ആണധികാരം ചോദ്യം ചെയ്ത് 'ഓസ്കാർ പുരുഷു’
text_fieldsകൊല്ലം: അരങ്ങിനെ ആഘോഷമാക്കി തിരുവങ്ങൂർ ഹൈസ്കൂൾ സ്കൂൾ കലോത്സവത്തിൽ അവതരിപ്പിച്ച ‘ഓസ്കാർ പുരുഷു’ നാടകം. കുട്ടികളുടെ നാടകത്തിന്റെ രാഷ്ട്രീയമെന്തെന്ന് ഉറക്കെ പറയുന്ന നാടകം കൂടിയാണിത്. കവി വീരാൻകുട്ടിയുടെ ‘മണികെട്ടിയതിനു ശേഷമുള്ള പൂച്ചയുടെയും എലികളുടെയും ജീവിതം’ കവിതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം അധ്യാപകൻ ശിവദാസ് പൊയിൽക്കാവാണ് രചനയും സംവിധാനവും നിർവഹിച്ചത്. പൂച്ചക്ക് മണി കെട്ടുന്നതോടെ തീരുന്നതാണ് പഴയ കഥ. കവിതയിൽ പക്ഷേ, മണി കെട്ടുന്നതോടെ പ്രശ്നങ്ങൾ ആരംഭിക്കുകയാണ്.
എന്നാൽ നാടകം, അതിൽനിന്ന് മുന്നോട്ടു സഞ്ചരിച്ച് പുതിയകാല യാഥാർഥ്യങ്ങൾ സംസാരിക്കുന്നു. പുതിയ ശത്രുവിന് അത്തരം ഉപായങ്ങളെ അതിജീവിച്ച് കൂടുതൽ കരുത്തനാവാനുള്ള കഴിവുണ്ടെന്ന് പറയുന്നു.തട്ടിൻ പുറത്ത് എലികളെ കൊന്ന് വാറ്റി ഉന്മത്തനായി ജീവിക്കുന്ന പുരുഷു പൂച്ചയാണ് കേന്ദ്ര കഥാപാത്രം. പൂച്ച ക്ലബിന്റെ പ്രസിഡന്റ് എന്ന നിലയിൽ വിശിഷ്ട സ്ഥാനം അലങ്കരിക്കുന്ന പുരുഷുവിനെ നീലിയെലിയുടെ നേതൃത്വത്തിൽ എലികൾ വന്ന് മണി കെട്ടുന്നതോടെയാണ് പുരുഷുവിന്റെ ജീവിതം മാറിമറിയുന്നത്. രാപകൽ മണി കിലുക്കി നടന്ന് പുരുഷു നേതാവ് നീലിയുടെ ഉറക്കം കെടുത്തുന്നു.
ഗത്യന്തരമില്ലാതെ നീലി വന്ന് അവൾക്ക് മാത്രം അറിയാവുന്ന "എടാകൂടപ്പൂട്ട് " തുറന്ന് മണി ഒഴിവാക്കിത്തരുമെന്ന് പുരുഷു പ്രതീക്ഷിക്കുന്നു. പക്ഷേ, ദിവസങ്ങളോളം ഉറക്കം നഷ്ടപ്പെട്ട നീലി മനോവിഭ്രാന്തിയിലാകുന്നു. നീലിയെ കാണാതാകുന്നു. ഇതേ തന്ത്രം പുരുഷു മറ്റെലികളിലും പ്രയോഗിക്കുന്നു. ഗത്യന്തരമില്ലാതെ മണി തിരിച്ച് ചോദിക്കുന്ന എലികൾക്ക് മുന്നിൽ പുരുഷുപൂച്ച പൂച്ചസന്യാസിയായി അവതരിക്കുന്നു. സമാധി ദിവസം കൂട്ടക്കൊല നടത്താൻ പദ്ധതിയിട്ട പുരുഷുപ്പൂച്ച പക്ഷേ, എലികളുടെ സംഘബലത്തിനു മുന്നിൽ പതറിപ്പോകുന്നു.
കറുമ്പിപ്പൂച്ചയടക്കമുള്ള കറുത്തവരുടെ കാഹളത്തിനു മുന്നിൽ പുരുഷുപ്പൂച്ച പരാജയപ്പെടുന്നതോടെ നടകത്തിന് തിരശ്ശീല വീഴുന്നു. ആർ.എസ്. ദല, കീർത്തന എസ്. ലാൽ, ടി.വി. ആയിഷ ഹെബാൻ, ലക്ഷ്മിപ്രിയ, ശ്രീപാർവതി, ലിയാന ബീവി, ശിവാനി ശിവപ്രകാശ് എന്നിവരാണ് അഭിനേതാക്കൾ. ദൃഷാസായി, വി. വിശാല്, അർജുൻ ബാബു എന്നിവർ പിന്നണി ചേരുന്നു. നിവേദ്യ സുരേഷ്, എസ്.ബി. ഋതുനന്ദ, എ.എം. വൈഗ സിദ്ധാർഥ്, ലക്ഷ്മി പ്രിയ എന്നിവരാണ് പിന്നണി ഗാനം ആലപിച്ചത്.
കാവ്യകേളിയിൽ ചേന്ദമംഗല്ലൂരിന് ഇരട്ടനേട്ടം
മുക്കം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കാവ്യകേളി ഇനത്തിൽ ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിന് ഇരട്ടനേട്ടം. ഹയർ സെക്കൻഡറി വിഭാഗത്തിൽ കെ.എസ്. ശ്രീനന്ദയും ഹൈസ്കൂൾ വിഭാഗത്തിൽ ഒ.കെ. അനാമികയും എ ഗ്രേഡ് നേടി അഭിമാനകരമായ നേട്ടമാണ് കൈവരിച്ചത്. ഇതേ സ്കൂളിലെ മലയാളം അധ്യാപിക ഡോ. ഐശ്വര്യ വി. ഗോപാലാണ് രണ്ടുപേരെയും പരിശീലിപ്പിച്ചത്. നൈഫ ഫാത്തിമ ഉർദു പദ്യംചൊല്ലലിലും ആയിഷ തമന്ന ഇംഗ്ലീഷ് കവിത രചനയിലും ഈ വർഷം എ ഗ്രേഡ് നേടി അഭിമാനാർഹമായ നേട്ടം കൈവരിച്ചിട്ടുണ്ട്.
മലൈക ഒരു വിജയ മധുരത്തിന്റെ പേര്
കൊല്ലം: 2009ലെ സംസ്ഥാന സ്കൂൾ കലോത്സവം. കോഴിക്കോട് ആംഗ്ലോ-ഇന്ത്യൻ സ്കൂളിനാണ് ഒന്നാംസമ്മാനം. നൃത്തം പഠിപ്പിച്ച ഗുരുവിന് മകൾ ജനിച്ചതും ആ സമയം തന്നെ. അതിന്റെ സന്തോഷത്തിൽ ശിഷ്യർ ഗുരുവിന്റെ മകൾക്കായി കണ്ടെത്തിയ പേരാണ് മലൈക. ഇന്ന് സ്കൂളിന്റെയും ശിഷ്യരുടെയും പാരമ്പര്യം കൈവിടാതെ മലൈകയും നൃത്തവേദിയിലുണ്ട്. കേരള നടനത്തിലും സംഘനൃത്തത്തിലുമാണ് മലൈക മത്സരിച്ചത്.
കഴിഞ്ഞ വർഷം നാടോടി നൃത്തത്തിൽ എ ഗ്രേഡും സംഘനൃത്തത്തിൽ ഒന്നാം സ്ഥാനവുമുണ്ടായിരുന്നു. ഒമ്പതാംക്ലാസ് വിദ്യാർഥിനി മലൈക നിരവധി ടെലിവിഷൻ നൃത്ത പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. സിനിമ കൊറിയോഗ്രാഫർ സാബു ജോർജിന്റെയും ടിന്റുവിന്റെയും മകളാണ്. പിതാവ് തന്നെയാണ് മലൈകയുടെയും ഗുരു. ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ സിനിമയിലെ അവസാനരംഗത്തുള്ള നൃത്തത്തിന് ചുവടുകൾ ചിട്ടപ്പെടുത്തിയത് ഇദ്ദേഹമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.