ഓൺലൈൻ ടാക്സികൾ പണിമുടക്കിൽ; സർവിസ് നിലച്ചിട്ട് രണ്ടാഴ്ച
text_fieldsകോഴിക്കോട്: ജില്ലയിൽ ഓൺലൈൻ ടാക്സികളുടെ പണിമുടക്ക് തുടരുന്നു. സർവിസ് നടത്തിയിരുന്ന വാഹനങ്ങളിൽ ഒന്നുപോലും രണ്ടാഴ്ചയോളമായി നിരത്തിലില്ല. കമ്പനികൾ നിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഡ്രൈവർമാർ പണിമുടക്ക് തുടങ്ങിയത്.
സർക്കാർ നിശ്ചയിച്ച നിരക്കുതന്നെ ആദ്യ അഞ്ചു കിലോമീറ്ററിന് 200 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 18 രൂപ വീതവുമാണ്.
എന്നാൽ, ഉബർ കമ്പനി ആദ്യ ഒരു കിലോമീറ്ററിന് 38 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും ഒമ്പതു രൂപ തോതിലും ഒല കമ്പനി ആദ്യ മൂന്നു കിലോമീറ്ററിന് 120 രൂപയും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 12 രൂപ തോതിലും മാത്രമാണ് നൽകുന്നതെന്ന് കോഴിക്കോട് ഓൺലൈൻ ടാക്സി ഡ്രൈവേഴ്സ് യൂനിയൻ രക്ഷധികാരി പി. സന്തോഷ് കുമാർ പറഞ്ഞു.
നേരത്തേ 200 വാഹനങ്ങൾ ഓൺലൈൻ ടാക്സികളായി നഗരത്തിൽ സർവിസ് നടത്തിയിരുന്നു. മതിയായ നിരക്ക് നൽകാഞ്ഞതോടെ നഷ്ടമായതിനാൽ പകുതിയിലേറെയും ഇപ്പോൾ കളമൊഴിഞ്ഞു.
നിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവർമാർ ലേബർ കമീഷണർക്ക് നിവേദനം നൽകുകയും കമീഷണർ കമ്പനി പ്രതിനിധികളെയും ഡ്രൈവർമാരെയും വിളിച്ചുവരുത്തി ചർച്ച നടത്തുകയും ചെയ്തിരുന്നു. എന്നാൽ, പ്രശ്നത്തിന് ഇതുവരെ പരിഹാരമായിട്ടില്ല. ഇതോടെ തൊഴിലാളി യൂനിയൻ നേരിട്ട് കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തിവരുകയാണ്.
കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ നൽകുന്ന നിരക്കുപോലും കമ്പനികൾ കോഴിക്കോട്ടെ വാഹനങ്ങൾക്കു നൽകുന്നില്ലെന്ന് പരാതിയുണ്ട്. ഏകീകൃത നിരക്കില്ലെന്നതിനു പുറമെ കോവിഡിനു മുമ്പ് അനുവദിച്ചിരുന്ന പല ആനുകൂല്യങ്ങളും വെട്ടിക്കുറക്കുകയും ചെയ്തു.
മാത്രമല്ല കോവിഡ് കാലത്തിനു മുമ്പുള്ള നിരക്ക് ഇതുവരെ പുതുക്കിയിട്ടുമില്ല. വാഹനങ്ങളുടെ വായ്പ തിരിച്ചടവ്, ഇന്ധനച്ചെലവ്, അറ്റകുറ്റപ്പണി ചെലവ് തുടങ്ങിയവ പരിഗണിക്കുമ്പോൾ കമ്പനികൾ അനുവദിക്കുന്നത് താരതമ്യേന കുറഞ്ഞ നിരക്കാണെന്നും സർക്കാർ നിശ്ചയിച്ച നിരക്കുപോലും നൽകാത്തത് ചൂഷണമാണെന്നുമാണ് ഡ്രൈവർമാർ പറയുന്നത്.
ഓൺലൈൻ ടാക്സി സേവനമില്ലാത്ത ജില്ലയിലേക്ക് ഓട്ടംപോയാൽ മടങ്ങിവരുമ്പോൾ യാത്രക്കാരെ കിട്ടാത്തതടക്കം വലിയ നഷ്ടമാണുണ്ടാകുന്നത്. കമ്പനിയെടുക്കുന്ന കമീഷന് അനുസരിച്ചുള്ള വേതനംപോലും കിട്ടുന്നില്ല.
കമ്പനികൾ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാൻ സർക്കാർ ഇടപെട്ട് നിയമനിർമാണം നടത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. അതേസമയം, കേന്ദ്ര സർക്കാർ നിർദേശിച്ച ‘അഗ്രിഗേറ്റഡ് ലൈസൻസ്’ പദ്ധതി നടപ്പാക്കിയാൽ ഒരു പരിധിവരെ പ്രശ്നങ്ങൾക്ക് പരിഹാരമാകും. എന്നാൽ, ഇത് നടപ്പാക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.