കായിക മേഖലക്ക് വാഗ്ദാനം മാത്രം
text_fieldsകോഴിക്കോട്: തെരഞ്ഞെടുപ്പുകൾ മാറിമാറി വരുേമ്പാഴും കോഴിക്കോട്ടെ കായിക താരങ്ങൾക്കും കളിപ്രേമികൾക്കും നിരാശ തന്നെയാണ് ബാക്കി. നിലവാരമുള്ള സ്റ്റേഡിയങ്ങളും മറ്റു സൗകര്യങ്ങളും ജില്ലയിൽ പലയിടത്തുമില്ലെന്നതും നിലവിലെ സ്റ്റേഡിയങ്ങളിൽ ചിലത് കാര്യമായി ഉപയോഗപ്പെടുത്താനാകുന്നില്ലെന്നതും കായികരംഗത്തെ തിരിച്ചടിയാണ്.
കോർപറേഷനും വിവിധ നഗരസഭകളും ഗ്രാമപഞ്ചായത്തുകളും കളിക്കളങ്ങൾ സ്ഥാപിക്കുമെന്ന് ഓരോ തവണയും വാഗ്ദാനം നൽകാറുണ്ടെങ്കിലും ഒന്നും ഫലം കാണുന്നില്ലെന്നാണ് ആക്ഷേപം.
കോഴിക്കോടിെൻറ സ്വന്തം കളിമുറ്റമായ ഇം.എം.എസ് കോർപറേഷൻ സ്റ്റേഡിയം വികസിപ്പിക്കാനാകാത്ത അവസ്ഥയിലാണ്. 1952 മുതൽ 43 വർഷം തുടർച്ചയായി നടന്ന സേട്ട് നാഗ്ജി ഫുട്ബാൾ ടൂർണമെൻറിനുശേഷം കഴിഞ്ഞ മൂന്നു സീസണുകളിൽ നടന്ന ഐ ലീഗ് മത്സരങ്ങളാണ് കോഴിക്കോടിന് ഫുട്ബാൾ കാഴ്ചയൊരുക്കിയത്. കോവിഡ് കാരണം ഐ ലീഗ് ഇത്തവണ കൊൽക്കത്തയിേലക്കും മാറ്റി.
ഐ ലീഗിന് പോലും പറ്റാത്ത രീതിയിലാണ് സ്റ്റേഡിയം നിർമിച്ചതും പിന്നീട് നവീകരിച്ചതും. മൈതാനത്തുനിന്ന് 45 മീറ്റർ അകലെയാണ് ഗ്രാൻഡ് സ്റ്റാൻഡ് പവിലിയൻ നിർമിച്ചത്. ഇവിടെ ഇരുന്ന് വ്യക്തമായി കളി കാണാനാകില്ലെന്ന് സ്ഥിരം പരാതിയാണ്. അഴുക്കുചാൽ സംവിധാനത്തിലെ പോരായ്മകൾ സ്റ്റേഡിയത്തിൽ മാത്രമല്ല, സ്റ്റേഡിയത്തിന് പുറത്തുമുണ്ട്.
ഗാലറിയിൽ അങ്ങോളമിങ്ങോളമുള്ള തൂണുകൾ കാഴ്ച തടസ്സപ്പെടുത്തുന്ന തരത്തിലാണ്. 2015ലെ ദേശീയ ഗെയിംസിനായി നവീകരിച്ച കോർപറേഷൻ സ്േറ്റഡിയം സമുച്ചയം വീണ്ടും പഴയ പടിയാവുകയായിരുന്നു. ദേശീയ ഗെയിംസ് വരുന്നതിന് തൊട്ടുമുമ്പ് തിരക്കിട്ടാണ് പണി നടന്നത്. പലയിടത്തും ടൈലുകൾ പൊട്ടിയ അവസ്ഥയിലാണ്.
ഐ ലീഗിനുശേഷം ഗോകുലം കേരള എഫ്.സി മാനേജ്മെൻറാണ് മൈതാനം പരിപാലിക്കുന്നത്. പ്രഫഷനൽ രീതിയിൽ തന്നെ ഗോകുലം മൈതാനത്തിലെ പുല്ലുകളും മറ്റും സംരക്ഷിക്കുന്നുണ്ട്. അതേസമയം, കേരള ബ്ലാസ്റ്റേഴ്സിനെ ഇവിടെ എത്തിച്ച് ഗോകുലത്തെ ഒഴിവാക്കാൻ ചില ശ്രമങ്ങൾ നടന്നിരുന്നു.
എന്നാൽ, അന്താരാഷ്ട്ര നിലവാരം വേണ്ട ഐ.എസ്.എൽ മത്സരങ്ങൾക്ക് ഈ സ്റ്റേഡിയത്തിലെയും പരിസരത്തെയും സൗകര്യങ്ങൾ മതിയാവില്ല. നഗരത്തിൽ ഫുട്ബാൾ അക്കാദമി സ്ഥാപിക്കും, കോർപറേഷെൻറ ഫുട്ബാൾ അക്കാദമിയുടെ പ്രവർത്തനം വിപുലീകരിക്കും, ഫുട്ബാൾ ടൗൺഷിപ് സ്ഥാപിക്കും തുടങ്ങിയ വാഗ്ദാനങ്ങൾ കഴിഞ്ഞ തവണ എൽ.ഡി.എഫ് പ്രകടനപത്രികയിൽ ഉണ്ടായിരുന്നെങ്കിലും നടപ്പായിട്ടില്ല. ഇത്തവണയും വാഗ്ദാനങ്ങളേറെയുണ്ട്.
ചേവായൂരിൽ അന്താരാഷ്ട്ര നിലവാരമുള്ള ഇൻഡോർ സ്റ്റേഡിയം നിർമിക്കാൻ സർക്കാർ തലത്തിൽ വർഷങ്ങൾക്കുമുമ്പ് തീരുമാനിച്ചിട്ടും കാര്യമുണ്ടായില്ല.
മികച്ചൊരു വോളിബാൾ സ്റ്റേഡിയവും ജില്ലയിൽ എവിടെയുമില്ല. കൊയിലാണ്ടിയിലെ സ്റ്റേഡിയം വ്യാപാര സമുച്ചയങ്ങൾ നിറഞ്ഞ് മൈതാനം ചുരുങ്ങിയ അവസ്ഥയിലാണ്. റവന്യൂ വകുപ്പ് ജില്ല സ്പോർട്സ് കൗൺസിലിന് 25 വർഷത്തേക്ക് പാട്ടത്തിന് െകാടുത്തതാണിവിടെ. കായികമേഖലക്ക് വളക്കൂറുള്ള താമരശ്ശേരിയിലും മുക്കത്തും ബാലുശ്ശേരിയിലും പന്ത് തട്ടാൻ പോലും സ്ഥലമില്ലാതെ കായിക താരങ്ങൾ ദുരിതത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.