വീണ്ടും ഓൺലൈൻ അധ്യയന വർഷം; പ്രതീക്ഷക്കൊപ്പം ആശങ്കയുമേറെ
text_fieldsകോഴിക്കോട്: കോവിഡ് കാലത്ത് മറ്റൊരു ഓൺലൈൻ അധ്യയനവർഷത്തിന് ചൊവ്വാഴ്ച തുടക്കമാകുേമ്പാൾ ജില്ലക്ക് പ്രതീക്ഷക്കൊപ്പം ആശങ്കയുമേറെ. പുസ്തകങ്ങളടക്കം സജ്ജമാണെന്നത് വിദ്യാർഥികൾക്ക് ആശ്വാസമാണെങ്കിലും ഓൺലൈൻ ക്ലാസിന് സൗകര്യമില്ലാത്ത വിദ്യാർഥികൾ എന്തുചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ്. സർക്കാർ സ്കൂളുകളിൽ ആവശ്യത്തിന് അധ്യാപകരും പ്രധാന അധ്യാപകരുമില്ലാത്തതും ഓൺലൈൻ പഠനകാലത്ത് വെല്ലുവിളിയാവും.
ഇത്തവണ വിക്ടേഴ്സ് ചാനൽ വഴിയുള്ള അധ്യാപനത്തിന് പുറമെ, ഓരോ സ്കൂളിൽ നിന്നും ഓൺലൈൻ ക്ലാസുകൾ നടത്താൻ സർക്കാർ നിർദേശമുണ്ട്. ഘട്ടംഘട്ടമായിട്ടാണ് നടത്തുകയെങ്കിലും ഇത്തരം ക്ലാസുകൾക്ക് മൊബൈൽ ഫോണുകൾ അത്യാവശ്യമാണ്. വീടുകളിൽ ടെലിവിഷനും മൊബൈൽ ഫോൺ അടക്കമുള്ള സൗകര്യങ്ങളും ഇല്ലാത്ത കുട്ടികളുടെ കണക്കുകൾ ബി.ആർ.സികൾ വഴി ശേഖരിച്ചിട്ടുണ്ട്.
നിരവധി വിദ്യാർഥികൾക്കാണ് സ്വന്തമായി മൊബൈൽ ഫോണില്ലാത്തത്. അതേസമയം, എത്രപേർക്ക് സൗകര്യങ്ങളില്ലെന്ന് വെളിപ്പെടുത്താൻ സമഗ്ര ശിക്ഷ കേരളയുടെ ജില്ല ഉദ്യോഗസ്ഥർ തയാറാകുന്നില്ല. തിരുവനന്തപുരത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസിൽ ബന്ധപ്പെടാനാണ് ഉദ്യോഗസ്ഥെൻറ മറുപടി. മറ്റു ജില്ലകളിൽ താലൂക്ക് തിരിച്ചുള്ള കണക്കുകൾ വെളിപ്പെടുത്തുന്നുണ്ട്. സന്നദ്ധ സംഘടനകൾക്കും മറ്റും വിദ്യാർഥികളെ സഹായിക്കണമെങ്കിൽ ഇത്തരം കണക്കുകൾ അത്യാവശ്യമാണങ്കിലും വിവരങ്ങൾ രഹസ്യമാക്കിെവക്കുകയാണ്.
കഴിഞ്ഞവർഷം മുഴുവൻ വിദ്യാർഥികൾക്കും ടെലിവിഷൻ ഒരുക്കിയെന്ന് അവകാശപ്പെട്ട ശേഷം എസ്.എസ്.കെ അധികൃതർ സമൂഹമാധ്യമങ്ങൾ വഴി 'ടി.വി ചലഞ്ച്' നടത്തിയത് വിവാദമായിരുന്നു. മലയോര മേഖലകളിൽ മൊബൈൽഫോണിന് റേഞ്ചില്ലാത്തതും വിദ്യാർഥികളുടെ പഠനത്തെ ബാധിക്കും.
സ്ഥാനക്കയറ്റം സംബന്ധിച്ച യോഗ്യതയുടെ തർക്കം തുടരുന്നതിനാൽ ജില്ലയിൽ പല എൽ.പി സ്കൂളുകളിലും പ്രഥമാധ്യാപകരില്ലാത്തത് ഓൺലൈൻ ക്ലാസിനെ താളംതെറ്റിക്കുമെന്ന ആശങ്കയും ഇത്തവണയുണ്ട്.
സ്ഥിരം അധ്യാപകരില്ലാത്തതിനാൽ എല്ലാ ഭാരവും ഒരുമിച്ചു വഹിക്കേണ്ടിവരുന്ന പ്രഥമാധ്യാപകരും ജില്ലയിലുണ്ട്. പി.എസ്.സി അഡ്വൈസ് നൽകി മാസങ്ങളായിട്ടും നിയമനം ലഭിക്കാത്ത ഉദ്യോഗാർഥികൾ കാത്തിരിപ്പ് തുടരുകയാണ്. നിയമനം നീട്ടിക്കൊണ്ടുപോയി സാമ്പത്തിക ലാഭമായിരുന്നു സർക്കാറിെൻറ ലക്ഷ്യം. എന്നാൽ, ഇത്തവണ സ്കൂളുകൾ കേന്ദ്രീകരിച്ചും ഓൺലൈൻ ക്ലാസുകളുള്ളതിനാൽ അധ്യാപകക്ഷാമം പരിഹരിച്ചില്ലെങ്കിൽ തിരിച്ചടിയാകും. പല വിദ്യാലയങ്ങളും കോവിഡ് കെയർ സെൻററുകളായതിനാൽ പകരം സംവിധാനമൊരുക്കേണ്ടിവരും.
പുസ്തകവും യൂനിഫോമും തയാർ
കോഴിക്കോട്: ഓൺലൈൻ ക്ലാസുകൾക്ക് തുടക്കമാകുേമ്പാൾ വിദ്യാർഥികൾക്കായി പാഠപുസ്തകങ്ങളും യൂനിഫോമും തയാർ. വടകരയിലെ ടെക്സ്റ്റ്ബുക്ക് ഡിപ്പോയിൽ നിന്ന് സ്കൂൾ സൊസൈറ്റികളിലെത്തിച്ച പുസ്തകങ്ങൾ വരും ദിവസങ്ങളിൽ വിതരണം ചെയ്യും. മൂന്നു ഘട്ടമായി 40 ലക്ഷേത്താളം പുസ്തകങ്ങളാണ് ജില്ലയിൽ ആവശ്യമുള്ളത്.
ആദ്യഘട്ടത്തിൽ 28 ലക്ഷം വേണം. 24 ലക്ഷത്തോളം പുസ്തകങ്ങൾ ടെക്സ്റ്റ്ബുക്ക് ഡിപ്പോയിൽനിന്ന് വിവിധ സ്കൂളുകളിലെത്തിച്ചു. ഒമ്പത്, 10 ക്ലാസുകളിലെ കുറച്ച് പുസ്തകങ്ങൾ വിതരണം ചെയ്യാനുണ്ട്. അൺഎയ്ഡഡ് സ്കൂളിലേക്കുള്ളത് ഉടൻ തുടങ്ങും. കുടുംബശ്രീ അംഗങ്ങളാണ് പുസ്തക വിതരണത്തിൽ സഹായിക്കുന്നത്.
ഒന്നുമുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി യൂനിഫോമും സജ്ജമാക്കി. 13.69 ലക്ഷം മീറ്റർ കൈത്തറി തുണിയാണ് യൂനിഫോമിനായി നെയ്തത്. 720 ഓളം തൊഴിലാളികൾ 28 കൈത്തറി സഹകരണ സംഘങ്ങൾക്ക് കീഴിൽ ഇതിനായി അധ്വാനിച്ചു. 12,42,304.11 മീറ്റർ തുണി ഷർട്ടിനും 1,27,341.45 മീറ്റർ തുണി സ്യൂട്ടിനുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.