അറബിക്കടലിനോട് കിന്നാരം പറഞ്ഞ് അതിവേഗം വളരുകയാണീ കാട്
text_fieldsകോഴിക്കോട്: കടലിനോട് കിന്നാരം പറഞ്ഞ് ആ കാറ്റേറ്റ് അതിവേഗം വളരുകയാണ് കുറച്ചു മരങ്ങൾ. മാർച്ച് 28 വന്നാൽ കടലോരത്തെ ഈ കാടിന് ഒരു വയസ്സാകും. പത്ത് സെന്‍റിൽ കടലിനഭിമുഖമായി 1600 ലേറെ മരങ്ങൾ ഈ ചെറുകാട്ടിലുണ്ട്. പക്ഷികൾക്കും ചെറുജീവികൾക്കും വേണ്ടിയുള്ള മനുഷ്യരുടെ കരുതൽ. പരിസ്ഥിതിയും ജൈവവൈവിധ്യവും ചർച്ചയാകുന്ന കാലത്ത് പ്രതീക്ഷയുടെ തണൽ പകരുന്നയിടം. വിവിധ തരം മാവുകൾ, കാഞ്ഞിരം, പാല, തേക്ക്, വീട്ടി, ഉങ്ങ്, മലയിഞ്ചി, എലഞ്ഞി, ഉപ്പൂത്തി, ആര്യവേപ്പ്, നെല്ലി തുടങ്ങിയ മരങ്ങളാണ് ഇവിടെ വളരുന്നത്. 150 ഓളം വിദേശി, സ്വദേശി പഴങ്ങൾ കായ്ക്കുന്ന മരങ്ങളുമുണ്ട്.
കേരള ഡെവലപ്മെന്‍റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ- ഡി.ഐ.എസ്.സി) ആണ് ഡോ. അകിയാ മിയാവാകി ആവിഷ്കരിച്ച വനവത്കരണ രീതിയിൽ കോഴിക്കോട് ഭട്ട്റോഡ് ബീച്ചിൽ മാതൃകാവനം തീർത്തത്. മൂന്നു വർഷം കൊണ്ട് ഇവ പൂർണ മരങ്ങളാകും. അതോടെ വനത്തിലേക്ക് സന്ദർശകർക്ക് പ്രവേശനം നൽകും. സമാനമായ രീതിയിൽ കേരളത്തിൽ പത്തോളം കേന്ദ്രങ്ങളിൽ മാതൃകാവനം സൃഷ്ടിക്കുന്നുണ്ട് കെ- ഡി.ഐ.എസ്.സി.
രാസവളങ്ങളൊന്നും ഇവിടെ ഉപയോഗിച്ചിട്ടില്ല. ഒരാൾ താഴ്ചയിൽ മണൽ നീക്കം ചെയ്താണ് വനവത്കരണം. ചുവന്ന മണ്ണ്, ചാണകം, എല്ലുപൊടി, ഈർച്ചപ്പൊടി, ചകിരിച്ചോറ്, ഉമി എന്നിവ നിറച്ച് മെത്തയുണ്ടാക്കിയാണ് സസ്യങ്ങൾ നട്ടുപിടിപ്പിച്ചത്.
തുടക്കത്തിൽ ആറ് മാസം രണ്ട് നേരം നനക്കുമായിരുന്നുവെന്ന് തോട്ടക്കാരനായ ശാന്തി നഗറിലെ ബാലകൃഷ്ണൻ പറഞ്ഞു. ഇപ്പോൾ ഒരു നേരമാണ് നനയ്ക്കുന്നത്. രണ്ട് മാസം മുമ്പ് വളം ചെയ്തു. 90 ചാക്ക് വീതം ആടിൻകാട്ടം, ഈർച്ചപ്പൊടി, ചകിരിച്ചോറ് എന്നിവ മിശ്രിതമാക്കിയാണ് വളം ചെയ്ത്ത്. ഒരു വർഷത്തിനിടയിൽ മൂന്ന് തവണ ചെറുചില്ലകൾ വെട്ടിയൊഴിവാക്കി. വളവും മണ്ണും ഒലിച്ചുപോവാതിരിക്കാൻ കരിങ്കല്ലുപയോഗിച്ച് ചുറ്റും കെട്ടിയിട്ടുണ്ട്.
20 ലക്ഷം രൂപയാണ് പദ്ധതിക്ക് ചെലവ്. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിനാണ് നടത്തിപ്പ് ചുമതല. ഭാവിയിൽ കോഴിക്കോടിന്‍റെ ടൂറിസം ഭൂപടത്തിലും ഈ കാട് ഇടം നേടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.