വിദ്യാർഥിനിയുടെ മൊബൈലിലേക്ക് അശ്ലീലം: മാസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്തിയില്ല
text_fieldsകോഴിക്കോട്: വിദ്യാർഥിനിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീലമയച്ചയാളെ ഒമ്പതു മാസമായിട്ടും പൊലീസിന് കണ്ടെത്താനായില്ല. വെസ്റ്റ്ഹിൽ സ്വദേശിനിയായ പ്ലസ് ടു വിദ്യാർഥിനിയുടെ ഫോണിലേക്കാണ് അജ്ഞാതൻ അശ്ലീലദൃശ്യങ്ങൾ അയച്ചത്.
കുട്ടിയുടെ പിറന്നാളിന് പിതാവ് സമ്മാനമായി വാങ്ങിനൽകിയതാണ് മൊബൈൽ. ഓൺലൈൻ പഠനത്തിന് ഉപയോഗിച്ച ഫോണിലേക്ക് ജനുവരി 23ന് രാത്രി പത്തരയോടെ ടെലിഗ്രാം ആപ്പിൽ അജ്ഞാത നമ്പറിൽനിന്ന് അശ്ലീല വിഡിയോകളും രണ്ട് ഫോട്ടോകളും വരുകയായിരുന്നു. അടുത്തദിവസം പിതാവ് നടക്കാവ് പൊലീസിൽ പരാതി നൽകി. പോക്സോ കുറ്റം ചുമത്തി രജിസ്റ്റർ ചെയ്ത കേസിൽ പൊലീസ് ഫോൺ വിദഗ്ധ പരിശോധനക്കായി വാങ്ങിവെക്കുകയും ചെയ്തു.
പിന്നീട് ഫോൺ അന്വേഷിച്ചപ്പോൾ കുട്ടിയുടെ ശരീരപരിശോധന നടത്തണമെന്ന വിചിത്രവാദമാണ് പൊലീസ് ഉന്നയിച്ചത്. ഇതിന് കുട്ടിയും രക്ഷിതാവും സമ്മതിക്കാത്തതോടെ കേസിൽ കാര്യമായ അന്വേഷണവും നടന്നില്ല. മാസങ്ങൾക്കുശേഷം ഫോൺ തിരിച്ചുകിട്ടാൻ കുട്ടിയും പിതാവും പൊലീസ് സ്റ്റേഷനിലെത്തിയെകിലും കണ്ണൂരിലെ റീജനൽ ഫോറൻസിക് ലാബിൽ വിദഗ്ധ പരിശോധനക്കയച്ചതാണെന്നായിരുന്നു മറുപടി.
അപ്പോഴും പെൺകുട്ടിയുടെ ശരീരം പരിശോധിക്കണമെന്ന വാദത്തിൽ പൊലീസ് ഉറച്ചുനിന്നു. ഇതോടെ പൊലീസ് നിലപാട് വിമർശിക്കപ്പെടുകയും ചെയ്തു. സംഭവം വിവാദമായതിന് പിന്നാലെയാണ് പൊലീസ് നിലപാട് തള്ളി കമീഷണർതന്നെ രംഗത്തുവന്നത്. കുട്ടിയുടെ ശരീരപരിശോധന നടത്തേണ്ടതില്ലെന്നും കോടതിമുഖേനെ ഫോറൻസിക് ലാബിലേക്ക് അപേക്ഷ നൽകി ഫോൺ ഉടൻ ലഭ്യമാക്കുമെന്നും സിറ്റി പൊലീസ് മേധാവി എ. അക്ബർ അറിയിച്ചു.
പീഡന പരാതിയുള്ള സാധാരണ പോക്സോ കേസിൽ ദേഹപരിശോധന അനിവാര്യമാണ്. ഇത് ഫോണിലേക്ക് വന്ന സന്ദേശമാണ്. അതിനാൽ ദേഹപരിശോധനയുടെ ആവശ്യമില്ല. കേസിൽ അന്വേഷണം പെട്ടെന്ന് പൂർത്തിയാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും കമീഷണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.