ഉമ്മൻചാണ്ടിയുടെ നോമിനിയെയും വെട്ടി; സിദ്ദീഖിനെതിരെ എ ഗ്രൂപ്പിൽ അമർഷം
text_fieldsകോഴിക്കോട്: ഡി.സി.സി പ്രസിഡൻറ് സ്ഥാനത്തേക്ക് ഐ ഗ്രൂപ്പുകാരനെ പിന്തുണച്ചതിൽ കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് ടി. സിദ്ദീഖ് എം.എൽ.എക്കെതിരെ ജില്ലയിലെ എ ഗ്രൂപ്പുകാർക്ക് അമർഷം. സിദ്ദീഖിെൻറ മാനസഗുരുവായ ഉമ്മൻ ചാണ്ടി നിർദേശിച്ച പേരുപോലും വെട്ടിയതിലും എതിർപ്പ് ശക്തമാണ്. മുൻ ഡി.സി.സി പ്രസിഡൻറും എക്കാലത്തും എ.കെ. ആൻറണിയുടെയും ഉമ്മൻ ചാണ്ടിയുടെയും ഉറ്റ അനുയായിയുമായ കെ.സി. അബു പരോക്ഷവിമർശനവുമായി രംഗത്തെത്തിയതും ഭിന്നത വ്യക്തമാക്കുന്നു. ഇപ്പോൾ ഗ്രൂപ്പില്ലെന്ന് പറയുന്നത് ആത്മവഞ്ചനയാണെന്നാണ് അബുവിെൻറ പ്രതികരണം. മുതിർന്ന നേതാവായ കെ. ബാലകൃഷ്ണൻ കിടാവിെൻറ പേരായിരുന്നു ഉമ്മൻ ചാണ്ടി നൽകിയത്.
എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിൽ ബാലുശ്ശേരി നിയോജകമണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച നടൻ ധർമജൻ, ബാലകൃഷ്ണൻ കിടാവിനെതിരെ പരാതി നൽകിയിരുന്നു. ഇത്തരം പരാതികൾകൂടി കണക്കിലെടുത്ത് അദ്ദേഹത്തിെൻറ പേര് പ്രാഥമിക തലത്തിൽ തന്നെ ഒഴിവാക്കിയിരുന്നു. ജനകീയതയും സംഘാടക മികവും ഘടകക്ഷികളുമായുള്ള അടുപ്പവും മറ്റും കണക്കിലെടുത്താണ് പ്രവീൺ കുമാറിനെ പരിഗണിച്ചത്.
ജില്ലയിലെ പാർട്ടിയുടെ സ്ഥിതിഗതികൾ അറിയുന്ന കെ.സി. വേണുഗോപാലും സിദ്ദീഖും അടക്കമുള്ളവരുടെ വാക്കുകൾ വിശ്വാസത്തിലെടുത്തു. എ.കെ. ആൻറണിയുടെ അനുയായിയായ എം.കെ. രാഘവൻ എം.പിയും പ്രവീണിന് തുണയായതാണ് ജില്ലയിലെ എ ഗ്രൂപ്പിന് മറ്റൊരു തിരിച്ചടിയായത്. 15 വർഷമായി കൈയടക്കിയിരുന്ന ഡി.സി.സിയുടെ നേതൃത്വം കൈവിടുമെന്ന് നേരത്തേ തന്നെ ജില്ലയിലെ എ ഗ്രൂപ് നേതാക്കൾക്ക് വിവരം കിട്ടിയിരുന്നു. പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും കെ.പി.സി.സി നൽകിയ പട്ടികയിൽ മറ്റൊരു പേരില്ലാത്തതും വിനയായി.
എ ഗ്രൂപ്പിനുള്ളിൽ സിദ്ദീഖിനെതിരെ എതിർപ്പുണ്ടെങ്കിലും പാർട്ടി പുനഃസംഘടനയിൽ സിദ്ദീഖിെൻറ റോൾ പ്രധാനമായതിനാൽ കെ.സി. അബു ഒഴികെ ആരും പരസ്യമായി രംഗത്ത് വരാൻ തയാറല്ല. ഡി.സി.സിയിൽ സഹഭാരവാഹികളെ തീരുമാനിക്കുേമ്പാൾ സിദ്ദീഖിെൻറ അഭിപ്രായവും തേടുമെന്ന് എ ഗ്രൂപ് നേതാക്കൾക്കറിയാം. കെ.പി.സി.സി ഭാരവാഹികളെ തീരുമാനിക്കുന്നതിലും വർക്കിങ് പ്രസിഡൻറ് നിർണായകമാകും.
പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി.ഡി. സതീശനെ പിന്തുണച്ചതിൽ സിദ്ദീഖിനെതിരെ എ ഗ്രൂപ്പിൽ വിമർശനമുണ്ടായിരുന്നു. രാഹുൽ ഗാന്ധിയുടെ ശ്രദ്ധ പതിയുന്ന വയനാട്ടിലെ ജനപ്രതിനിധി കൂടിയായതിനാൽ കൂടുതൽ ഗ്രൂപ് കളിക്ക് സിദ്ദീഖിനും താൽപര്യമില്ല. അതേസമയം, കെ. മുരളീധരനും എം.കെ. രാഘവനുമുൾപ്പെടെയുള്ള നേതാക്കൾക്ക് ജില്ലയിലെ കോൺഗ്രസിൽ കൂടുതൽ സ്വാധീനം ഉറപ്പാക്കുന്നതാണ് പ്രവീൺ കുമാറിെൻറ അധ്യക്ഷപദവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.