ഒാണവിപണിയും നഷ്ടപ്പെടുന്നു; കച്ചവടക്കാർ അനിശ്ചിതത്വത്തിൽ
text_fieldsകോഴിക്കോട്: കോവിഡ് നിയന്ത്രണത്തിെൻറ പേരിൽ ഏറെ കഷ്ടതയും നഷ്ടവും സഹിക്കേണ്ടിവന്ന കച്ചവടക്കാർ ഒാണവിപണിയും നഷ്ടപ്പെടുന്ന ആധിയിൽ. കണ്ടെയ്ൻമെൻറ് സോണുകളുടെ പേരിൽ കടകൾക്ക് നിയന്ത്രണം തുടരുന്നത് നഗരത്തിലും നാട്ടിൻപുറങ്ങളിലും വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്.
ഒാണം വന്നതോടെ ചിലയിടങ്ങളിൽ വിപണിയിൽ നേരിയ ഉണർവ് പ്രകടമാവുന്നുണ്ടെങ്കിലും ഏതു നിമിഷവും ഉത്തരവുമായെത്തുന്ന നിയന്ത്രണങ്ങൾ ഭീഷണിയാണെന്നാണ് വ്യാപാരികൾ പറയുന്നത്. നഗരത്തിലെ ഏറ്റവും കച്ചവടം പ്രതീക്ഷിക്കുന്ന മിഠായിത്തെരുവിനെ അധികൃതർ നിയന്ത്രണംകൊണ്ട് വീർപ്പുമുട്ടിക്കുന്നുവെന്ന പരാതി ശക്തമാണ്.
കഴിഞ്ഞ പെരുന്നാളുകളും വിഷുവും നഷ്ടപ്പെട്ട മിഠായിത്തെരുവ് ചെറുതായി ഉണർന്നുവരുകയാണ്. വലിയങ്ങാടി കണ്ടെയ്ൻമെൻറ് സോണായതിെൻറ പേരിൽ ഇൗ തെരുവ് ദിവസങ്ങളോളം അടച്ചിടേണ്ടിവന്നു. ഒാണമായതോടെ അവധി ദിവസങ്ങളിൽ ആളുകൾ വരുന്നുണ്ട്.
ഞായറാഴ്്ച പക്ഷേ, വ്യാപാരികളെ പൊലീസ് 'കൺഫ്യൂഷനി'ലാക്കി. ഏഴുമണി വരെ തുറക്കാമെന്നായിരുന്നു രാവിലെ പൊലീസ് പറഞ്ഞത്. വൈകീട്ട് 4.50ന് വന്ന് അഞ്ചു മണിക്ക് അടക്കണമെന്ന് പറഞ്ഞു. കച്ചവടക്കാർ അടക്കുന്നതിനിടയിൽ ഏഴുമണി വരെ തുറക്കാമെന്ന് പൊലീസ് വീണ്ടും അറിയിച്ചു.
അങ്ങനെ വീണ്ടും തുറന്ന കച്ചവടക്കാരെ 5.45ഒാടെ പൊലീസ് വീണ്ടും അടപ്പിച്ചു. ഏറ്റവുമൊടുവിൽ രേഖാമൂലമുള്ള ഉത്തരവുമായാണ് പൊലീസ് എത്തിയതെന്ന് വ്യാപാരി സംഘടന നേതാവ് അഡ്വ. ഉമ്മർകുട്ടി കാര്യാൽ പറഞ്ഞു. ഇത്രയും നിരുത്തരവാദപരമായാണ് അധികൃതർ കച്ചവടക്കാരോട് പെരുമാറുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് പ്രതിരോധത്തിെൻറ പേരിൽ ആഴ്ചകളായി അടഞ്ഞുകിടക്കുന്ന കച്ചവടസ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കാൻ അനുവദിക്കണമെന്ന് കാലിക്കറ്റ് ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡൻറ് സുബൈർ കൊളക്കാടൻ ആവശ്യപ്പെട്ടു. വലിയങ്ങാടിയിലെ സ്റ്റീൽ, പ്ലൈവുഡ്, ഹാർഡ്വെയർ ആൻഡ് സാനിട്ടറി മുതലായ നൂറോളം സ്ഥാപനങ്ങൾ ഒരു മാസത്തോളമായി അടഞ്ഞുകിടക്കുകയാണ്. നേരത്തേ രണ്ടര മാസത്തോളം നീണ്ട ലോക്ഡൗണിൽ പൂർണമായും അടഞ്ഞുകിടന്ന സ്ഥാപനങ്ങളാണ് വീണ്ടും തുടർച്ചയായി അടച്ചിടേണ്ടിവരുന്നത്.
ഗ്രാമങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. നൂറുകണക്കിന് കണ്ടെയ്ൻമെൻറ് സോണുകളാണ് ജില്ലയിലുള്ളത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമേ അനുമതി ലഭിക്കൂ. നിർമാണമേഖല ഉൾപ്പെടെ നിർത്തിവെക്കേണ്ടിയും വരുന്നു. ഒാണമടുക്കുേമ്പാഴും ഇൗയവസ്ഥ തുടരുകയാണ്. തുണിക്കടകളും പൂക്കടകളും ഒാണംകേറാമൂലകളാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.