കുറ്റ്യാടി കനാൽ തുറക്കുന്നത് വൈകും
text_fieldsപെരുവണ്ണാമൂഴി: സപ്പോർട്ട് ഡാം നിർമാണത്തിന്റെ ഭാഗമായി കനാൽ പൊളിച്ചതിനാൽ ഇത്തവണ കുറ്റ്യാടി ജലസേചന പദ്ധതി കനാല്‍ തുറക്കുന്നത് വൈകാന്‍ സാധ്യത.
ഡാമുമായി കനാൽ യോജിപ്പിക്കുന്ന സ്ഥലത്ത് ഭിത്തി പൊളിച്ചുമാറ്റിയാണ് സപ്പോർട്ട് ഡാം നിർമിക്കുന്നത്. കനാല്‍ തുടങ്ങുന്ന ഭാഗത്ത് കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിച്ചിട്ടുണ്ട്. സപ്പോർട്ട് ഡാം നിർമാണം കനാലിന്റെ ഇടതുവശത്ത് പൂർത്തിയായി.
വലതുവശത്ത് നിർമാണം ആരംഭിച്ചിട്ടുണ്ട്. ഇടതുവശത്ത് സപ്പോർട്ട് ഡാമിന് നേരത്തെ കുഴിയെടുത്തതിനാൽ ഡാമിനു മുകളിലേക്കുള്ള പ്രവേശനത്തിന് സന്ദർശകർക്ക് വിലക്കുണ്ട്. ഇതിനാൽ റിസർവോയർ നേരിട്ട് കാണാൻ കഴിയില്ല. ഡാമിന് മുകളിലൂടെ പുഴകടന്ന് കാടിന്റെ സാമീപ്യം അനുഭവിക്കാനും സന്ദർശകർക്ക് കഴിഞ്ഞിരുന്നു.
വാച്ച് ടവറുള്ളതിനാൽ ചെറിയതോതിൽ അകലെ നിന്നെങ്കിലും റിസർവോയർ കാണാമെന്നതാണ് ആശ്വാസം. കനാൽ പൊളിച്ചതിനാൽ പെരുവണ്ണാമൂഴി മുതലപ്പാർക്കിലെ കുളം വറ്റി. കനാലിലൂടെയാണ് കുളത്തിൽ വെള്ളമെത്തിയിരുന്നത്.
വെള്ളമില്ലാത്തതിനാൽ മുതലകളെ സമീപത്തെ കൊച്ചുകുളത്തിൽ നിക്ഷേപിച്ചു.
കനാല്‍ തുടങ്ങുന്ന ഭാഗത്തും കോണ്‍ക്രീറ്റ് ഭിത്തി നിർമിച്ചിട്ടുണ്ട്. കനാൽ നിർമാണം അടുത്തമാസം പൂർത്തിയാവുമെന്നാണ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.