ഓണവിപണി: പച്ചക്കറിവില കുതിക്കുന്നു
text_fieldsകൊയിലാണ്ടി: ഓണം പടിവാതിൽക്കലിൽ എത്തിനിൽക്കെ, പിടിതരാതെ പച്ചക്കറിവില കുതിച്ചുയരുന്നു. ഓണക്കാലത്തെ ഉയർന്ന ആവശ്യമാണ് വിലക്കയറ്റത്തിനു പിന്നിൽ. പച്ചക്കറി വിഭവങ്ങൾകൊണ്ടാണ് ഓണസദ്യ ഒരുക്കുക. വർധിച്ച ആവശ്യത്തോടൊപ്പം ഇവയുടെ വരവു കുറഞ്ഞതുമാണ് വിലക്കയറ്റത്തിനു കാരണമെന്ന് കച്ചവടക്കാർ പറഞ്ഞു.
അനുദിനം വില കൂടുകയാണ്. കടകളിൽ തോന്നിയ വിലയാണ് ഈടാക്കുന്നത്. ഒരേ അങ്ങാടിയിൽതന്നെ പല വില. ഇങ്ങനെ പോയാൽ, ഓണംനാളിൽ വിലയിൽ ഇനിയും വർധന ഉണ്ടാകാനാണ് സാധ്യത. വിപണിയിൽ ഇതുവരെ അധികൃതരുടെ ഇടപെടൽ ഉണ്ടായിട്ടില്ല.
ഓണത്തിന് ഒഴിച്ചുകൂടാൻ പറ്റാത്തതാണ് നേന്ത്രക്കായയും ഇവകൊണ്ട് നിർമിക്കുന്ന വിഭവങ്ങളും. ശർക്കര ഉപ്പേരിയും വറുത്ത ഉപ്പേരിയുമൊക്കെ പ്രധാനം. ഇവയില്ലാതെ ഓണസദ്യയില്ല. നേന്ത്രക്കായയാണ് ഇതിെൻറ പ്രധാന അസംസ്കൃത വസ്തു. ഓണം അടുത്തതോടെ ഇവയുടെ വിലയും വർധിച്ചു. 35 മുതൽ 40 രൂപ വരെയായിരുന്നു ആഴ്ച മുമ്പ് കിലോ നേന്ത്രക്കായയുടെ വില. ബുധനാഴ്ച 50 മുതൽ 60 വരെയായി ചില്ലറ വില.
വിലക്കയറ്റം വാഴകർഷകർക്ക് ഗുണപ്രദമാണ്. നേരത്തേ വിലയിടിവു കാരണം കർഷകർക്ക് വൻ നഷ്ടം സംഭവിച്ചിരുന്നു. ഓണവിപണി ലക്ഷ്യംവെച്ച് വാഴകൃഷി നടത്തിയവർക്ക് വിലവർധന ഗുണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.