ഒന്നര വസ്സുകാരിക്ക് ദുരൂഹ സാഹചര്യത്തിൽ പരിക്ക്; പൊലീസ് കേസെടുത്തു
text_fieldsകോഴിക്കോട്: പന്നിയങ്കരയിൽ ഒന്നരവയസ്സുകാരിക്ക് ദുരൂഹ സാഹചര്യത്തിൽ പരിക്കേറ്റ സംഭവത്തിൽ പന്നിയങ്കര പൊലീസ് കേസെടുത്തു. കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് കേസ്. അതേസമയം വിഷയത്തിൽ ബാലാവകാശ കമീഷൻ വിവിധ വകുപ്പുകളിൽ നിന്ന് റിപ്പോർട്ട് തേടി.
പന്നിയങ്കര പൊലീസ്, മെഡിക്കൽ കോളജ് ഐ.എം.സി.എച്ച് സൂപ്രണ്ട്, കോഴിക്കോട് ജില്ല ശിശു സംരക്ഷണ സമിതി എന്നിവരിൽനിന്നാണ് കമീഷൻ വിശദീകരണം തേടിയത്. നേരത്തേ ബാലാവകാശ കമീഷൻ അംഗം ബബിത ആശുപത്രിയിൽ എത്തി കുട്ടിയെ കാണുകയും രക്ഷിതാക്കളിൽനിന്ന് മൊഴിയെടുക്കുകയും ചെയ്തിരുന്നു.
വീഴ്ചയിൽ പരിക്കേറ്റു എന്നാണ് കുട്ടിയുടെ മാതാവും അവരുടെ അമ്മയും ബാലാവകാശ കമീഷന് മൊഴി നൽകിയത്. എന്നാൽ, രക്ഷിതാക്കൾ പൊലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, കൗൺസലർമാർ എന്നിവർക്ക് നൽകിയ മൊഴികൾ സൂക്ഷ്മമായി പരിശോധിക്കുമെന്ന് ബാലാവകാശ കമീഷൻ പറഞ്ഞു. മെഡിക്കൽ ബോർഡിന്റെയും പൊലീസിന്റെയും റിപ്പോർട്ടുകൾ ലഭിച്ചതിന് ശേഷമേ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാവൂ.
റിപ്പോർട്ടുകൾ പരിശോധിച്ച് തുടർനടപടിക്ക് ശിപാർശ ചെയ്യുമെന്നും കമീഷൻ അംഗം ബബിത പറഞ്ഞു. ഈമാസം 22നാണ് രഹസ്യഭാഗങ്ങളിൽ അടക്കം ഗുരുതരമായി പരിക്കേറ്റ നിലയിൽ കുട്ടിയെ മാതാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിച്ചിട്ടും കേസ് രജിസ്റ്റർ ചെയ്യാത്തത് ആക്ഷേപത്തിനിടയാക്കിയിരുന്നു. ബാലാവകാശ കമീഷനിൽ വിവരം അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ, ഇത്തരം ആരോപണങ്ങൾ ബാലാവകാശ കമീഷൻ നിഷേധിച്ചു.
വാർത്ത അറിഞ്ഞയുടൻ മൊഴിയെടുക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അവർ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.