കോഴിക്കോട് ജില്ലയിൽ പാർട്ടി അംഗങ്ങളിൽ മൂന്നിലൊന്ന് വർധന; അഞ്ചിലൊന്നുപേർ വനിതകൾ
text_fieldsകോഴിക്കോട്: ജില്ലയിലെ സി.പി.എം പാർട്ടി അംഗങ്ങളിൽ വൻ വർധന. നാലുവർഷത്തിനിടെ ആകെ അംഗങ്ങളുടെ ഏതാണ്ട് മൂന്നിലൊന്ന് പേരാണ് കൂടിയത്. അംഗങ്ങളിൽ അഞ്ചിലൊന്നുപേർ വനിതകളുമാണ്. കഴിഞ്ഞ ജില്ല സമ്മേളനം കൊയിലാണ്ടിയിൽ നടക്കുമ്പോൾ പാർട്ടിക്ക് 39,267 അംഗങ്ങളാണുണ്ടായിരുന്നത്. ഇപ്പോഴിത് 51,587 ആയാണ് ഉയർന്നത്. 12,320 പേരുടെ വർധനയാണുള്ളത്. ആകെ അംഗങ്ങളിൽ 40,122 പേർ പുരുഷന്മാരും 11,465 പേർ സ്ത്രീകളുമാണ്.
പുതുതായി അംഗങ്ങളായവരിൽ യുവാക്കളുടെ എണ്ണവും വലിയതോതിൽ കൂടി. മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിൽനിന്നും മുമ്പത്തേക്കാൾ കൂടുതൽ പങ്കാളിത്തമുണ്ട്. പാർട്ടിക്ക് ന്യൂനപക്ഷ വിഭാഗങ്ങളിലടക്കം സ്വീകാര്യത ലഭിച്ചതിന്റെ തെളിവായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഈ വിഭാഗങ്ങൾ കൂടുതലുള്ള കൊടുവള്ളി, തിരുവമ്പാടി ഉൾപ്പെടെ മണ്ഡലങ്ങളിൽ സ്വാധീനം കൂടിയതായും ഇവിടങ്ങളിലെ പരമ്പരാഗതമായ നിരവധി കുടുംബങ്ങൾ പാർട്ടിയുമായി സഹകരിക്കുന്നതും രാഷ്ട്രീയ മേധാവിത്വം വർധിപ്പിച്ചു.
കോൺഗ്രസ്, ബി.ജെ.പി, മുസ്ലിം ലീഗ് എന്നിവയിൽനിന്ന് പാർട്ടിയിലേക്ക് ബ്രാഞ്ച്, ലോക്കൽ സമ്മേളന കാലയളവിൽ വലിയ ഒഴുക്കുണ്ടായതായും തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ മേധാവിത്വം നിലനിർത്തിയതിനുപുറമെ വോട്ടുവിഹിതം വർധിപ്പിക്കാനായെന്നും ജില്ല സമ്മേളനത്തിന് മുന്നോടിയായി ജില്ല സെക്രട്ടേറിയറ്റ് വിലയിരുത്തി.
പാർട്ടി ബ്രാഞ്ചുകളുടെ എണ്ണം 3857ൽനിന്ന് 4192 ആയി ഉയർന്നു. കഴിഞ്ഞതവണ 111 വനിത ബ്രാഞ്ച് സെക്രട്ടറിമാരാണുണ്ടായിരുന്നതെങ്കിൽ ഇപ്പോഴിത് 345 ആയി. തദ്ദേശ സ്ഥാപനങ്ങളിലെ മുൻ ജനപ്രതിനിധികളും കുടുംബശ്രീ ഉൾപ്പെടെ സംഘടനകളിൽ പ്രവർത്തിച്ച് കഴിവുതെളിയിച്ചവരുമാണ് വനിത ബ്രാഞ്ച് സെക്രട്ടറിമാരിലേറെ പേരും. മുൻ വർഷങ്ങളെ അപേക്ഷിച്ച് പാർട്ടി ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളിൽ വലിയ തോതിൽ മത്സരമുണ്ടായി എന്നതാണ് ഇത്തവണത്തെ പ്രത്യേകത. പേരാമ്പ്ര, കക്കോടി ഏരിയ സമ്മേളനങ്ങളിൽ വോട്ടെടുപ്പുണ്ടായെങ്കിലും ഔദ്യോഗിക പാനലിലുള്ളവർ തന്നെ വിജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.