ജീവന് വിലവെക്കാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ
text_fieldsമൃഗാശുപത്രിക്ക് സമീപം ഇരു ചക്രവാഹനം സ്വകാര്യ ബസ്
ഇടിച്ചു തെറിപ്പിച്ചപ്പോൾ
കോഴിക്കോട്: മനുഷ്യജീവനുകൾക്ക് പുല്ലുവില കൽപിക്കാതെയുള്ള സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ നഗരത്തിൽ അപകടം പതിവാകുന്നു. നഗരപരിധിയിൽ അമിതവേഗത്തിൽ ഹോൺ മുഴക്കി എത്തുന്ന സ്വകാര്യ ബസുകൾ ഇരുചക്ര വാഹന യാത്രികർക്ക് വൻ അപകട ഭീഷണിയാണ് ഉയർത്തുന്നത്.
ബുധൻ, വ്യാഴം ദിവസങ്ങളിൽ അമിതവേഗത്തിൽ എത്തിയ സ്വകാര്യ ബസുകൾ വരുത്തിയ അപകടങ്ങളിൽ തലനാരിഴക്കാണ് ആളപായം ഒഴിവായത്. വ്യാഴാഴ്ച മാനാഞ്ചിറ ഹെഡ് പോസ്റ്റ് ഓഫിസിന് സമീപം അമിതവേഗത്തിൽ പാഞ്ഞെത്തിയ സ്വകാര്യബസ് പിക് അപ് വാനിൽ ഇടിച്ചു. ഇത് ഏറെനേരം ഗതാഗതക്കുരുക്കിന് ഇടയാക്കി. കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സർവിസ് നടത്തുന്ന മണിയത്ത് ബസാണ് അപകടം വരുത്തിയത്. ബുധനാഴ്ച നഗരത്തിൽ ജില്ല മൃഗാശുപത്രിക്ക് സമീപം മറ്റൊരു വാഹനത്തെ മറികടന്നെത്തിയ സ്വകാര്യ ബസ് ബൈക്കിലിടിച്ചു. ബസിനടിയിൽപെട്ട ബൈക്കിനെ പെട്രോൾ പമ്പിലേക്ക് നിരക്കി നീക്കിയാണ് ബസ് നിർത്തിയത്. ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. കണ്ണൂർ കോഴിക്കോട് റൂട്ടിൽ സർവിസ് നടക്കുന്ന ശ്രീമുരുകൻ ബസാണ് അപകടം വരുത്തിയത്.
രണ്ടുമാസം മുമ്പ് സ്വകാര്യ ബസിന്റെ അമിതവേഗം കാരണമുണ്ടായ അപകടത്തിൽ 50ൽ അധികം പേർക്ക് പരിക്കേറ്റിരുന്നു. കണ്ണൂർ-കോഴിക്കോട്, കുറ്റ്യാടി റൂട്ടുകളിലാണ് മത്സരയോട്ടം ഭീഷണി കൂടുതൽ. മാവൂർ, മെഡിക്കൽ കോളജ് കുന്ദമംഗലം, ബാലുശ്ശേരി, തൃശൂർ, പാലക്കാട് റൂട്ടികളിൽനിന്നെത്തുന്ന ബസുകളും നഗരപരിധിയിൽ മത്സരിച്ചോടുന്നതും ജീവനക്കാർ പരസ്പരം പോർവിളി നടത്തുന്നതും പതിവ് കാഴ്ചയാണ്. മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലും ജീവനക്കാർ തമ്മിൽ സമയത്തെച്ചൊല്ലിയുള്ള തർക്കം അടിപിടിയിൽ കലാശിക്കുന്നതും പതിവാണ്. കൂടുതൽ കലക്ഷൻ ലഭിച്ചാൽ ജീവനക്കാർക്ക് ബത്ത കൂടുതൽ ലഭിക്കുമെന്നതിനാൽ ജീവൻ പണയംവെച്ചാണ് ഡ്രൈവർമാരുടെ മത്സരയോട്ടം. ബസുകൾ ഓട്ടോമാറ്റിക് ഡോർ സംവിധാനത്തിലേക്ക് മാറിയതോടെ ബസുകളിൽ ക്ലീനർമാർ ഉണ്ടാവില്ല. ഇത് കാരണം ഡ്രൈവർമാരുടെ മാത്രം നിയന്ത്രണത്തിലാണ് ബസ് ഓടുന്നത്.
യാത്രക്കാർ കയറുന്നതിനും ഇറങ്ങുന്നതിനും മുമ്പ് ബസ് മുന്നോട്ട് എടുക്കുന്നത് കാരണമുള്ള അപകടങ്ങളും ഉണ്ട്. ഇത്തരം സംഭവങ്ങൾ പലപ്പോഴും ജീവനക്കാർ മുഖവിലെക്കെടുക്കാറില്ല. യാത്രക്കാർ പരാതിപ്പെടാനും തയാറാവാറില്ല. അമിതവേഗം നിയന്ത്രിക്കാൻ മോട്ടോർ വാഹന അധികൃതരുടെ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. വലിയ അപകങ്ങളുണ്ടാവുമ്പോൾ ഒന്നോ രണ്ടോ ദിവസം മാത്രമാണ് കാര്യക്ഷമമായ പരിശോധന നടക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.