മെഡിക്കൽ കോളജിൽ ഒ.പി ടിക്കറ്റിന് ഫീസ് ഈടാക്കാൻ നീക്കം
text_fieldsകോഴിക്കോട്: ഗവ. മെഡിക്കൽ കോളജിൽ ഒ.പി ടിക്കറ്റിന് ഫീസ് ഈടാക്കാൻ നീക്കം. ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി ആശുപത്രി വികസന സമിതി പ്രതിനിധികളുടെയും യുവജന സംഘടന പ്രതിനിധികളുടെയും യോഗം വിളിച്ചു. നവംബർ 21ന് മൂന്നിന് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ കോൺഫറൻസ് ഹാളിലാണ് യോഗം.
കഴിഞ്ഞ എച്ച്.ഡി.എസ് യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട നിർദേശം ഉയരുകയും തത്ത്വത്തിൽ തീരുമാനമാവുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് എതിർപ്പില്ലാതെ ഫീസ് ഏർപ്പെടുത്താനാണ് അധികൃതരുടെ നീക്കം. താൽക്കാലിക ജീവനക്കാരുടെ ശമ്പളമടക്കം ആശുപത്രി വികസന സമിതുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനാണ് ഒ.പി ടിക്കറ്റിന് ഫീസ് ഈടാക്കാൻ നിർദേശം ഉയർന്നത്. എച്ച്.ഡി.എസ് അംഗങ്ങളുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ എതിർപ്പ് ഉണ്ടായിരുന്നില്ല. തുടർന്നാണ് യുവജന, രാഷ്ടീയ പാർട്ടി പ്രവർത്തകരുടെ യോഗം വിളിക്കാൻ കലക്ടർ അധ്യക്ഷനായ യോഗം തീരുമാനിച്ചത്.
നിലവിൽ ഡോക്ടർമാരുടെയും നഴ്സുമാരുടെയും ടെക്നീഷ്യന്മാരുടെയും കുറവ് ഒരു പരിധിവരെ പരിഹരിക്കപ്പെടുന്നത് എച്ച്.ഡി.എസ് നിയമനങ്ങളിലൂടെയാണ്. ഇവർക്ക് ശമ്പളം നൽകുന്നതിനുതന്നെ ഭാരിച്ച തുക ഒരോ മാസവും വികസന സമിതി കണ്ടെത്തേണ്ടതുണ്ട്. ഇതോടൊപ്പം കാരുണ്യ ഇൻഷുറൻസ് പദ്ധതി വഴി ലഭിക്കാനുള്ള ഫണ്ട് സർക്കാറിൽനിന്ന് ലഭിക്കാത്തതും പ്രതിസന്ധി വർധിപ്പിച്ചു. ഈ സാഹചര്യത്തിൽ പുതിയ വരുമാനമാർഗം എന്ന നിലക്കാന്ന് ഒ.പി ടിക്കറ്റിന് ഫീസ് ഏർപ്പെടുത്താൻ യോഗത്തിൽ തിരുമാനമായത്. പ്രൈമറി ഹെൽത്ത് സെന്ററുകളിലടക്കം ഒ.പി ടിക്കറ്റിന് ചാർജ് ഈടാക്കുന്നുണ്ട്. അഞ്ച്, 10 രൂപയാണ് സർക്കാർ ആശുപത്രികളിൽ വാങ്ങുന്നത്. ഒ.പി ടിക്കറ്റിന് 20 രൂപ വരെ ഈടാക്കാൻ സർക്കാർ അനുമതിയുണ്ട്.
നിലവിൽ ഒരു ദിവസം 3000ത്തിലധികം രോഗികളാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി ഒ.പിയിൽ ടിക്കറ്റ് എടുക്കുന്നത്.
ഇവരിൽനിന്ന് ഒരു നിശ്ചിത ഫീസ് ഈടാക്കിയാൽ ആ വരുമാനം വികസന പ്രവത്തനങ്ങൾക്ക് ഉപയോഗിക്കാമെന്നാണ് എച്ച്.ഡി.എസ് നിലപാട്. നിലവിൽ എക്സ്റേ, സ്കാനിങ് മെഷീനുകളടക്കം കേടായാൽ അറ്റകുറ്റപ്പണി നടത്താൻ ഫണ്ടില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.