കോഴിക്കോട് ഒഴിവുള്ളത് 1725 കിടക്കകൾ മാത്രം; കിട്ടാൻ ശിപാർശയും സ്വാധീനവും
text_fieldsകോഴിക്കോട്: ജില്ലയിൽ കോവിഡ് രോഗികൾക്കായി മാറ്റിവെച്ചതിൽ ഒഴിവുള്ളത് 1725 കിടക്കകൾ മാത്രം. കോവിഡ് ബാധിച്ച രോഗികളുമായി ബന്ധുക്കൾ ആശുപത്രികൾ കയറിയിറങ്ങേണ്ട അവസ്ഥയാണ്.
രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ കിടക്കകൾ കിട്ടാൻ പരിചയക്കാരെയും സ്വാധീനം ഉള്ളവരെയും കണ്ടെത്തി ശിപാർശ നടത്തുകയാണ് പലരും. സർക്കാർ ജില്ലയിൽ തയാറാക്കിയ 4588 കോവിഡ് കിടക്കകളിൽ ഔദ്യോഗിക കണക്കു പ്രകാരം 2863 ഉം നിറഞ്ഞുകഴിഞ്ഞു. ഓക്സിജൻ സൗകര്യമുള്ള കിടക്കകളിൽ 248 എണ്ണം മാത്രമാണ് ബാക്കിയുള്ളത്. 316ൽ 68 ഐ.സി.യുകളും 123ൽ 46 വെൻറിലേറ്ററുകളും ഒഴിവുണ്ട്.
കോവിഡ് ബാധിച്ച ഗുരുതര രോഗികളെ മാത്രം ചികിത്സിക്കുന്നതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ മറ്റു രോഗികൾക്ക് പ്രവേശനം ലഭിക്കില്ല. ലക്ഷണം ഉള്ള ബി കാറ്റഗറി രോഗികളെ ചികിത്സിക്കുന്ന ബീച്ച് ജനറൽ ആശുപത്രിയിൽ 24 കിടക്കകൾ മാത്രമാണ് ബാക്കി. അതിനാൽ സാമ്പത്തിക മുള്ളവർ സ്വകാര്യ ആശുപത്രികളെ ശരണം പ്രാപിക്കുകയാണ്.
സ്വകാര്യ ആശുപത്രികളിലും കിടക്കകൾ നിറഞ്ഞുതുടങ്ങി. മിംസ് ആശുപത്രിയിൽ 26 കിടക്കകൾ മാത്രമാണ് ഒഴിവുള്ളത്. ബേബി മെമ്മോറിയലിൽ ആറെണ്ണവും ഇഖ്റയുടെ മൂന്ന് ആശുപത്രി സൗകര്യങ്ങളിലായി 27 കിടക്കകളും ആണ് ഉള്ളത്. കോവിഡിന് മാത്രമായി തുടങ്ങിയ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കിടക്കകൾ നിറയുകയാണ്.
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ 24 കിടക്കകൾ, ഹോമിയോ മെഡിക്കൽ കോളജിൽ 41, സുമംഗലി 99, അലങ്കാർ 69, പി.എം.എസ്.എസ്.വൈ 118 എന്നിങ്ങനെയാണ് ഒഴിവുള്ള കിടക്കകളുടെ എണ്ണം.
ചില സ്വകാര്യ ആശുപത്രികൾ രോഗികളിൽനിന്ന് ചികിത്സക്കായി വലിയ തുകയും ഈടാക്കുന്നുണ്ട്. രണ്ടുദിവസത്തെ ചികിത്സക്കായി അമ്പതിനായിരം രൂപയോളമാണ് ഒരു ആശുപത്രി ഈടാക്കിയത്. കോവിഡ് രോഗികൾ ആയതിനാൽ ഡോക്ടർമാരുടെയും നഴ്സുമാരുടെയും നിരന്തരമുള്ള സന്ദർശനം ഇല്ലാതെയാണ് ഈ തുക.
പലരും രോഗം വരുമ്പോഴേക്കും ഗുരുതരമായാൽ കിടക്ക ലഭിച്ചില്ലെങ്കിലോ എന്ന് ഭയന്നും സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ട്. ഇങ്ങനെ കോവിഡിനു വേണ്ടി മാറ്റിവെച്ച സൗകര്യങ്ങൾ നിറയുമ്പോൾ പലപ്പോഴും യഥാർത്ഥത്തിൽ ചികിത്സ ആവശ്യമുള്ള രോഗികളുടെ ആവശ്യം നിഷേധിക്കുന്നതിന് ഇടയാക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.