പരീക്ഷക്കെത്തിയത് രണ്ടുപേർ മാത്രം; ഡ്രൈവിങ് ടെസ്റ്റ് പുനരാരംഭിച്ചു
text_fieldsകോഴിക്കോട്: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ പ്രതിഷേധിച്ച് ഡ്രൈവിങ് സ്കൂൾ ഉടമകൾ നടത്തുന്ന സമരത്തെതുടർന്ന് നിലച്ച ടെസ്റ്റ് വെള്ളിയാഴ്ച പേരിനുമാത്രം പുനരാരംഭിച്ചു.
മേയ് രണ്ടുമുതൽ തുടരുന്ന സമരത്തെ കർശനമായി നേരിടണമെന്ന ഗതാഗതമന്ത്രിയുടെ നിർദേശത്തെത്തുടർന്ന് വെള്ളിയാഴ്ച ടെസ്റ്റിന് ചേവായൂർ ടെസ്റ്റ് ഗ്രൗണ്ടിൽ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ എല്ലാ തയാറെടുപ്പോടെയും എത്തിയെങ്കിലും പരീക്ഷക്കെത്തിയത് രണ്ടുപേർ മാത്രമായിരുന്നു. ഇരുവരും ലൈസൻസ് പുതുക്കലിനാണ് എ
ത്തിയത്. അപേക്ഷ പ്രകാരമുള്ള 30 പേരുടെ ലിസ്റ്റുമായാണ് എം.വി.ഐ മനുവിന്റെ നേതൃത്വത്തിൽ എ.എം.വി.ഐമാരുൾപ്പെടെയുള്ള സംഘം എത്തിയത്. ഡ്രൈവിങ് ടെസ്റ്റിന് സ്കൂളുകൾ വാഹനം നൽകിയില്ലെങ്കിൽ സ്വന്തം വാഹനം ഉപയോഗിക്കാമെന്നും അറിയിപ്പ് നൽകിയിരുന്നു.
ആവശ്യപ്പെട്ടാൽ വകുപ്പിന്റെ വാഹനം നൽകാനും ഒരുക്കം നടത്തിയിരുന്നു. ഡ്രൈവിങ് സ്കൂളുകൾ നടത്തുന്ന സമരത്തോട് ഒരുവിഭാഗം ഉദ്യോഗസ്ഥർ സഹകരിക്കുന്നതിനാലാണ് ടെസ്റ്റ് നടക്കാതിരിക്കുന്നതെന്നും സ്ലോട്ട് ലഭിച്ച് ടെസ്റ്റിന് എത്തുന്ന അപേക്ഷകരെ ഗ്രൗണ്ടുകളിൽ തടസ്സപ്പെടുത്തുന്നതും ബാഹ്യശക്തികളുമായി ചേർന്ന് നിസ്സാര കാരണങ്ങൾ പറഞ്ഞു മടക്കിയയക്കുന്നതും ശ്രദ്ധയിൽപെട്ടതായും മന്ത്രി കഴിഞ്ഞ ദിവസമിറക്കിയ സർക്കുലറിൽ സൂചിപ്പിച്ചിരുന്നു.
കോടതിയുടെയും സർക്കാറിന്റെയും നിർദേശങ്ങൾ പാലിക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് അലംഭാവം ഉണ്ടായാൽ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി ഗണേഷ് കുമാർ സർക്കുലറിൽ പറഞ്ഞിരുന്നു. ഇതേത്തുടർന്ന് ടെസ്റ്റ് നടത്തേണ്ട ബാധ്യത ഉദ്യോഗസ്ഥരിൽ വന്നുചേരുകയും ചെയ്തു. ഡ്രൈവിങ് ടെസ്റ്റ് സുഗമമായി നടത്തുന്നതിന് സാധ്യമായ സ്ഥലങ്ങളിൽ സർക്കാർ നിയന്ത്രണത്തിലുള്ള ഭൂമിയിലോ സന്നദ്ധ സ്വകാര്യ ഭൂമിയിലോ ടെസ്റ്റിനുള്ള ഗ്രൗണ്ടുകൾ അടിയന്തരമായി ഒരുക്കാൻ ആർ.ടി.ഒമാർക്ക് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
സ്ലോട്ട് എടുത്തില്ലെങ്കിൽ ടെസ്റ്റിന് മാസങ്ങൾ കാത്തിരിക്കേണ്ടിവരും
കോഴിക്കോട്: ഡ്രൈവിങ് ടെസ്റ്റിന് സ്ലോട്ട് അനുവദിച്ചു കിട്ടിയിട്ടും ഹാജരാകാത്തവർക്ക് ടെസ്റ്റിന് വീണ്ടും അവസരം ലഭിക്കാൻ കാലതാമസമുണ്ടാകുമെന്ന് സൂചന. നിലവിൽ 40 പേർക്കുവീതം സ്ലോട്ട് അനുവദിച്ചതിനാൽ മൂന്നു മാസത്തേക്ക് ഏതാണ്ട് പൂർത്തിയായി.
നൂറിലധികം പേരുടെ ടെസ്റ്റ് നടത്തിയിട്ടും ലേണിങ് ടെസ്റ്റ് എടുത്താൽ രണ്ടരമാസത്തോളം കാത്തിരുന്നിട്ടാണ് കഴിഞ്ഞമാസംവരെ ഡ്രൈവിങ് ടെസ്റ്റിന് അവസരം ലഭിച്ചിരുന്നത്. അപേക്ഷകരുടെ എണ്ണം മൂന്നിലൊന്നായി കുറച്ചതിനാൽ ലേണിങ്ങിനുശേഷം ഇനി ആറുമാസമെങ്കിലും ടെസ്റ്റിന് കാത്തിരിക്കേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥർതന്നെ പറയുന്നത്.
ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സമരത്തെതുടർന്ന് ആറും ഏഴും ദിവസത്തെ ടെസ്റ്റ് വിവിധ ആർ.ടി.ഒകൾക്ക് കീഴിൽ മുടങ്ങി. അപേക്ഷക്കുള്ള സൈറ്റ് തുറന്നുകിടക്കുന്നതിനാൽ ടെസ്റ്റിന് ഹാജരാകാൻ കഴിയാത്തവരിൽ പലരും വീണ്ടും സ്ലോട്ട് ബുക്ക് ചെയ്തിട്ടുമുണ്ട്. സർക്കാർ നിലപാട് കർശനമാക്കിയതോടെ എങ്ങനെയെങ്കിലും സമരം അവസാനിപ്പിക്കാൻ നിർബന്ധിതരായിരിക്കുകയാണ് സമരക്കാരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.