ടാത്തതാണ് പ്രശ്നം.
കോർപറേഷൻ ഇതിനായി പല തവണ ശ്രമം നടത്തിയിട്ടും എങ്ങുമെത്തിയില്ല. ഒടുവിൽ വനിത ശിശുവകുപ്പിന് കീഴിന് നടത്തിപ്പ് ചുമതലയേല്പിക്കാനാവുമോയെന്ന് ശ്രമിച്ചുകൊണ്ടിരിക്കയാണ്. തിരുവനന്തപുരത്ത് വനിത ശിശുക്ഷേമ വകുപ്പ് ലോഡ്ജ് നടത്തുന്നുണ്ട്. ലോഡ്ജ് നടത്തിപ്പിന് കുടുംബശ്രീ ഗ്രൂപ്പുകളിൽനിന്ന് ആദ്യഘട്ടത്തിൽ അപേക്ഷ ക്ഷണിച്ചതിൽ വിവിധ ഗ്രൂപ്പുകൾ സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ അന്ന് അനുയോജ്യരെ കണ്ടെത്താനായില്ല.
കഴിഞ്ഞ കോർപറേഷൻ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഉദ്ഘാടനം ചെയ്തെങ്കിലും വെറുതെ കിടക്കുകയാണ് കെട്ടിടം. പല തവണ ലേലം നടന്നെങ്കിലും അനുയോജ്യരായ നടത്തിപ്പുകാരെ കണ്ടെത്താൻ കോർപറേഷന് കഴിഞ്ഞിട്ടില്ല. തുടർന്നാണ് കുടുംബശ്രീ സംരംഭകരിൽനിന്ന് നടത്തിപ്പുകാരെ തേടിയത്. വനിതകൾക്കുള്ള താമസസ്ഥലമെന്ന നിലയിൽ കുടുംബശ്രീ നടത്തുകയാവും ഉചിതമെന്ന ചിന്തയിലാണ് കോർപറേഷൻ ആ മേഖലയിൽനിന്നുള്ള സംരംഭകരെ തേടിയത്.
ഷീലോഡ്ജ് 10 ലക്ഷം രൂപ മുഖവില നിശ്ചയിച്ച് ഒരു കൊല്ലത്തേക്ക് ലേലം ചെയ്ത് നൽകാനായിരുന്നു തീരുമാനം. പഴയ നഗരം എൽ.പി സ്കൂൾ വളപ്പിൽ രണ്ട് കൊല്ലത്തിലേറെയായി കെട്ടിടം ഉദ്ഘാടനം ചെയ്തിട്ട്. ഷീ ലോഡ്ജിൽ ഫർണിച്ചർ അടക്കം തയാറാക്കിയതാണ്. മൊത്തം 27 സെൻറ് സ്ഥലത്ത് 4.7 കോടി ചെലവിൽ പണിതതാണ് കെട്ടിടം. റെയിൽവേ സ്റ്റേഷന് തൊട്ടടുത്ത് മൂന്ന് നിലകളിൽ 2000 ചതുരശ്ര അടിയിൽ 125 പേർക്ക് താമസിക്കാനാവും. പഴയ നഗരം എൽ.പി.സ്കൂൾ വളപ്പിൽ തൃശൂർ ജില്ല ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കെട്ടിടം പണിതത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.