സൂക്ഷിച്ചാൽ... ദുഃഖിക്കേണ്ട...വികാസ് പട്ടേൽ വിളിക്കും പണംകവരും
text_fieldsകോഴിക്കോട്: പട്ടാളക്കാരൻ ചമഞ്ഞുള്ള വികാസ് പട്ടേലിന്റെ ഓൺലൈൻ തട്ടിപ്പ് വീണ്ടും സജീവം. ജില്ലയിലടക്കം നിരവധിപേരെ കബളിപ്പിച്ച് വൻതുകകൾ കൈക്കലാക്കിയ ഇയാൾ ഇടവേളക്കുശേഷം വീണ്ടും തട്ടിപ്പുമായി രംഗത്തെത്തി.
അവസാനമായി കഴിഞ്ഞദിവസം നഗരത്തിലെ പച്ചക്കറി വ്യാപാരി ഷാജി കുമാറിനെയാണ് ഇയാൾ കബളിപ്പിച്ച് പണം തട്ടിയത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് ഇയാൾ വ്യാഴാഴ്ച രാത്രി ഷാജിയെ ഫോണിൽ വിളിച്ച് താൻ പട്ടാളക്കാരനാണെന്നുപറഞ്ഞ് വിശ്വസിപ്പിക്കുകയും വെള്ളിയാഴ്ച രാവിലെ കൂടുതൽ പച്ചക്കറി വേണമെന്നാവശ്യപ്പെടുകയുമായിരുന്നു.
മാത്രമല്ല, സംശയം തോന്നാതിരിക്കാൻ ഷാജിയുടെ വാട്സ്ആപ്പിൽ പട്ടാളവേഷം ധരിച്ചുള്ള ചിത്രവും ഇയാൾ അയച്ചുനൽകി. തുടർന്ന് വെള്ളിയാഴ്ച രാവിലെ വീണ്ടും വിളിച്ച് പച്ചക്കറിയുടെ തുക ബാങ്ക് അക്കൗണ്ടിൽ അയക്കാമെന്നും അറിയിച്ചു.
പിന്നീട് വിളിച്ച് ഗൂഗ്ൾ പേയിൽ അക്കൗണ്ട് ലിങ്ക് ആയില്ലെന്നു പറഞ്ഞു. ഇതോടെ ഷാജി ഇക്കാര്യങ്ങൾ ശരിയാക്കി അക്കൗണ്ട് വിവരങ്ങളും എ.ടി.എം കാർഡിന്റെ ഫോട്ടോയും കൈമാറി.
പിന്നാലെ 'പട്ടാളക്കാരൻ' വിളിച്ച് മൊബൈലിൽ വന്ന ഒ.ടി.പി നമ്പർ നൽകാൻ ആവശ്യപ്പെടുകയും പച്ചക്കറി ചാക്കുകളെടുക്കാൻ ആള് കടയിലേക്ക് വരുമെന്നും അറിയിച്ചു. ഒ.ടി.പി നമ്പർ പറഞ്ഞുകൊടുത്തതോടെയാണ് രണ്ടുതവണയായി രണ്ടായിരം വീതം നാലായിരം രൂപ അക്കൗണ്ടിൽനിന്ന് നഷ്ടമായത്. തട്ടിപ്പിനെതിരെ സൈബർ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.
നേരത്തേയും പട്ടാളക്കാരനെന്നു പരിചയപ്പെടുത്തിയ വികാസ് പട്ടേൽ ജില്ലയിൽ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ട്. വെസ്റ്റ് ഹില്ലിലെ ആര്‍മി റിക്രൂട്ടിങ് ഓഫിസിലെയും എൻ.സി.സി ഹെഡ് ക്വാര്‍ട്ടേഴ്‌സിലെയും ഉദ്യോഗസ്ഥനാണെന്നു പരിചയപ്പെടുത്തി നഗരത്തിലെ നിരവധി കടകളിൽ ഇയാൾ തട്ടിപ്പ് നടത്തിയിരുന്നു.
ആര്‍മി ഉദ്യോഗസ്ഥരുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ ചിത്രം ഉള്‍പ്പെടെ അയച്ചുനല്‍കിയുള്ള തട്ടിപ്പിൽ എൻ.സി.സി ഹെഡ് ക്വാര്‍ട്ടര്‍ ഗ്രൂപ് കമാന്‍ഡന്റ് ബ്രിഗേഡിയര്‍ എ.വി. രാജൻ അന്നത്തെ ഉത്തരമേഖല ഐ.ജി അശോക് യാദവിന് വരെ പരാതി നൽകിയിരുന്നു.
വിവിധ രീതിയിൽ അന്വേഷിച്ചിട്ടും ഇയാളെ പിടികൂടാനോ വ്യാപാരികളുടെ നഷ്ടമായ പണം തിരിച്ചുപിടിക്കാനോ കഴിഞ്ഞിരുന്നില്ല. നഗരത്തിലെ ബേക്കറികളിലും ഹോട്ടലുകളിലും ഭക്ഷ്യവസ്തുക്കള്‍ക്ക് ഫോണിലൂടെ ഓര്‍ഡര്‍ നല്‍കുകയും പണത്തിനായി എ.ടി.എം കാര്‍ഡിന്റെ വിശദാംശങ്ങള്‍ ചോദിച്ച് പണം അപഹരിക്കലുമാണ് ഇയാളുടെ രീതി.
തൊണ്ടയാട്ടെ കോഫി ഷോപ്, നടക്കാവിലെ മെഡിക്കൽ ഷോപ്പ് എന്നിവിടങ്ങളിലെല്ലാം സാധനങ്ങൾ ഓർഡർ ചെയ്ത് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നു. ഓരോ തട്ടിപ്പിനും ഇയാൾ വ്യത്യസ്തമായ ഫോൺ നമ്പറുകളാണ് ഉപയോഗിക്കാറെങ്കിലും പരിചയപ്പെടുത്തുന്നത് പൊതുവെ പട്ടാളക്കാരൻ വികാസ് പട്ടേൽ എന്ന പേരുപറഞ്ഞാണ്.
തട്ടിപ്പ് ഇതാ ഇങ്ങനെ..
കടയിലേക്ക് ഫോണിൽ വിളിച്ച് പട്ടാളക്കാരൻ വികാസ് പട്ടേൽ എന്ന് പരിചയപ്പെടുത്തി ആദ്യം വലിയ അളവിൽ സാധനങ്ങൾ ഓർഡർ ചെയ്യും. ഓൺലൈൻ വഴി പണം ലഭിച്ചശേഷം മാത്രം സാധനങ്ങൾ നൽകിയാൽ മതിയെന്നുപറഞ്ഞ് കടക്കാരുടെ വിശ്വാസം നേടും.
തുടർന്ന് സാധനങ്ങളുടെ വില നൽകാൻ എ.ടി.എം കാർഡ് വിവരങ്ങൾ ചോദിക്കും. തന്ത്രത്തിൽ കാർഡിന്റെ ഫോട്ടോ കൈവശപ്പെടുത്തും. അൽപസമയം കഴിഞ്ഞ് ഫോണിലേക്ക് ഒ.ടി.പി എത്തുമെന്ന് പറയും. കടക്കാർ ഒ.ടി.പി ഇയാൾക്ക് പറഞ്ഞുകൊടുക്കുന്നതോടെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം നഷ്‍ടമാകും.
ഇനി ആരെങ്കിലും ഒ.ടി.പി നമ്പർ നൽകാതെ തിരികെ വിളിച്ചാൽ വിശ്വാസ്യതക്കായി വ്യാജ തിരിച്ചറിയൽ രേഖകൾ വാട്സ്ആപ്പിൽ അയച്ചുനൽകും. തുടർന്ന് ഗൂഗ്ൾ പേ, പേ ടി.എം, മൊബിക്വിക് പോലുള്ള യു.പി.ഐ ആപ്ലിക്കേഷനുകൾ വഴി പണം നൽകാമെന്നു പറഞ്ഞ് ക്യു.ആർ കോഡ് അയക്കും. ഈ ക്യുആർ കോഡ് സ്കാൻ ചെയ്യുന്നതോടെയും അക്കൗണ്ടിൽനിന്ന് പണം നഷ്ടമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.