‘പട്ടാളക്കാരന്റെ’ ഓൺലൈൻ തട്ടിപ്പ്; മത്സ്യവിൽപനക്കാരന് 22,000 രൂപ നഷ്ടമായി
text_fieldsകോഴിക്കോട്: പട്ടാള ക്യാമ്പിലേക്ക് 100 കിലോ കോലി മീൻ ഓർഡർചെയ്ത് മത്സ്യവിൽപനക്കാരന്റെ അക്കൗണ്ടിൽനിന്ന് 22,000 രൂപ ഓൺലൈനായി തട്ടി. ഫറോക്ക് കരുവൻതിരുത്തി റോഡിലെ മത്സ്യവിൽപനക്കാരൻ പി. സിദ്ദീഖിനാണ് പണം നഷ്ടമായത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് സിദ്ദീഖിന്റെ ഫോണിൽ പട്ടാളക്കാരനെന്ന് പരിചയപ്പെടുത്തിയ ആൾ വിളിച്ചിട്ട് ചൊവ്വാഴ്ച ഫാറൂഖ് കോളജിലെ ക്യാമ്പിലേക്ക് 100 കിലോ മത്സ്യം വേണമെന്ന് ഹിന്ദിയിൽ ആവശ്യപ്പെടുകയായിരുന്നു.
ഹിന്ദി നന്നായി അറിയാത്തതിനാൽ സിദ്ദീഖ് കച്ചവടത്തിലെ തന്റെ സഹായിയായ വാസിഫിന് ഫോൺ കൈമാറുകയും വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു. ഇതിനിടെ ‘പട്ടാളക്കാരൻ’ വിശ്വാസ്യതക്കായി ഒരു കെട്ടിടത്തിനു മുന്നിൽ പട്ടാളക്കാർ നിൽക്കുന്ന ചിത്രമയച്ച് ഇതാണ് ക്യാമ്പ് എന്നറിയിക്കുകയും ചെയ്തു. ഫാറൂഖ് കോളജിലെ എൻ.സി.സി ക്യാമ്പിലേക്കാണ് മീൻ എന്നാണ് സിദ്ദീഖ് കരുതിയത്.
ഏതു മീനാണ് വേണ്ടതെന്ന് അന്വേഷിച്ചപ്പോൾ കോലി മീനിന്റെ ഫോട്ടോയും അയച്ചു. മീൻ നൽകാമെന്ന് പറഞ്ഞതോടെ വില ചോദിച്ചു.കിലോക്ക് 280 രൂപയും ആകെ 28,000 രൂപയും ആകുമെന്നറിയിച്ചതോടെയാണ് അഡ്വാൻസ് തുക അയക്കാൻ അക്കൗണ്ട് വിവരങ്ങൾ ചോദിച്ചത്.
15,000 രൂപ അഡ്വാൻസായി നൽകാമെന്നും ബാക്കി തുക മത്സ്യം ക്യാമ്പിൽ എത്തിക്കുമ്പോൾ നേരിട്ട് നൽകാമെന്നുമാണ് പറഞ്ഞത്. അക്കൗണ്ടിന്റെ ക്യു.ആർ കോഡ് അയക്കാമെന്ന് പറഞ്ഞപ്പോൾ അത് പറ്റില്ലെന്നറിയിച്ചു. തുടർന്ന് ഗൂഗ്ൾ പേ നമ്പർ നൽകിയെങ്കിലും അതും പോരെന്നായി. സർക്കാർ പണമാണ് നൽകുന്നതെന്നും മറ്റൊരു ഫോൺ നമ്പർ നൽകാനും പറഞ്ഞതോടെ സിദ്ദീഖ് മകൻ മുസ്തഫയുടെ നമ്പർ നൽകി.
പട്ടാളക്കാരൻ മുസ്തഫയുടെ മൊബൈലിലേക്ക് വിഡിയോ കാൾ ചെയ്ത് സിദ്ദീഖിന്റെ മൊബൈൽ ഫോണിലെ ഗൂഗ്ൾ പേ തുറന്ന് ചില ക്രമീകരണങ്ങൾ വരുത്താനും തുടർന്ന് പണം അയക്കുമ്പോഴുള്ള രഹസ്യ നമ്പർ എന്റർ ചെയ്യാനും നിർദേശിച്ചു. പറഞ്ഞപ്രകാരം ഗൂഗ്ൾ പേയിൽ ക്രമീകരണങ്ങൾ വരുത്തി സിദ്ദീഖിന്റെ സഹായി രഹസ്യ നമ്പർ എന്റർ ചെയ്തതോടെയാണ് അക്കൗണ്ടിൽനിന്ന് 22,190 രൂപ നഷ്ടമായത്.
1600 രൂപ മാത്രമാണ് അക്കൗണ്ടിൽ ബാക്കിയുള്ളത്. തട്ടിപ്പ് മനസ്സിലായതോടെ സിദ്ദീഖ് ഫറോക്ക് പൊലീസിൽ പരാതി നൽകുകയും അക്ഷയ സെന്റർ വഴി ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട ടോൾഫ്രീ നമ്പറിൽ പരാതി രജിസ്റ്റർ ചെയ്യുകയും ചെയ്തു. മഹീന്ദ്ര ബാങ്കിന്റെ അക്കൗണ്ടിലേക്കാണ് പണം പോയതെന്നാണ് കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.