ഒരു മാസം കോഴിക്കോട് നഗരത്തിൽ ശേഖരിച്ചത് 6799 കിലോ ബയോമെഡിക്കൽ മാലിന്യം
text_fieldsകോഴിക്കോട്: കോർപറേഷൻ പരിധിയിൽ ആക്രി ആപ് വഴി വീടുകളിൽനിന്ന് ഒരു മാസംകൊണ്ട് 6799.2 കിലോ ഗ്രാം ബയോമെഡിക്കൽ മാലിന്യം ശേഖരിച്ചതായി കണക്ക്. ആഗസ്റ്റ് ഒന്ന് മുതൽ 31 വരെയുള്ള കണക്കാണിത്.
ഡയപ്പറുകൾ, സാനിറ്ററി നാപ്കിനുകൾ, മരുന്ന്, രാസമാലിന്യം, മൈക്രോബയോളജി-ബയോടെക്നോളജി-ക്ലിനിക്കൽ ലബോറട്ടറി മാലിന്യം, ട്യൂബ്, കുപ്പികൾ, കത്തീറ്റർ, യൂറിൻ ബാഗ്, സൂചിയില്ലാത്ത സിറിഞ്ച്, ബ്ലേഡ്, കൈയുറ തുടങ്ങിയവയെല്ലാമാണ് ശേഖരിക്കുന്നത്. ബയോമെഡിക്കൽ മാലിന്യം വീടുകളിൽനിന്ന് ശേഖരിക്കുന്നത് നഗരവാസികളിൽ അധികം പേർ അറിയാത്ത പ്രശ്നമുണ്ടെന്ന് അധികൃതർ പറഞ്ഞു.
എങ്കിലും സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണം ദിവസംതോറും വർധിച്ചുവരുന്നു. കൂടുതൽ പേരിലേക്ക് ഇക്കാര്യം എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ബയോമെഡിക്കൽ മാലിന്യം ശേഖരിക്കാനായി കോർപറേഷനുമായി എ ഫോർ മർക്കന്റൈൽ പ്രൈവറ്റ് ലിമിറ്റഡാണ് കരാർ വെച്ചത്.
ആക്രി (AAKRI) എന്ന ആപ് വഴിയാണ് ശേഖരണം. സെപ്റ്റംബറിൽ കൂടുതൽ മാലിന്യം ശേഖരിക്കാൻ ലക്ഷ്യമിട്ടെങ്കിലും നിപ നിയന്ത്രണങ്ങൾ കാരണം മാലിന്യം സ്വീകരിക്കൽ നിർത്തിയിരുന്നു. കൂടുതൽ നിയന്ത്രണങ്ങളില്ലെങ്കിൽ തിങ്കളാഴ്ച മുതൽ ശേഖരണം തുടങ്ങാനാണ് തീരുമാനം. ആപ് വഴി ശേഖരിക്കുന്ന മാലിന്യം കെൽ (കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്) വഴിയാണ് ശാസ്ത്രീയമായി സംസ്കരിക്കുന്നത്. ഒരു കിലോ മാലിന്യത്തിന് 45 രൂപയും ജി.എസ്.ടി.യും വീട്ടുകാർ നൽകണം.
ഏജൻസി ഒരു രൂപ കോർപറേഷന് നൽകും. മാലിന്യങ്ങൾ ആക്രി നൽകുന്ന പ്രത്യേക കവറിൽ സൂക്ഷിക്കണം. ഡയപ്പറുകളുടെ സംസ്കരണം കിടപ്പുരോഗികളും കുട്ടികളുമുള്ള വീടുകളിൽ വലിയ പ്രശ്നമുണ്ടാക്കുമ്പോഴാണ് മാലിന്യം കൊണ്ടുപോവാൻ സംവിധാനമൊരുങ്ങിയത്.
ആഗസ്റ്റ് എട്ടിന് മാത്രം 688.87 കിലോ ബയോമെഡിക്കൽ മാലിന്യം നീക്കിയെന്നാണ് കണക്ക്. പ്ലേ സ്റ്റോറിൽനിന്ന് ആപ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. വീട്ടുകാർക്ക് സൗകര്യമുള്ള ദിവസം മാലിന്യം വന്നെടുക്കാൻ രജിസ്റ്റർ ചെയ്യാനാവും. ടോൾ ഫ്രീ നമ്പർ: 18008905089, ഫോൺ: 9778418244. ശനി, ഞായർ ദിവസങ്ങളിൽ കാൾസെന്റർ അവധിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.