സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം; പലയിടത്തും യൂനിഫോം ലഭിച്ചില്ല
text_fieldsകൊയിലാണ്ടി: സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിദ്യാർഥികൾക്കുള്ള യൂനിഫോം എത്തിയില്ലെന്ന് പരാതി. സർക്കാർ സ്കൂളിൽ പഠിക്കുന്ന എൽ.പി, യു.പി വിഭാഗം കുട്ടികൾക്കാണ് യൂനിഫോം ലഭിക്കാൻ കാലതാമസം നേരിടുന്നത്. സർക്കാർ സ്കൂളുകളിൽ സൗജന്യ യൂനിഫോമാണ് വിതരണം ചെയ്യാറുളളത്. ഇത്തവണ മേയ് ആദ്യവാരം ഒന്നാംഘട്ട വിതരണം ആരംഭിച്ചിരുന്നു. അവ മൊത്തത്തിൽ എത്തിച്ച കേന്ദ്രത്തിൽനിന്ന് അതത് സ്കൂളുകൾ തങ്ങളുടെ സ്കൂളിൽ യൂനിഫോം എത്തിക്കുകയും ചെയ്തു. എന്നാൽ, യൂനിഫോമിന്റെ കെട്ട് തുറന്നപ്പോൾ ജോടിയായി നൽകാൻ തുണികൾ ഉണ്ടായിരുന്നില്ലെന്ന് സ്കൂൾ അധികൃതർ പറയുന്നു. പാന്റ്സിന്റെ തുണി മാത്രമാണ് മിക്ക സ്കൂളുകളിലും വന്നത്. ഇവ ജോടിയല്ലാതെ ലഭിച്ചാൽ വിദ്യാർഥികൾക്ക് ഉപകാരപ്പെടില്ല.
കഴിഞ്ഞ വർഷം നേരത്തെ തന്നെ യൂനിഫോം എത്തിയിരുന്നു. എന്നാൽ, ഇത്തവണ ഇക്കാര്യത്തിൽ വ്യക്തത വരാത്ത അവസ്ഥയാണ്. ഇനി വിദ്യാർഥികൾക്കുള്ള യൂനിഫോമിന്റെ ജോടി പൂർണമായി എത്തിയാൽ തന്നെ നാലു ദിവസത്തെ പരിശീലനം കഴിഞ്ഞ് തിങ്കളാഴ്ചയേ അധ്യാപകർ ഒഴിവുണ്ടാവുകയുള്ളു. തുടർന്ന് സ്കൂളിലെത്തി അവ കുട്ടികളുടെ അളവിൽ മുറിച്ചശേഷം കുട്ടികൾ വന്നു വാങ്ങുമ്പോഴേക്കും യൂനിഫോം തയ്ച്ചുകിട്ടാൻ കാലതാമസം നേരിടും.
ജൂൺ മൂന്നിന് തുറക്കുമ്പോൾ യൂനിഫോം ഇല്ലാതെ കുട്ടികൾ വരേണ്ടിവരുമെന്ന് രക്ഷിതാക്കൾ പറയുന്നു. നേരത്തെ കുട്ടികൾ കൈത്തറി യൂനിഫോം ധരിക്കണമെന്ന പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും നടപ്പിലായില്ല. മാനേജ്മെന്റ് സ്കൂളുകളിൽ യൂനിഫോം തുണിക്ക് പകരം വിദ്യാർഥികൾക്ക് യൂനിഫോം വാങ്ങാനുള്ള പണം നൽകിയിരുന്നു.500 രൂപയാണ് മിക്ക സ്കൂളുകളും ഈയിനത്തിൽ വിതരണം ചെയ്തത്. ഇതിനിടയിൽ തയ്യൽ കൂലി സ്കൂളിൽനിന്ന് കിട്ടുമെന്ന അറിയിപ്പുമുണ്ടായിരുന്നു. ഇതും യാഥാർഥ്യമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.