ഉത്തരവ് പിൻവലിച്ചു: റിയൽ എഫ്.എം പരിപാടികൾ തിരികെ
text_fieldsകോഴിക്കോട്: ദിവസങ്ങൾ നീണ്ട ആശങ്കകൾക്കൊടുവിൽ കോഴിക്കോട് ആകാശവാണി റിയൽ എഫ്.എം ചാനൽ പരിപാടികൾ പുനഃസ്ഥാപിക്കാനുള്ള ഉത്തരവ് പ്രസാർഭാരതിയിൽനിന്ന് ലഭിച്ചു. കോഴിക്കോടിന്റെ സ്പന്ദനമായ ആകാശവാണിയെ ജീവനെപ്പോലെ സ്നേഹിക്കുന്നവർക്ക് ഉത്തരവ് ആശ്വാസമായി.
ജനുവരി ഒന്നിനാണ് പ്രസാർഭാരതിയിൽനിന്ന് ചാനൽ റിലേ കേന്ദ്രമാക്കാനുള്ള ഉത്തരവ് വന്നത്. തിരുവനന്തപുരം ആകാശവാണിയുടെയും മുെെബ വിവിധ്ഭാരതിയുടെയും പരിപാടികളാണ് പകരം പ്രക്ഷേപണം ചെയ്യാൻ ആവശ്യപ്പെട്ടത്.
തീരുമാനം പിൻവലിച്ച് ചാനൽ പുനഃസ്ഥാപിച്ചെന്ന് 11ാം തീയതി പുതിയ ഉത്തരവ് വരുന്നതുവരെ ഈ രീതിയിലായിരുന്നു പ്രക്ഷേപണം നടന്നത്. പ്രസാർഭാരതിയുടെ റീബ്രാൻഡിങ്ങിന്റെ ഭാഗമായാണ് ചാനലിന്റെ പ്രാദേശിക പരിപാടികൾ നിർത്തി റിലേ കേന്ദ്രമാക്കാൻ ആവശ്യപ്പെട്ടത് എന്നാണ് വിവരം. വാർത്ത, വിനോദം, വാണിജ്യം എന്നിവക്ക് പ്രത്യേകം ഓരോ ചാനലുകൾ തുടങ്ങാനായിരുന്നു തീരുമാനം. പിന്നീട് ഈ മൂന്ന് ചാനലുകളെ പ്രസാർഭാരതിക്ക് കീഴിലുണ്ടാവൂ.
ഉത്തരവിനെതിരെ ആകാശവാണി ജീവനക്കാരും ചില സംഘടനകളും പ്രസാർഭാരതിയിലേക്കും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിലേക്കും നിവേദനങ്ങൾ നൽകിയിരുന്നു. ശ്രോതാക്കൾ ചേർന്ന് സമൂഹമാധ്യമങ്ങളിൽ ചാനൽ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി കൂട്ടായ്മ ഉണ്ടാക്കി കാമ്പയിനുകളും നടത്തി. കേന്ദ്രമന്ത്രി വി. മുരളീധരൻ, ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, എം.പിമാരായ എം.കെ. രാഘവൻ, കെ. മുരളീധരൻ, മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവരും പ്രശ്നത്തിൽ ഇടപെട്ടു.
കേരളത്തിൽ പരസ്യവരുമാനത്തിൽ രണ്ടാം സ്ഥാനമാണ് കോഴിക്കോട് ആകാശവാണിക്ക്. ഒന്നാമത് കൊച്ചിയാണ്. അതിനാൽ സാമ്പത്തിക നഷ്ടമെന്ന പേരിൽ ചാനൽ നിർത്തിവെക്കാനും കഴിയില്ല.
ഇതും പ്രസാർഭാരതിയെ തീരുമാനത്തിൽനിന്ന് പിന്തിരിപ്പിക്കാൻ കാരണമായി എന്നാണ് അറിയുന്നത്. മറ്റ് ചില സംസ്ഥാനങ്ങളിലും സമാന ഉത്തരവ് ഇറക്കിയെങ്കിലും പിന്നീട് പിൻവലിച്ചിരുന്നു.
"ആകാശവാണി കോഴിക്കോട്...''
ആകാശവാണിയെന്നത് കോഴിക്കോടിന്റെ ശബ്ദമാണ്. ഹൃദയത്തോട് ചേർത്തുവെക്കാവുന്ന ഒട്ടനവധി പരിപാടികളാണ് റിയൽ എഫ്.എം 103.6 ചാനലിലൂടെ നിത്യേന ഒഴുകിയെത്തിയിരുന്നത്. എഫ്.എമ്മിന് പുറമെ ആമ്പ്ലിറ്റ്യൂട് മോഡുലേഷനിൽ പ്രവർത്തിക്കുന്ന 648 കിലോ ഹെഡ്സ് പ്രാദേശിക പ്രാഥമിക ചാനലും കോഴിക്കോട് ആകാശവാണിക്കുണ്ട്. രണ്ട് ചാനലുകളിലായി എല്ലാ വിഭാഗത്തിലും കൂടി 200 ഒാളം ജീവനക്കാരുണ്ട്. പ്രാദേശിക ചാനലിന്റെ ട്രാൻസിസ്റ്റർ കാലപ്പഴക്കംചെന്നതിനാൽ ഇത് ഡിജിറ്റൽ രീതിയിലേക്ക് മാറ്റണമെന്ന ആവശ്യവും ഉണ്ട്. വർഷത്തിൽ ശരാശരി ഒന്നേമുക്കാൽ കോടി പരസ്യവരുമാനമാണ് ചാനലിനുള്ളത്. ബീച്ചിലെ ആകാശവാണിയുടെ കെട്ടിടത്തിലാണ് പരിപാടികൾ നടക്കുന്നത്. നിലവിൽ ആകാശവാണി സ്റ്റേഷൻ ഡയറക്ടർ പോസ്റ്റ് ഒഴിഞ്ഞുകിടക്കുകയാണ്. 2015ന് ശേഷം സ്ഥിര നിയമനങ്ങൾ ആകാശവാണിയിൽ നടന്നിട്ടില്ല. നിലവിൽ പ്രോഗ്രാം എക്സിക്യൂട്ടിവ് അടക്കം എല്ലാ നിയമനങ്ങളും കരാർവ്യവസ്ഥയിലാണ് നടക്കുന്നത്. റിയൽ എഫ്.എമ്മിന്റെ പരിധി മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകൾ വരെ കിട്ടുന്നുണ്ട്. കണ്ണൂർ, തിരുവനന്തപുരം, കൊച്ചി, മലപ്പുറം, തൃശൂർ, ഇടുക്കി ജില്ലകൾക്കാണ് നിലവിൽ സ്വന്തമായി ചാനൽ ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.