ഓപറേഷൻ ആഗ്: കോഴിക്കോട് ജില്ലയിൽ പിടിയിലായത് 283 പേർ
text_fieldsകോഴിക്കോട്: ഗുണ്ടകൾക്കും സാമൂഹിക വിരുദ്ധർക്കുമെതിരായ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ‘ഓപറേഷൻ ആഗ്’ എന്ന പേരിൽ നടത്തിയ പരിശോധനയിൽ ജില്ലയിൽ 283 പേർ പിടിയിൽ. സിറ്റി പൊലീസ് പരിധിയിൽ 97ഉം റൂറൽ പൊലീസ് പരിധിയിൽ 186 പേരുമാണ് പിടിയിലായത്. സിറ്റിയിൽ 69 സാമൂഹിക വിരുദ്ധരെയും എട്ട് വാറന്റ് കേസിൽ ഉൾപ്പെട്ടവരെയും മൂന്ന് പിടികിട്ടാപ്പുള്ളികളെയും മറ്റു കേസുകളിൽ ഉൾപ്പെട്ട ഏഴുപേരെയുമാണ് പിടികൂടിയതെന്ന് സിറ്റി പൊലീസ് മേധാവി രാജ്പാൽ മീണ അറിയിച്ചു. പൊലീസ് കാപ്പ പട്ടികയിൽ ഉൾപ്പെടുത്തിയവരും പിടിയിലായിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്.
പിടിയിലായവർ ഏതെല്ലാം പൊലീസ് സ്റ്റേഷനിലെ ഏതെല്ലാം കേസുകൾ, വാറന്റ് എന്നിവയിൽ ഉൾപ്പെട്ടവരാണ് എന്ന് പരിശോധിക്കുന്നുണ്ട്. കൂടുതൽ കേസിൽ ഉൾപ്പെടാത്തവരെ വിശദമായി ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തും. നിലവിലെ ഓപറേഷനിൽനിന്ന് ഒഴിവായവരെ തുടർന്ന് നിരീക്ഷിക്കുകയും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യും. ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ.ഇ. ബൈജു, മെഡിക്കൽ കോളജ്, ടൗൺ, ഫറോക്ക് അസി. കമീഷണർമാരായ കെ. സുദർശൻ, പി. ബിജുരാജ്, സിദ്ദിഖ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. സ്പെഷൽ ബ്രാഞ്ച് അസി. കമീഷണർ എ. ഉമേഷിന്റെ നേതൃത്വത്തിൽ ഗുണ്ടാസംഘങ്ങളിൽപെട്ടവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മേധാവി പറഞ്ഞു. റൂറൽ പൊലീസ് മേധാവി ആർ. കറുപ്പ സ്വാമിയുടെ നേതൃത്വത്തിൽ പേരാമ്പ്ര, നാദാപുരം, താമരശ്ശേരി, വടകര പൊലീസ് ഡിവിഷനുകളിൽനിന്നായി സാമൂഹിക വിരുദ്ധരായ 102 പേർ, മയക്കുമരുന്ന് കേസുകളിലുൾപ്പെട്ട 45 പേർ, വാറന്റ് പ്രതികളായ 26 പേർ, പിടികിട്ടാപ്പുള്ളികളായ 13 പേർ എന്നിവരാണ് പിടിയിലായത്.
പരിശോധന പുലർച്ച വരെ
ഓപറേഷൻ ആഗ് എന്ന പേരിൽ സാമൂഹിക വിരുദ്ധർക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള പൊലീസ് പരിശോധന ശനിയാഴ്ച രാത്രി 10ന് ആരംഭിച്ച് ഞായറാഴ്ച പുലർച്ച അഞ്ചിനാണ് അവസാനിച്ചത്. അഞ്ച് ജില്ല അതിർത്തികൾ കേന്ദ്രീകരിച്ചും ലോഡ്ജുകൾ, ഹോട്ടലുകൾ, ബാറുകൾ തുടങ്ങി 53 ഇടങ്ങളിലും പരിശോധന നടത്തി. പിടിയിലായവർക്കെതിരെ കരുതൽ നടപടി പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. ലഹരി ഉപയോഗം, വിൽപന, പിടിച്ചുപറി കേസുകളിൽ തുടർച്ചയായി ഉൾപ്പെട്ടവരെ ഗുണ്ട ലിസ്റ്റിൽ ഉൾപ്പെടുത്താൻ നടപടി തുടങ്ങിയിട്ടുണ്ട്.
സമൂഹിക വിരുദ്ധർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ല പൊലീസ് മേധാവി കറുപ്പ സ്വാമി പൊലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാർക്ക് കർശന നിർദേശം നൽകി. വിവിധ പൊലീസ് സ്റ്റേഷനുകളിൽനിന്ന് 15ഓളം പൊലീസുകാർ പരിശോധനയിൽ പങ്കെടുത്തു. പരിശോധനക്ക് ഡിവൈ.എസ്.പിമാരായ വി.വി. ലതീഷ് (നാദാപുരം), ആർ. ഹരിപ്രസാദ് (വടകര), എം.സി. കുഞ്ഞിമോയിൻ കുട്ടി (പേരാമ്പ്ര), ടി.കെ. അഷറഫ് (താമരശ്ശേരി) എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.